വെള്ളമുണ്ട: വയനാട്ടിലെ ആദിവാസി ഊരുകളിൽ കോവിഡ് കാലത്തും അനധികൃത സന്ദർശനങ്ങൾ വ്യാപകമാവുന്നു. രണ്ടാം തരംഗത്തിൽ പോസിറ്റിവ് കേസുകൾ വലിയ തോതിൽ ആദിവാസി കോളനികളിലാണ് കണ്ടെത്തിയത്. ഇതിൻെറ അടിസ്ഥാനത്തിൽ കോളനികളിലേക്ക് പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നിട്ടും ഒരുവിധ മാനദണ്ഡവും പാലിക്കാതെ, മുഖാവരണംപോലും ധരിക്കാതെയാണ് പലരും കോളനിസന്ദർശനം നടത്തുന്നത്.
ഗോത്രമനുഷ്യരെ പരിചയപ്പെടുത്താൻ എന്നപേരിൽ ചില വ്ലോഗർമാരും വിവിധ കച്ചവടക്കാരും ചുരം കയറി എത്തുന്ന വിനോദസഞ്ചാരികളുമാണ് കോളനികൾ കയറിയിറങ്ങുന്നത്. കർശന നിയന്ത്രണങ്ങളുള്ളതിനാൽ ഊരുകളിലുള്ള പഠനകേന്ദ്രങ്ങൾപോലും അടഞ്ഞുകിടക്കുന്ന ജില്ലയിലാണ് അനധികൃത സന്ദർശനങ്ങൾ. ഇത് രോഗവ്യാപന ഭീഷണിയുയർത്തുന്നു. കോഴിക്കോട്, കണ്ണൂർ, മലപ്പുറം തുടങ്ങിയ അയൽ ജില്ലകളിൽനിന്നാണ് പൊലീസിെൻറ കണ്ണുവെട്ടിച്ച് ആളുകൾ എത്തുന്നത്.
മറ്റു ജില്ലകളിൽനിന്ന് വരുന്ന സഞ്ചാരികൾക്ക് ഇത്തരം നിയമങ്ങളൊന്നും ബാധകമല്ലാത്തതു പോലെയാണ് പെരുമാറ്റം. ചുരത്തിലെ കാഴ്ച കാണാനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആളുകൾ ഒഴുകിയെത്തുകയാണ്. ആദിവാസികൾക്കിടയിലേക്ക് അഖിലേന്ത്യാ ടൂർ കഴിഞ്ഞുവരുന്ന വ്ലോഗർമാർ മാസ്കുപോലുമില്ലാതെ കടന്നുവരുന്നതായി പരാതിയുണ്ട്. മൂന്നാം തരംഗഭീഷണി നിലനിൽക്കുന്നതിനാൽ ഇത്തരക്കാരുടെ സന്ദർശനം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.