2009ൽ പെരുങ്കുളത്തുണ്ടായ വൻ ഉരുൾപൊട്ടലിനെ തുടർന്നാണ് പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള ചർച്ച ആരംഭിക്കുന്നത്. അന്നത്തെ ഉരുൾപൊട്ടലിൽ ഒരു ആദിവാസി സ്ത്രീ മരിക്കുകയും വീടും ഏക്കർകണക്കിന് സ്ഥലവും നാമാവശേഷമാവുകയും ചെയ്തു.
ചീര എന്ന ആദിവാസി സ്ത്രീയുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടൽ പ്രദേശത്തെ ഭീതിയിലാഴ്ത്തി. ഉരുൾപൊട്ടലിനെ തുടർന്ന് സ്ഥലം സന്ദർശിച്ച് പഠനം നടത്തിയവരെല്ലാം ഈ ഭാഗത്തെ ഭൂമി വാസയോഗ്യമല്ലെന്ന് കണ്ടെത്തി.
മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഇവിടെ ആവർത്തിക്കുമെന്ന മുന്നറിയിപ്പും നൽകി. പഠനങ്ങൾക്കൊടുവിൽ ഈ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. പിന്നീട് നടപടികളൊന്നുമുണ്ടായില്ല. നടപടികൾ ഫയലിലുറങ്ങുമ്പോഴും പ്രകൃതിദുരന്തങ്ങൾ ആവർത്തിച്ചു. രണ്ടുവർഷം മുമ്പത്തെ ഉരുൾപൊട്ടലിൽ കോളനിവാസികൾ രക്ഷപ്പെട്ടത്
തലനാരിഴക്കായിരുന്നു. പെരുങ്കുളം സമരഭൂമിക്ക് സമാനമായി മലയുടെ മറുവശത്തെ വാളാരംകുന്ന് ആദിവാസി കോളനിയിലും ദുരന്തങ്ങൾ പതിവായി.
കഴിഞ്ഞ പ്രളയസമയത്ത് മൂന്നിലധികം സ്ഥലത്ത് വാളാരംകുന്നിലും വൻതോതിലുള്ള മണ്ണിടിച്ചിലുണ്ടായി. കുട്ടികളും വൃദ്ധരുമടക്കം നൂറോളം ആളുകളുള്ള കോളനിയിൽനിന്ന് പുലർച്ച ആളുകൾ ഓടിരക്ഷപ്പെടുകയായിരുന്നു. വീടുകളുടെ അരികിലൂടെ വെള്ളവും മണ്ണും ശക്തമായി ഒഴുകി താഴേക്ക് പതിച്ചത് ഇന്നും ഭീതിയോടെയാണിവർ ഓർക്കുന്നത്. കാറ്റടിച്ചാൽ പറന്നുപോകുന്ന കൂരകൾക്കരികിലൂടെ ദുരന്തം ഒഴുകിനീങ്ങിപ്പോയെന്ന് അവർക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ബാണാസുര മലമുകളിലെ വാളാരംകുന്നിന് മുകളിൽ പണിയ, കാട്ടുനായ്ക്ക വിഭാഗത്തിലെ ഇരുപതോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് കഴിയുന്നത്.
വാളാരംകുന്നിലും ക്വയറ്റുപാറയിലുമായി 73 കുടുംബങ്ങളുള്ളതില്‍ 68 കുടുംബങ്ങളെയാണ് ഇപ്പോള്‍ മാറ്റിപ്പാര്‍പ്പിക്കേണ്ട പട്ടികയിലുള്ളത്. ഇവര്‍ക്കെല്ലാമായി 20 ഏക്കറിലധികം ഭൂമി മലമുകളിൽ തലമുറകളായി കൈവശംവെച്ച് കൃഷി നടത്തിവരുന്നുണ്ട്.
രണ്ടേക്കര്‍ ഭൂമി വരെ കൈവശംവെച്ച് കൃഷിനടത്തുന്ന കുടുംബങ്ങള്‍ക്ക് കേവലം പത്ത് സെൻറുകൊണ്ട് പ്രയോജനമില്ലെന്നും തങ്ങള്‍ വിട്ടൊഴിഞ്ഞുപോവുന്ന ഭൂമിക്ക് പകരമായി അത്രതന്നെ ഭൂമി കിട്ടണമെന്നുമാണ് ആദിവാസികളുടെ ആവശ്യം.
ഈ ആവശ്യം അംഗീകരിക്കുംവരെ ഭൂമി വിട്ടുപോവില്ലെന്നുകാണിച്ച് കലക്ടര്‍, പട്ടികവർഗ വകുപ്പ്, വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് കോളനിവാസികൾ കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു. 2018ലെ പ്രളയത്തെത്തുടര്‍ന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ ഈ കോളനികളിലെ ചില ഭാഗങ്ങള്‍ താമസയോഗ്യമല്ല എന്നു കണ്ടെത്തി. തുടർന്നാണ് പുനരധിവാസ പദ്ധതി ആരംഭിച്ചത്. ആദിവാസികള്‍ക്ക് നല്‍കാനായി നാരോക്കടവ്, ആലക്കണ്ടി തുടങ്ങിയ ഇടങ്ങളില്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ, പുനരധിവാസ പദ്ധതിക്കുപിന്നിൽ ദുരൂഹതയുണ്ടെന്ന സംശയമാണ് ആദിവാസികളുയർത്തുന്നത്. ഒരു സൗകര്യവുമില്ലെങ്കിലും ഒന്നര പതിറ്റാണ്ടിലധികമായി കൈവശം വെക്കുന്ന ഭൂമിയും കോളനിയും രേഖകളിൽ നിന്നും ഒഴിവാക്കപ്പെടുമെന്ന് അവർ ഭയക്കുന്നു. പതിറ്റാണ്ടുകളായി ഒരുമിച്ച് താമസിക്കുന്ന കുടുംബങ്ങളെ വ്യത്യസ്ത പ്രദേശങ്ങളിലേക്ക് മാറ്റുന്നതിനുപിന്നിൽ വൻകിട ക്വാറിമാഫിയ സംഘങ്ങളുടെ ഇടപെടലുണ്ടെന്നാണ് ആദിവാസികൾ ഉന്നയിക്കുന്ന പരാതി.
ആദിവാസികളെ മുഴുവൻ കുടിയിറക്കുന്നതിനെതിരെ ട്രൈബൽ വകുപ്പും. കുഞ്ഞോം ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസറാണ് മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
വാളാരംകുന്ന്, പെരുങ്കുളം കോളനികളിലെ ഭൂരിപക്ഷം കുടുംബങ്ങൾക്കും പ്രദേശം വിട്ടുപോകാൻ താൽപര്യമില്ലാത്തതിനാൽ അവിടെ താമസിക്കാൻ താൽപര്യപ്പെടുന്നവരെ അതിന് അനുവദിക്കണം.
പ്രകൃതിദുരന്തമുണ്ടാകുന്ന മഴക്കാലത്ത് മാത്രം മാറിത്താമസിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും പുനരധിവാസ പദ്ധതി നടപ്പാക്കുമ്പോൾ അവരുടെ ഭൂമി പിടിച്ചെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തമായ ഉത്തരവ് ഇറക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.