കല്പറ്റ: കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് ജില്ല യു.ഡി.എഫ് ചെയര്മാന് പി.പി.എ. കരീം, കണ്‍വീനര്‍ എന്‍.ഡി. അപ്പച്ചന് എന്നിവര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെ ബഫര്‍ സോണ്‍ സംബന്ധിച്ച് സംസ്ഥാന സർക്കാർ നല്കിയ ശിപാര്‍ശ പ്രകാരമാണ് കേന്ദ്രം പരിസ്ഥിതി ലോല മേഖല പ്രഖ്യാപിച്ചിട്ടുള്ളത്. വന്യജീവി സങ്കേതങ്ങളുടെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ പാലിക്കാതെയും നിയമവശങ്ങള്‍ പരിഗണിക്കാതെയും പ്രദേശത്തെ ജനജീവിതത്തെ ദുരിതപൂര്‍ണമാക്കുന്ന തരത്തിലുള്ളതാണ് കരട് വിജ്ഞാപനം.
കാര്‍ഷിക മേഖലയുടെ തകര്‍ച്ച കൊണ്ടു തന്നെ പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നതിന് കരട് വിജ്ഞാപനം കാരണമാകും. കാടും നാടും വേര്‍തിരിച്ച് വന്യജീവികളെ വനാതിര്‍ത്തിക്കുള്ളില്‍ നിലനിര്‍ത്തണമെന്നും ജനവാസ കേന്ദ്രങ്ങളെയും കൃഷിഭൂമിയെയും പരിസ്ഥിതിലോല മേഖലയില്‍നിന്ന് ഒഴിവാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്ക പങ്കുവെക്കുന്നതിനും അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുന്നതിനും ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കാന്‍ കലക്ടര്‍ തയാറാവണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
സുൽത്താൻ ബത്തേരി: കരട് വിജ്ഞാപനം പിൻവലിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയാറായില്ലെങ്കിൽ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് കോൺഗ്രസ് സുൽത്താൻ ബത്തേരി ബ്ലോക്ക് കമ്മിറ്റി. ജനത്തെ മറന്ന് ഇവിടത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടാണ് കരട് വിജ്ഞാപനത്തിെൻറ അടിസ്ഥാനം. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി പരിധി നിശ്ചയിക്കാനുള്ള മര്യാദപോലും വനം വകുപ്പ് കാണിച്ചില്ല. കാടും നാടും വേർതിരിച്ച് വനസംരക്ഷണത്തിന് സർക്കാർ തയാറാവണം.
പാവപ്പെട്ടവന് കുടിവെള്ളത്തിന് കിണർ കുഴിക്കാൻ പോലും അനുവാദം നൽകാതെയല്ല വന്യമൃഗങ്ങളെ സംരക്ഷിക്കേണ്ടത്. പ്രാദേശിക ഭരണ നേതൃത്വങ്ങളുമായി ചർച്ച ചെയ്യാതെ ഏകാധിപത്യ രീതിയിലാണ് ജനങ്ങളെ ബാധിക്കുന്ന കാര്യത്തിൽ വനം വകുപ്പ് നിയമങ്ങൾ നിർമിക്കുന്നത്. പ്രസിഡൻറ് ഉമ്മർ കുണ്ടാട്ടിൽ അധ്യക്ഷത വഹിച്ചു. സക്കരിയ മണ്ണിൽ, റ്റിജി ചെറുതോട്ടിൽ, കെ.എം. വർഗീസ്, പി. ഉസ്മാൻ, ശ്രീജി ജോസഫ്, ജയ മുരളി, കെ.വി. ബാലൻ, സി.കെ. ബഷീർ, ജേക്കബ് ആപ്പിൾ, വിജയൻ നൂൽപ്പുഴ എന്നിവർ സംസാരിച്ചു.
കൽപറ്റ: കരട് വിജ്ഞാപനം വയനാട്ടിലെ ജനങ്ങളോടും കർഷകരോടുമുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് കെ.സി. റോസക്കുട്ടി ടീച്ചർ. സുൽത്താൻ ബത്തേരി, മാനന്തവാടി മേഖലകളിലെ ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി 118.59 ചതുരശ്ര കി.മീ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നത് കർഷകരുടെ ജീവിതം ദുരിതത്തിലാക്കും. ജനുവരി 28ന് വന്ന കരട് വിജ്ഞാപനത്തിനെതിരെ സംസ്ഥാന സർക്കാർ നിലപാട് സ്വീകരിക്കാത്തതിൽ ദുരൂഹതയുണ്ട്.
കാടിനെ ആശ്രയിച്ചുകഴിയുന്ന ഒരു വിഭാഗം ജനതയുടെ ജീവനോപാധിയെ തന്നെ ഇല്ലാതാക്കും. മരംമുറിക്കൽ, വനവിഭവ ശേഖരണം എന്നിവക്ക് നിയന്ത്രണമോ നിരോധനമോ നിലവിൽവരും. കാർഷിക വിളകളെ വന്യജീവികളിൽനിന്ന് സംരക്ഷിക്കാൻ പെടാപ്പാടുപെടുന്ന കർഷകരാണ് ഇവിടെയുള്ളത്.
ആറളം സംരക്ഷിത വനമേഖലയുടെ ഭാഗമായി വരുന്ന തിരുനെല്ലി വില്ലേജും മലബാർ വന്യജീവി സങ്കേതത്തിെൻറ പരിധിയിൽ വരുന്ന തരിയോട്, പൊഴുതന, അച്ചൂരാനം, കുന്നത്തിടവക വില്ലേജുകളും പരിസ്ഥിതിലോല മേഖലയാക്കി പ്രഖ്യാപിച്ചതിലുള്ള ജനങ്ങളുടെ പ്രതിഷേധം കെട്ടടങ്ങുംമുമ്പാണ് പുതിയ കരട് വിജ്ഞാപനം. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്ന കരട് വിജ്ഞാപനത്തിൽനിന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പിന്മാറണമെന്ന് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ വിജ്ഞാപനം ബത്തേരി നിയോജക മണ്ഡലത്തെ തന്നെ ഇല്ലാതാക്കും. സംസ്ഥാന സർക്കാറിെൻറ നിർദേശമില്ലാതെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് ഇങ്ങനെയൊരു വിജ്ഞാപനം പുറപ്പെടുവിക്കാൻ കഴിയില്ല.
വിജ്ഞാപനം നടപ്പായാൽ പതിനായിരക്കണക്കിന് ആളുകൾ നാടുവിട്ട് പോകേണ്ടിവരും. വിജ്ഞാപനത്തിനെതിരെ പ്രതിഷേധിക്കാൻ എല്ലാ വയനാട്ടുകാരും മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡൻറ് സമദ് കണ്ണിയൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.കെ. മുസ്തഫ, നിസാം കല്ലൂർ, നൗഷാദ് മംഗലശ്ശേരി, ഹാരിസ് ബനാന, അസീസ് വേങ്ങൂർ, അഷറഫ് അമ്പലവയൽ, ഇ.പി. ജലീൽ, ഷബീർ, ഷമീർ മീനങ്ങാടി, റിയാസ് കൈനാട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.