കല്പറ്റ: വയനാടിെൻറ ടൂറിസം മേഖല നേരിടുന്ന പ്രതിസന്ധികള്‍ നിയമസഭയില്‍ അക്കമിട്ട് നിരത്തി അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ. ടൂറിസം മേഖലയുടെ വികസനത്തിനായി നടപ്പാക്കേണ്ട കാര്യങ്ങളടക്കം എം.എല്‍.എ സഭയില്‍ അവതരിപ്പിച്ചു. ജില്ലയുടെ ഏറിയപങ്കും വനഭൂമിയും തോട്ടഭൂമിയും റവന്യൂഭൂമിയുമാണ്. കാര്‍ഷിക, ടൂറിസം മേഖലകളാണ് ജില്ലയുടെ പ്രധാന വരുമാന മാർഗം. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പ്രധാന പാതയാണ് മേപ്പാടി-ചൂരല്‍മല-അരുണപ്പുഴ റോഡ്. റോഡ് പ്രാവര്‍ത്തികമാക്കുന്നതിന് ഹാരിസണ്‍സ് മലയാളം ഉള്‍പ്പെടെ തോട്ടം ഉടമകളില്‍നിന്നും ഭൂമി വിട്ടുകിട്ടേണ്ടതുണ്ട്. ഇതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം വിളിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
വനഭൂമിയും വിട്ടുകിട്ടേണ്ടതുണ്ട്. ഇവ പരിഹരിച്ച്, കിഫ്ബി നിർത്തിവെച്ച റോഡിെൻറ പ്രവൃത്തി പുനരാരംഭിക്കാൻ അടിയന്തര നടപടിയുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.1994ല്‍ വിഭാവനംചെയ്ത പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡുമായി ബന്ധപ്പെട്ട് റിസര്‍വ് വനഭൂമി കടന്നുപോകുന്ന മേഖലയുണ്ട്. 52 ഏക്കര്‍ വിട്ടുകിട്ടുന്നതിനായി 104 ഏക്കര്‍ രണ്ട് പഞ്ചായത്തുകളിലായി പകരം നല്‍കിയിട്ടും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഭൂമി വിട്ടുനൽകിയിട്ടില്ല. ഇതിനു പരിഹാരമുണ്ടാവണം. വയനാട് ചുരത്തില്‍ ഗതാഗതതടസ്സം പതിവാണ്. റെയില്‍, എയര്‍ സൗകര്യമില്ലാത്ത ജില്ലയായ വയനാടിന് ചുരം ബദല്‍റോഡ് എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതിനും പരിഹാരമുണ്ടാവണം. വയനാട്-നഞ്ചന്‍കോട്-നിലമ്പൂര്‍ പാത യാഥാർഥ്യമാക്കി ദക്ഷിണേന്ത്യയിലെ അതിപ്രധാനമായ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ കല്പറ്റ മണ്ഡലത്തിലൂടെ പാത കടന്നുപോകാനുള്ള നടപടിയുണ്ടാകണം.
ഏഷ്യയിലെ ആദ്യത്തെ മികച്ച 10 ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്ന് മലബാര്‍ മേഖലയിലാണ്. കോവിഡുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളാണ് ടൂറിസം മേഖല നേരിടുന്നത്. അതിനെയെല്ലാം അതിജീവിക്കാനുള്ള പദ്ധതികൾ യാഥാർഥ്യമാക്കണം. വനംവകുപ്പ്, ഡി.ടി.പി.സി, കെ.എസ്.ഇ.ബി, ജലസേചന, പുരാവസ്തു, കൃഷി, പട്ടികവര്‍ഗ വകുപ്പുകൾ എന്നിവയുടെ കൈയിലാണ് ജില്ലയിലെ പല സ്ഥാപനങ്ങളും സ്ഥലങ്ങളുമുള്ളത്. ഇക്കാര്യത്തില്‍ വ്യക്തമായ ഏകോപനം ഉണ്ടാവണം. ഊട്ടി ഫ്ലവർ ഷോ, ദുബൈ ഫെസ്റ്റ് പോലെ 20 ദിവസമെങ്കിലും നീളുന്ന വയനാട് ഫെസ്റ്റ് വര്‍ഷത്തിലൊരിക്കല്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.