കൽപറ്റ: ജില്ലയില്‍ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളടക്കം മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങളുടെ പരിശോധന വരും ദിവസങ്ങളില്‍ കര്‍ശനമാക്കാന്‍ ജില്ലതല ഏകോപന സമിതി യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല ജോയന്റ് ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരകുന്നേലിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിലവില്‍ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ജില്ലാതല സ്ക്വാഡ് വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധികളില്‍ പരിശോധന നടത്തിവരുന്നു.
80,000 രൂപ ഇതുവരെ പിഴ ചുമത്തി. 170 കിലോ നിരോധിത ഉൽപന്നങ്ങള് പിടിച്ചെടുത്തു. പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളായ പേപ്പര്‍ പ്ലെയ്റ്റ്, പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ കപ്പ്, കാരി ബാഗ് തുടങ്ങിയവ വ്യാപകമായി സൂക്ഷിക്കുകയും വിപണനം ചെയ്യുന്നതും കണ്ടെത്തിയതിനെ തുടര്‍ന്നാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനതലത്തില്‍ സ്ക്വാഡ് ശക്തമാക്കാന്‍ തീരുമാനിച്ചത്.
വരും ദിവസങ്ങളില്‍ എല്ലാ തദ്ദേശ സ്ഥാപന സ്ക്വാഡും, ജില്ല തല സ്ക്വാഡും പരിശോധന നടത്തും. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുള്ള മറ്റ് നിയമ ലംഘനങ്ങളും സ്ക്വാഡ് പരിശോധിക്കും. ഹരിതകർമ സേനയുടെ പ്രവര്‍ത്തനം, വാതില്‍പ്പടി സേവനം, യൂസര്‍ ഫീ ശേഖരണം 100 ശതമാനം കൈവരിക്കല്‍, ശുചിത്വ മിഷന് കാമ്പയിനായ ‘മഴയെത്തും മുമ്പേ മനുഷ്യ ഡ്രോണുകള്‍’, സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ‘കൈകള്‍ കോര്‍ത്ത് കരുതലോടെ -കരുതലും കൈത്താങ്ങും’ എന്നീ കാമ്പയിനുകളില്‍ ആവശ്യമായ നടപടി സ്വീകരിക്കുവാനും യോഗം നിര്‍ദേശിച്ചു.
തൊഴിലുറപ്പ് പദ്ധതി ജെ.പി.സി പ്രീതി മേനോന്, പഞ്ചായത്ത് ഉപ ഡയറക്ടര്‍ പി. ജയരാജന്, ജില്ല ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ പി. അനില്‍, പി.സി.ബി പരിസ്ഥിതി എൻജിനീയര്‍ എം.എ. ഷിജു, ശുചിത്വ മിഷന് ജില്ല കോഓഡിനേറ്റര്‍ സി.കെ. അജീഷ് ചെറിയ കോലോത്ത്, ശുചിത്വ മിഷന് അസി. ഡയറക്ടര്‍ വി.എം. അബ്ദുല്ല, നവകേരളം ജില്ല കോഓഡിനേറ്റര്‍ ഇ. സുരേഷ് ബാബു, കുടുംബശ്രീ ജില്ല മിഷന് കോഓഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്മണ്യം, വിവിധ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.