വെള്ളമുണ്ട: വൈകിയെത്തുന്ന ഗോത്ര സാരഥി പദ്ധതി കാരണം ആദ്യമാസങ്ങളിലെ അടിസ്ഥാന പഠനം നഷ്ടപ്പെട്ട് ആദിവാസി വിദ്യാർഥികൾ. വിദ്യാലയം തുറന്ന് ക്ലാസുകളിൽ പഠനം ആരംഭിച്ചിട്ടും ഒരു ദിവസം പോലും എത്താത്തവരും ഒന്നോ രണ്ടോ ദിവസം മാത്രം ക്ലാസുകളിലെത്തിയവരുമായ ആദിവാസി കുട്ടികൾ നിരവധിയാണ്.
ആദിവാസി വിദ്യാർഥികളെ സ്കൂളിലെത്തിക്കുന്നതിനായി ഗോത്ര സാരഥി പദ്ധതി പ്രകാരം ഏർപ്പെടുത്തിയ വാഹനസൗകര്യം അധ്യയന വർഷത്തിന്‍റെ തുടക്കത്തിൽ ലഭിക്കാത്തതാണ് പലരുടെയും പഠനം മുടക്കുന്നത്. ജൂൺ, ജൂലൈ മാസങ്ങളിലെ അടിസ്ഥാന ക്ലാസുകൾ നഷ്ടപ്പെടുന്നത് കാരണം ഈ വിദ്യാർഥികൾ മറ്റുള്ളവർക്കൊപ്പം എത്താനാവാതെ പിന്നാക്കം പോകുകയാണ്. എല്ലാ വർഷവും ഗോത്ര സാരഥി പദ്ധതി നടപ്പാക്കാറുണ്ടെങ്കിലും ജൂലൈയിൽ മാത്രമാണ് തുടങ്ങാറുള്ളത്. ഇതുകാരണം അത്രയും ദിവസത്തെ പഠനം ഇവർക്ക് നഷ്ടപ്പെടുന്നു.
പദ്ധതി തുടങ്ങുന്നതു വരെ കോളനികളിലെ കുട്ടികൾ പഠനം നിർത്തി കൂലിവേലക്ക് പോകുന്നതും പതിവാണ്. വെള്ളമുണ്ട, തൊണ്ടർനാട്, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലേയും ദുർഘട വഴിയുള്ള സ്ഥലങ്ങളിലെയും കുട്ടികളാണ് പഠന വഴിയിൽ ഒറ്റപ്പെടുന്നത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാളാരംകുന്ന്, മംഗലശേരി, നെല്ലിക്കച്ചാൽ, പുളിഞ്ഞാൽ തുടങ്ങിയ ആദിവാസി കോളനികളിലെ നിരവധി കുട്ടികളാണ് പഠനം ഉപേക്ഷിച്ച് മുതിർന്നവർക്കൊപ്പം കൂലിപ്പണിക്ക് പോകുകയും വീടുകളിൽ തന്നെ കഴിയുകയും ചെയ്യുന്നത്. മലമുകളിലും വനത്തിനുള്ളിലുമുള്ള കോളനികളിലെ വിദ്യാർഥികളുടെ പഠനമാണ് വാഹന സൗകര്യമില്ലാത്തതിന്‍റെ പേരിൽ ഇല്ലാതാവുന്നത്.
ഇവരിൽ നല്ലൊരു ശതമാനവും വാഹന സൗകര്യം ഉള്ളതു കൊണ്ട് മാത്രം എത്തുന്നവരാണ്. സ്കൂൾ തുറന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും വാഹന സൗകര്യം ലഭിക്കാതായതോടെ ആദിവാസി വിദ്യാർഥികൾ കൂട്ടത്തോടെ പഠനം നിർത്തിയ അവസ്ഥയിലാണ്.
ബാണാസുര മലയടിവാരത്തിലെ കോളനിയിൽ മാത്രം ഇരുപതിലധികം വിദ്യാർഥികൾ പഠനം നിർത്തിയതായി ആദിവാസികൾ പറയുന്നു. കുത്തനെയുള്ള മല ഇറങ്ങി അഞ്ചു കിലോമീറ്ററിലധികം നടന്നു വേണം ഇവിടത്തെ കുട്ടികൾക്ക് സ്കൂളിലെത്താൻ. മറ്റ് കോളനികളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
കൃത്യമായി നടന്ന ഗോത്ര സാരഥി പദ്ധതി സ്കൂൾ തുറന്ന ആദ്യ ആഴ്ച തന്നെ ആരംഭിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല. ദുർഘട പാതകൾ താണ്ടി കുട്ടികളെ സ്കൂളിലെത്തിക്കാൻ മുതിർന്നവർക്ക് കഴിയാറുമില്ല. പകൽ മലമുകളിൽ കുട്ടികളെ ഒറ്റക്ക് നിർത്തി പണിക്ക് പോകാൻ കഴിയാത്തതിനാൽ തൊഴിലിടത്തിലേക്ക് കുട്ടികളെയും ഒപ്പം കൂട്ടുകയാണിവർ. ചെറിയ ചില പണികൾ എടുത്ത് കുട്ടികളും തോട്ടങ്ങളിൽ തങ്ങുകയാണ്. സ്കൂളിലെത്താത്ത കുട്ടികളെ തേടി അധ്യാപകർ ചെല്ലാറുണ്ടെങ്കിലും വാഹന സൗകര്യമില്ലാത്തതിനാൽ കുട്ടികൾ വരാൻ തയാറാകുന്നില്ല.
ഗ്രാമപഞ്ചായത്തും സ്കൂൾ അധികൃതരും ഗോത്ര സാരഥി പദ്ധതിയുടെ നടപടി ക്രമങ്ങൾ നേരത്തേ പൂർത്തിയാക്കിയിരുന്നെങ്കിലും തുടർനടപടികൾ വൈകുകയാണ്.
മാനന്തവാടി: എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിന് പിന്നാലെ വിജയിച്ചവരിൽ 3240 വിദ്യാർഥികൾ എവിടെ പഠിക്കുമെന്ന ആശങ്ക ഉയരുന്നു. ഇത്തവണ 12,181 പേർ പരീക്ഷ എഴുതിയതിൽ 11,946 പേർ വിജയിച്ചു.
ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലുമായി എല്ലാ വിഷയങ്ങൾക്കുമായി 8,706 സീറ്റുകൾ മാത്രമാണ് ഉള്ളത‌്. ഐ.ടി.ഐ ഉൾപ്പെടെയുള്ളവയിൽ പ്രവേശനം ലഭിച്ചാലും മൂവായിരത്തോളം വിദ്യാർഥികൾ പാരലൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരും.
മുൻ വർഷങ്ങളെ പോലെ ഒരോ വിഷയത്തിനും സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിലൂടെ മാത്രമേ നിലവിലെ പ്രശ്നങ്ങൾക്ക് നേരിയ പരിഹാരം കണ്ടെത്താനാകൂ. ജില്ലയിലെ 830 കുട്ടികളാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷമിത് 2,566 ആയിരുന്നു. സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ നിന്ന് 6,987 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 6,798 പേരും (97%) എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 4,716 പേര്‍ പരീക്ഷക്കിരുന്നപ്പോൾ 4,670 പേരും (99%) യോഗ്യരായി. ആകെ 235 പേര്‍ അയോഗ്യരായി.
ഗവ. സ്‌കൂളുകളില്‍ നിന്ന് 189 പേരും എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 46 പേരുമാണ് തുടര്‍ പഠന യോഗ്യരാവാതിരുന്നത്. വിജയിച്ച കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ജില്ലയിൽ സീറ്റുകളില്ലാത്തതിനാൽ പട്ടിക വർഗ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ പ്ലസ് വൺ പ്രവേശത്തിന് പുറത്താകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.