കോവിഡ് മഹാമാരി രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ ആശങ്കയുയർത്തിയത് ജില്ലയിലെ ആദിവാസി വിഭാഗത്തിനിടയിലെ രോഗവ്യാപനമായിരുന്നു. അടിസ്ഥാനസൗകര്യങ്ങളൊന്നും ഇല്ലാത്ത കോളനികളിൽ പോസിറ്റിവ് കേസുകൾ കൂടിയതോടെ രോഗനിയന്ത്രണത്തിന് വഴിതേടി നെട്ടോട്ടമോടുന്ന കാഴ്ച. ടോയ്ലറ്റുകളില്ലാത്ത, ഒന്നിനോടൊന്ന് ചേർന്നുനിൽക്കുന്ന വീടുകൾ, കുടിവെള്ളമില്ലാത്ത, വാഹനമെത്താൻ റോഡ്പോലുമില്ലാത്ത കോളനികൾ... പ്രാഥമിക സൗകര്യങ്ങളൊന്നുമില്ലാത്ത കോളനികളിൽ സമ്പർക്കവ്യാപനം കുറക്കുക എന്നത് വലിയ വെല്ലുവിളിയായി മാറുകയായിരുന്നു.
ആദിവാസികളുെട ഉന്നമനത്തിന് കോടികൾ അനുവദിക്കുമ്പോൾതന്നെ അവരോടുള്ള അവഗണന തുടരുന്നുവെന്നതാണ് വൈരുധ്യം. വയനാട്ടിലെ മൊത്തം ജനസംഖ്യയുടെ 18.5 ശതമാനം ആദിവാസികളാണ്. 2011ലെ കാനേഷുമാരി പ്രകാരം 1,84,021 ആദിവാസികൾ ഉണ്ടെന്നാണ് കണക്ക്. സർക്കാർ രേഖപ്രകാരം 16,000 ആദിവാസി കുടുംബങ്ങൾ ജില്ലയിലുണ്ട്. എന്നാൽ, 19,000 കുടുംബങ്ങൾ നിലവിൽ ജില്ലയിലുണ്ടെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. പണിയർ, കുറിച്യർ, കുറുമർ, കാട്ടുനായ്ക്കർ, അടിയാൻ, ഊരാളി എന്നിവരാണ് വയനാട്ടിലെ പ്രധാന ആദിവാസി വിഭാഗങ്ങൾ. വളരെയധികം പിന്നാക്കമായ വിഭാഗമാണ് പണിയർ.
വീടുനിർമാണം മുതൽ ആരോഗ്യസംരക്ഷണം വരെ കുത്തഴിയുന്നതും കാലങ്ങളായി സർക്കാർ ചെലവഴിച്ച കോടികൾ ഗോത്രജനതയുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാത്തതും എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരമില്ല. ഓരോ പഞ്ചായത്തും ത്രിതല സംവിധാനങ്ങളും ലക്ഷങ്ങൾ ആദിവാസികളുടെ സമഗ്ര വികസനത്തിനായി മാറ്റിവെക്കുമ്പോഴും ലക്ഷ്യംകാണാത്ത പദ്ധതികളുടെ കഥകൾ മാത്രമാണ് ബാക്കിയാവുന്നത്.
ജില്ലയിലെ 70 ശതമാനത്തിലധികം ആദിവാസിക്കുടിലുകൾ മഴക്കാലം പിന്നിടുന്നത് ദുരിതങ്ങളോടെയാണ്. പ്ലാസ്റ്റിക് കൂരകൾക്കുള്ളിൽ നനഞ്ഞൊലിച്ചുകഴിയേണ്ടിവരുന്നു പുതുതലമുറയും. പൊതുസമൂഹത്തിെൻറ പലതരത്തിലുള്ള ചൂഷണങ്ങൾ അനുഭവിക്കുന്നവരാണ് ആദിവാസികൾ. ഇന്ന് ആദിവാസികളെല്ലാം വനവാസികളല്ല.
ഭൂമിക്കായുള്ള നിലവിളി എത്രനാൾ തുടരണം?
ജില്ലയിലെ ആദിവാസി ഗോത്രവിഭാഗങ്ങളിൽ 50 ശതമാനത്തോളം ഭൂരഹിതരായിരുന്നു. 15 ശതമാനത്തിലധികം ഭവനരഹിതരുമാണ്. ഭൂസമരത്തിെൻറ പേരിൽ വോട്ടുബാങ്ക് ഉറപ്പിക്കാൻ രാഷ്ട്രീയക്കാർ ആദിവാസികള സമരത്തിന് തള്ളിവിട്ട് പിന്നിൽ നിൽക്കുമ്പോൾ നഷ്ടമായ സ്വത്വവും ജീവിതവും വീണ്ടെടുക്കാനാവാതെ ഭൂരിപക്ഷവും തളരുന്ന കാഴ്ചകളാണ് പിന്നീട് കണ്ടത്. ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും വിതരണം ചെയ്യാനാവശ്യമായ ഭൂമി കണ്ടെത്താൻ സർക്കാറിന് കഴിയുമെന്നിരിക്കെയാണ് നിരവധി ആദിവാസി കുടുംബങ്ങൾ ജില്ലയിൽ അധികൃതരുടെ കനിവിനായി ഓഫിസുകൾ കയറിയിറങ്ങേണ്ടിവരുന്നത്.
വനാവകാശ നിയമപ്രകാരമുള്ള ഭൂമിവിതരണംപോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. 2006ൽ യു.പി.എ സർക്കാർ കൊണ്ടുവന്ന വനാവകാശ നിയമപ്രകാരം 33,000 ആദിവാസികൾക്കാണ് ഭൂമി ലഭ്യമാകേണ്ടിയിരുന്നത്. വിതരണത്തിനുള്ള ഭൂമി വിവിധഭാഗങ്ങളിൽ കണ്ടെത്തിയിട്ടും പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ജില്ലയിൽ ആവശ്യത്തിന് സർവേയർമാരില്ലാത്തതാണ് വിതരണം വൈകുന്നതിന് കാരണമെന്നാണ് അധികൃതഭാഷ്യം. ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതിയിൽ ഒരു കുടുംബത്തിന് 10 ലക്ഷം രൂപ നൽകുന്നതും പലസ്ഥലത്തും അനന്തമായി നീളുകയാണ്. ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖലകളിലെ ആദിവാസികളെയടക്കം പുനരധിവസിപ്പിക്കുന്ന പദ്ധതിയും താളംതെറ്റി. 2001ൽ സെക്രട്ടേറിയറ്റിന് മുന്നിലെ കുടിൽകെട്ടൽ സമരവും 2003 ജനുവരി മൂന്നിന് മുത്തങ്ങ സമരവും ആദിവാസികളുടെ ഭൂമിക്ക് വേണ്ടിയുള്ള പ്രധാന പ്രക്ഷോഭങ്ങളായിരുന്നു. ഓരോ സമരകാലത്തും ഭരണകൂടം നൽകിയ വാഗ്ദാനങ്ങൾ ഫയലിലുറങ്ങുന്നതും അട്ടിമറിക്കപ്പെടുന്നതും തിരിച്ചടിയാവുന്നു.
വീടുകളുടെ പണി എന്ന് പൂർത്തിയാവും? കോളനിയിൽ എത്തുന്നവരോട് ആദിവാസി കുടുംബങ്ങൾ ആദ്യം ആരായുന്ന ചോദ്യമാണിത്. ഇവരുടെ വീടെന്ന സ്വപ്നം തറയിലും ചുമരിലും ഒതുങ്ങിയിട്ട് വർഷങ്ങൾ പിന്നിടുകയാണ്. വിവിധ പദ്ധതികളിലായി അനുവദിച്ച നൂറുകണക്കിന് വീടുകളാണ് ജില്ലയിലെ വിവിധ കോളനികളിൽ ഇപ്പോഴും പൂർത്തിയാവാതെ കാടുകയറുന്നത്. തറയുടെ പണിയും ചുമരിെൻറ പണിയും പൂർത്തിയായ വീടുകൾ, ചുമർ കെട്ടിയെങ്കിലും വാർക്കാത്ത വീടുകൾ, തേക്കാത്ത, വാതിലില്ലാത്ത, മൂത്രപ്പുരപോലുമില്ലാത്ത വീടുകൾ അങ്ങനെ നീളുന്നു ആദിവാസി ഭവനപദ്ധതി.
ചുമർ നിർമിക്കാനുള്ള കട്ട ഇറക്കിയശേഷം കരാറുകാരൻ മുങ്ങുന്ന അനുഭവങ്ങളും നിരവധി. ജില്ലയിലെ പണിയ വിഭാഗത്തിെൻറ 90 ശതമാനം വീടുകളും ചോർച്ച നേരിടുന്നവയാണെന്ന് സാമൂഹികപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. വീടുനിർമാണത്തിലെ അഴിമതി തുടർക്കഥയാണെങ്കിലും കരാറുകാർക്കെതിരെ നിയമനടപടി പ്രഹസനമാവുന്നതും ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതും ആദിവാസി ഭവനപദ്ധതികളുടെ ലക്ഷ്യം തെറ്റിക്കുന്നു.
ആദിവാസി കുട്ടികൾക്കായി പദ്ധതികൾ ഏറെയുള്ളപ്പോഴും സ്കൂളിെൻറ പടികാണാത്താവർ നിരവധിയുണ്ട്. പൊതുവിദ്യാഭ്യാസത്തിൽ ഇഴുകിച്ചേരാനുള്ള ആദിവാസി കുട്ടികളിലെ മടിയും അവരെ പരിഗണിക്കാത്ത വിദ്യാഭ്യാസ രീതിയുമാണ് തിരിച്ചടിയാവുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് മുമ്പ് നടത്തിയ പഠനത്തിൽ ജില്ലയിലെ സ്കൂളുകളിൽനിന്ന് ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വർധിച്ചതായി കണ്ടെത്തിയിരുന്നു. പ്രൈമറി തലത്തിൽ 6.10 ശതമാനവും യു.പിയിൽ 8.01, ഹൈസ്കൂൾതലത്തിൽ 1.55 എന്നിങ്ങനെയാണ് കൊഴിഞ്ഞുപോക്കെന്ന് പഠനം പറയുന്നു. കോവിഡ് കാലത്തിനുമുമ്പ് വനമേഖലയോട് ചേർന്ന ആദിവാസി കോളനികളിലെ നിരവധി കുട്ടികൾ സ്കൂളിൽ പോകാതെ ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിയുന്ന വിവരം വാർത്തയായിരുന്നു. മറ്റു കുട്ടികൾ സ്കൂളിൽ പോകുമ്പോൾ ഇവർ തോട്ടങ്ങളിലും കാടുകളിലും അലഞ്ഞുനടക്കുകയാണ്. മുതിർന്നവർക്കൊപ്പം തൊഴിലെടുത്തും കാട്ടുവിഭവങ്ങൾ ശേഖരിച്ചും കുട്ടികൾ ജോലിചെയ്യുന്നതും പതിവുകാഴ്ചയായിരുന്നു. കോവിഡിനെ തുടർന്ന് കോളനികളോട് ചേർന്ന് ആരംഭിച്ച ഓൺലൈൻ ക്ലാസുകളിലെ വിദ്യാർഥികളുടെ പങ്കാളിത്തം ആശാവഹമായിരുന്നു.
അനിയന്ത്രിതമായ ലഹരി ഉപയോഗം വ്യാപകമായതോടെ ആദിവാസി കോളനികളിൽ സ്വൈര്യജീവിതം നഷ്ടമാകുന്നു. മദ്യലഹരിക്കടിപ്പെട്ടവരുടെ പരാക്രമങ്ങളിൽ ഭീതിപൂണ്ട് സ്ത്രീകളും കുട്ടികളും കഴിയേണ്ടിവരുന്നു. കോളനികളിൽ അനധികൃത മദ്യവിൽപന സജീവമായതും വ്യാജവാറ്റ് വർധിച്ചതുമാണ് ആദിവാസികളുടെ ജീവിതതാളം തെറ്റിച്ചത്. അരിവാൾ രോഗം, ബീഡി രോഗം, പകർച്ചവ്യാധികളും ഇവെര വേട്ടയാടുന്നു.
കോവിഡ് വ്യാപനത്തിെൻറ രണ്ടാംതരംഗത്തിൽ പതിനായിരത്തോളം ആദിവാസികൾക്ക് രോഗം സ്ഥിരീകരിച്ചു. മേയ് 27ലെ കണക്ക് പ്രകാരം 5215 പോസിറ്റിവ് കേസുകളാണുണ്ടായിരുന്നത്. 3755 പേർക്ക് രോഗം ഭേദമായി. കോളനികളിലെ സമ്പർക്കസാധ്യത രോഗനിയന്ത്രണത്തിന് പ്രയാസമുണ്ടാക്കുന്നു.
വർഷങ്ങളായി പാതിവഴിയിലായ ആദിവാസി ഭൂമിവിതരണം ത്വരിതഗതിയിലാക്കി കാർഷികാധിഷ്ഠിത വരുമാനമാർഗം ആദിവാസി കുടുംബങ്ങൾക്ക് ലഭ്യമാക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ ജനാധിപത്യ ഊര് വികസന മുന്നണി നേതാവ് എം. ഗീതാനന്ദൻ. രണ്ട് പ്രളയത്തിലും കോവിഡ് വ്യാപനത്തിലും തൊഴിലും സാമ്പത്തികഅടിത്തറയും നഷ്ടപ്പെട്ട ആദിവാസികൾക്ക് അടിയന്തരമായി ഉപജീവനമാർഗമാണ് ലഭ്യമാക്കേണ്ടത്.
വെള്ളത്തിൽ മുങ്ങിയും ഉരുൾപൊട്ടിയും കിടപ്പാടവും ഭൂമിയും ഭീഷണിയിലായ ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം എത്രയും വേഗത്തിൽ പൂർത്തിയാക്കണം. ആദിവാസി ഭൂമി കൈമാറ്റംചെയ്യുന്നതിന് അനുവാദം നൽകുന്ന ചട്ടം തിരുത്തണം. ഭൂമി കൈമാറ്റം അനുവദിച്ചാൽ ഉള്ള കൃഷിഭൂമികൂടി ആദിവാസിക്ക് നഷ്ടപ്പെടുന്ന അവസ്ഥയാവും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.