വെളളമുണ്ട: ആദിവാസി വിദ്യാർഥികളെ സ്കൂളിലെത്തിക്കുന്നതിനായി തുടങ്ങിയ വിദ്യാവാഹിനി പദ്ധതിയിലെ പരാതികൾക്ക് പരിഹാരമാകാത്തത് ഗോത്രവിഭാഗത്തിലെ കുട്ടികളുടെ പഠനം മുടക്കുന്നു. വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ വിളിച്ച് ട്രൈബൽ വകുപ്പ് പദ്ധതി ഏറ്റെടുത്തെങ്കിലും കുറഞ്ഞ തുകയാണ് അനുവദിക്കുന്നതെന്ന കാരണം ഉന്നയിച്ച് പല സ്കൂളുകളിലും പദ്ധതി തുടങ്ങിയില്ല.
സർക്കാർ മാനദണ്ഡപ്രകാരം കിലോമീറ്ററിന് 20 രൂപയാണ് വാഹനങ്ങൾക്ക് ലഭിക്കുക. ഈ തുകയെക്കാൾ ഉയർന്ന ക്വട്ടേഷനാണ് വാഹന ഉടമകൾ നൽകിയത്. ഇതോടെ സർക്കാർ മാനദണ്ഡപ്രകാരം പദ്ധതി നടക്കില്ല എന്ന അവസ്ഥയാണ്.
വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുകളിൽ പൂർണമായും പദ്ധതി നിലച്ചു. സർക്കാർ നിശ്ചയിച്ച നിരക്കിൽ ഓടാൻ കഴിയില്ലെന്ന് രേഖാമൂലം ഡ്രൈവർമാർ അറിയിച്ചതിനെ തുടർന്ന് എം.എൽ.എ, ഡി.ഡി.ഇ തുടങ്ങിയവർക്ക് പ്രധാനാധ്യാപകർ പരാതി നൽകി.
അധ്യയന വർഷം തുടങ്ങിയ ജൂൺ ഒന്നു മുതൽ വിദ്യാവാഹിനി ഓട്ടം തുടങ്ങാൻ വിദ്യാലയങ്ങൾക്ക് നിർദേശം നൽകിയിരുന്നെങ്കിലും പദ്ധതിയിലെ തുക പരിഷ്കരിക്കാതെ ഓടാൻ കഴിയില്ലെന്നാണ് വാഹന ഉടമകൾ പറയുന്നത്. വാഹന സൗകര്യം ലഭിക്കാതായതോടെ ആദിവാസി വിദ്യാർഥികൾ സ്കൂളിലെത്താത്ത അസ്ഥയിലാണ്. പണിയ വിഭാഗത്തിലെ കുട്ടികളാണ് വിദ്യാലയങ്ങളിലെത്താത്തത്.
കൃത്യമായി നടന്ന ഗോത്രസാരഥി പദ്ധതി ഈ വർഷം മുതൽ വിദ്യാവാഹിനി എന്ന പേര് നൽകി പരിഷ്കരിച്ച് ട്രൈബൽ വകുപ്പിനെ ഏൽപ്പിക്കുകയായിരുന്നു. ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ ലഭിക്കുന്ന വാഹനങ്ങൾക്ക് വിദ്യാലയങ്ങളിൽ നിന്ന് പദ്ധതി നൽകുകയുമായിരുന്നു കഴിഞ്ഞവർഷം വരെ ചെയ്തിരുന്നത്.
പുതിയ പദ്ധതി പ്രകാരം സർക്കാർ നിശ്ചയിച്ച തുകയിൽ കൂടുതലുള്ള ക്വട്ടേഷനുകൾ സ്വീകരിച്ചിട്ടില്ല. അധ്യയനം തുടങ്ങി ഒരു മാസം തികയാറായിട്ടും വിരലിലെണ്ണാവുന്ന ഗോത്ര കുട്ടികൾ മാത്രമാണ് ക്ലാസുകളിൽ എത്തുന്നത്.
പദ്ധതി നടപ്പിലാവാത്തത് കാരണം രക്ഷിതാക്കളും അധ്യാപകരും ആശങ്കയിലാണ്. ക്വട്ടേഷൻ അനുവദിച്ചതിലും വ്യാപക ക്രമക്കേടുണ്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്. കിലോമീറ്റർ ചാർജ് ക്രമപ്പെടുത്തിയതേടെ കൂടുതൽ കിലോമീറ്റർ കാണിച്ച് വലിയ തുക അനുവദിച്ചതായും ആരോപണമുണ്ട്.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ മംഗലശ്ശേരി മലയിൽ നിന്നും തൊട്ടടുത്ത വിദ്യാലയത്തിലേക്ക് നാലര കിലോമീറ്റർ മാത്രമാണ് ദൂരം. 28 കിലോമീറ്ററാണ് അനുവദിച്ച ക്വട്ടേഷനിൽ കാണിച്ചതെന്നാണ് പരാതി. സമാന പരാതി പലഭാഗങ്ങളിൽ നിന്നും ഉയർന്നിട്ടുണ്ട്. കോളനിയിൽ നിന്നും വിദ്യാലയത്തിലേക്കുള്ള ദൂരമാണ് ട്രൈബൽ വകുപ്പ് പരിഗണിച്ചത്. ചിലയിടങ്ങളിൽ ഇതിനെ മറികടന്നാണ് കിലോമീറ്റർ രേഖപ്പെടുത്തിയത്.
പുതുതായി ഇറക്കിയ സർക്കാർ നിർദേശത്തിലെ മാനദണ്ഡ പ്രകാരം തൊട്ടടുത്ത വിദ്യാലയങ്ങളിലേക്ക് മാത്രമാണ് വിദ്യാവാഹിനി അനുവദിക്കുക. ഇത് മറികടന്ന് ദൂരെയുള്ള വിദ്യാലയങ്ങളിലേക്ക് പോകുന്ന വണ്ടികളിൽ കുട്ടികളെ ഉൾപ്പെടുത്തുന്നതും വിവാദമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.