കാവേരിപൊയിൽ കോളനിയോട് ചേർന്ന വയലിന് സമീപം കണ്ടെത്തിയ കടുവയുടെ കാൽപാട്

കുറുക്കൻമൂലയിൽ വീണ്ടും കടുവ സാന്നിധ്യം

മാനന്തവാടി: ഒരുമാസത്തിലധികമായി ആക്രമണകാരിയായി നാട്ടുകാരുടെ ഉറക്കം കെടുത്തുകയും 13 ദിവസമായി അപ്രത്യക്ഷനാകുകയും ചെയ്ത കടുവയെക്കുറിച്ച്​ ഭീതി വിടാതിരിക്കെ, കുറുക്കൻമൂലയിൽ വീണ്ടും കടുവ. കാവേരി പൊയിൽ കോളനിയോട് ചേർന്ന വയലിന് സമീപം വനംവകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് പ്രദേശവാസികൾ കടുവയുടെ കാൽപാട് കണ്ടെത്തിയത്.

കൂടിന് സമീപം വനംവകുപ്പ് സ്ഥാപിച്ച സി.സി.ടി.വി കാമറ കഴിഞ്ഞദിവസം അഴിച്ചുമാറ്റിയിരുന്നു. പിന്നാലെയാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനം ജീവനക്കാർ കാൽപാട് കടുവയുടേതാണെന്ന് സ്ഥിരീകരിച്ചു. തൊട്ടടുത്ത പ്രദേശങ്ങളിൽ സ്ഥാപിച്ച രണ്ടു കാമറ ട്രാപ്പുകൾ പരിശോധിച്ചു.

ഇതിൽ ഒരു കാമറയിൽ വ്യാഴാഴ്ച രാത്രി 9.45ന് കടുവ വനമേഖലയിൽനിന്ന് വയൽകടന്ന് മറ്റൊരു വനത്തിലേക്ക് കടക്കുന്നതും ആറു മിനിറ്റിനുശേഷം വന്ന ഭാഗത്തേക്കു തന്നെ തിരികെ പോകുന്ന ദൃശ്യങ്ങളും പതിഞ്ഞതായി കണ്ടെത്തി. ആരോഗ്യമുള്ള കടുവയാണ് കാമറയിൽ പതിഞ്ഞത്. കഴുത്തിൽ മുറിവുകൾ കാണാനുമില്ല. കുറുക്കൻമൂലയിൽ നിരന്തര ആക്രമണം നടത്തിയ കടുവയല്ലെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ജനവാസകേന്ദ്രത്തിൽ എത്തിയ കടുവ വളർത്തുമൃഗങ്ങളെ പിടികൂടിയില്ലെന്നതിൽ ആശ്വസിക്കുകയാണ്​ നാട്ടുകാർ.

പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിക്കണം -ജില്ല വികസന സമിതി

കൽപറ്റ: മാനന്തവാടി താലൂക്കിലെ കുറുക്കന്‍മൂലയിലും പരിസര പ്രദേശങ്ങളിലും കടുവയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആനുപാതികമായ വര്‍ധനയോടെ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിക്കണമെന്ന് ജില്ല കലക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് രൂപവത്​കരിച്ച പ്രത്യേക സബ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കണമെന്ന് യോഗം ശിപാര്‍ശ ചെയ്തു.

വന്യജീവി ആക്രമണത്തില്‍ വനം വകുപ്പ് സാധാരണ നല്‍കുന്ന നഷ്ടപരിഹാരത്തിനു പകരമായി കുറുക്കന്‍മൂലയിലേത് പ്രത്യേക കേസായി പരിഗണിച്ച് വിപണി വിലയില്‍ ഉയര്‍ന്ന നഷ്ടപരിഹാരത്തിനാണ് സമിതിയുടെ ശിപാര്‍ശ.

മാനന്തവാടി സബ് കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗതീരുമാനത്തി‍െൻറ അടിസ്ഥാനത്തിലായിരുന്നു നഷ്ടപരിഹാര പാക്കേജ് തയാറാക്കുന്നതിന് സബ് കമ്മിറ്റി രൂപവത്​കരിച്ചിരുന്നത്.

കടുവയുടെ ആക്രമണത്തില്‍ 13 പേരുടെ 16 വളര്‍ത്തുമൃഗങ്ങളും മറ്റൊരു വന്യജീവി ആക്രമണത്തില്‍ പയ്യമ്പിള്ളി എളയിടത്ത് സ്വകാര്യ വ്യക്തിയുടെ ആടും നഷ്ടപ്പെട്ട കേസുകളിലാണ് പ്രത്യേക പാക്കേജിന് ശിപാര്‍ശ. സിവില്‍ സ്റ്റേഷനിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്‍, ടി. സിദ്ദിഖ്, ഒ.ആര്‍. കേളു, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സംഷാദ് മരക്കാര്‍, രാഹുല്‍ ഗാന്ധി എം.പിയുടെ പ്രതിനിധി കെ.എല്‍. പൗലോസ്, നഗരസഭ അധ്യക്ഷര്‍, സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, എ.ഡി.എം എന്‍.ഐ. ഷാജു, ജില്ല പ്ലാനിങ് ഓഫിസര്‍ ആര്‍. മണിലാല്‍, മറ്റു ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.

വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാനുള്ള നടപടികള്‍ കാര്യക്ഷമമാക്കണം. വന്യമൃഗങ്ങള്‍ക്ക് ആവാസമൊരുക്കുന്ന തരത്തില്‍ കാടുമൂടി കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റുകള്‍ കാടുവെട്ടിത്തെളിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. പട്ടികവർഗ വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി പട്ടിക തയാറാക്കി ഫണ്ട് ലഭ്യമാക്കുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കും.

കൽപറ്റ കൈനാട്ടി ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ ഐ.സി.യു പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് ടി. സിദ്ദിഖ് എം.എല്‍.എ ആവശ്യപ്പെട്ടു.

വൈത്തിരി താലൂക്ക് ആനമല കോളനിയില്‍ ടിന്‍ഷീറ്റു കൊണ്ട് നിർമിച്ച വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ ഭവന നിർമാണം അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന എം.എല്‍.എയുടെ ആവശ്യപ്രകാരം ഭവന നിർമാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ അറിയിച്ചു.

ടൂറിസം കേന്ദ്രങ്ങളിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിശ്ചയിക്കുമ്പോള്‍ തദ്ദേശ സ്ഥാപന ഭരണ സമിതിയുടെ നിര്‍ദേശംകൂടി പരിഗണിക്കണമെന്ന ജില്ല വികസന സമിതി തീരുമാനം സര്‍ക്കാറിനെ അറിയിക്കണമെന്ന എം.പി പ്രതിനിധിയുടെ ആവശ്യപ്രകാരം കുടുംബശ്രീ മിഷനെയും ഉള്‍പ്പെടുത്തി പ്രത്യക യോഗം ചേരുന്നതിന് യോഗം തീരുമാനിച്ചു. പട്ടികവർഗ വിദ്യാർഥികള്‍ക്ക് പ്ലസ് വണ്‍ സീറ്റ് ഉറപ്പുവരുത്തുന്നതിനായി ജില്ലയില്‍ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് അധിക ബാച്ച് അനുവദിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും.

യു.ഡി.എഫ് സമരം പിൻവലിച്ചു

മാനന്തവാടി: ഗാന്ധി പാർക്കിൽ പത്തു ദിവസമായി നടത്തിവന്ന റിലേ സത്യഗ്രഹം അവസാനിപ്പിച്ചതായി യു.ഡി.എഫ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

യു.ഡി.എഫി‍െൻറ ശക്തമായ നിലപാടും റിലേസത്യാഗ്രഹത്തി‍െൻറയും ഭാഗമായി കടുവ വിഷയത്തിൽ ജില്ല വികസന സമിതി യോഗത്തിൽ ജനകീയമായ തീരുമാനമുണ്ടായ സാഹചര്യത്തിലാണ്​ തീരുമാനം. വളർത്തു മൃഗങ്ങൾ നഷ്ടപ്പെട്ട ക്ഷീരകർഷകർക്ക് അനുകൂലമായി എടുത്ത തീരുമാനങ്ങളിൽ മാറ്റം വരുത്തിയാൽ ശക്തമായ സമരത്തിന് നേതൃത്വം നൽകും.

കടുവ ഭീതിയിൽ കഴിയുന്ന കുറുക്കൻമൂല പ്രദേശവാസികളുടെ ദുരിതത്തിന് പരിഹാരം കാണാൻ ഒത്തൊരുമിച്ച് നിൽക്കേണ്ടതിനുപകരം സി.പി.എം ​രാഷ്ട്രീയം കളിക്കുകയാണ്.

കടുവ ആക്രമണം മൂലം ഭീതിയിൽ കഴിയുന്ന കർഷകരടക്കമുള്ള സാധാരണക്കാർക്ക് പുറത്തിറങ്ങാനോ ജോലിക്ക് പോകാനോ കഴിഞ്ഞിട്ടില്ല. ഇവരെ സംരക്ഷിക്കാനും സാമ്പത്തിക സഹായം നൽകാനുമായി സ്പെഷൽ പാക്കേജ് പ്രഖ്യാപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്‍റ്​ എൻ.ഡി. അപ്പച്ചൻ, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, അഡ്വ. എൻ.കെ. വർഗീസ്, സി.കെ. രത്ന വല്ലി, പി.വി.എസ്. മൂസ, വി.വി. നാരായണവാര്യർ, ജേക്കബ് സെബാസ്റ്റ്യൻ, എ.എം. നിഷാന്ത്, ജോസഫ് കളപ്പുര എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - tiger presence at kurukkanmoola

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.