വെള്ളമുണ്ട: കേരളത്തിലെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി വിഭാഗക്കാരായ ഉദ്യോഗാർഥികളുടെ നിയമന നടപടികൾ വേഗത്തിലാക്കണമെന്ന സർക്കാർ ഉത്തരവ് മറികടക്കാൻ വഴിവിട്ട നീക്കം നടക്കുന്നതായി ആക്ഷേപം. പി.എസ്.സി വഴി ജോലി ലഭിച്ചവരുടെ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി നിയമനം നടന്നതായി കാണിക്കാനുള്ള നീക്കമാണ് നടന്നത്. വെള്ളമുണ്ടയിലെ ഒരു എയ്ഡഡ് വിദ്യാലയത്തിൽ വർഷങ്ങൾക്ക് മുമ്പ് കുറച്ചുകാലം ജോലി ചെയ്ത അധ്യാപികയുടെ വികലാംഗ സർട്ടിഫിക്കറ്റ് വെച്ച് ഭിന്നശേഷി നിയമനം നടന്നതായി കാണിച്ചതായാണ് വിവരം. ഈ അധ്യാപിക പി.എസ്.സി വഴി ജോലി ലഭിച്ച മറ്റൊരു വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. മാനന്തവാടി താലൂക്കിലാണ് ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ പുതിയ നിയമനം അട്ടിമറിക്കാൻ ശ്രമമുണ്ടായത്.
അധ്യാപിക വിദ്യാലയത്തിൽ മുമ്പ് ഭിന്നശേഷി ഒഴിവിലല്ല നിയമിതയായതെന്ന വിവാദവും ഉയർന്നിട്ടുണ്ട്. ഭിന്നശേഷി നിയമനമാണെങ്കിലും കഴിഞ്ഞ കുറെ വർഷങ്ങളായി അധ്യാപിക അവിടെ ജോലി ചെയ്യുന്നുമില്ല. പുതിയ നിയമനം നടത്തുന്നതിന് പകരം അധ്യാപികയുടെ രേഖകൾ ഉപയോഗിച്ച് നിയമനം നടത്തിയതായി കാണിച്ച് ഒഴിവ് നികത്താനുള്ള നീക്കമാണ് നടന്നത്.
ഭിന്നശേഷി നിയമനം നടന്നതായി കാണിച്ചാൽ മാത്രമാണ് ജനറൽ അധ്യാപക നിയമനം സാധുവാകുക. സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം സംബന്ധിച്ച് സർക്കാർ മാർഗ നിർദേശം മുമ്പ് വന്നിരുന്നു. 1996 മുതൽ 2017 വരെയുള്ള നിയമനങ്ങളിൽ നടപ്പാക്കേണ്ടിയിരുന്ന ഭിന്നശേഷി സംവരണം മുൻകാല പ്രാബല്യത്തോടെ 2018 നവംബർ 18 മുതലുള്ള ഒഴിവുകളിൽ നികത്തണമെന്ന് കഴിഞ്ഞ വർഷം ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇത് നികത്താതെ 2018 നവംബർ മുതൽ നടത്തിയ നിയമനങ്ങൾ അംഗീകരിക്കില്ലെന്ന് സർക്കാറും അറിയിച്ചിരുന്നു. ഇതിനെതിരെ സ്കൂൾ മാനേജർമാരും നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരും ഹൈകോടതിയിൽ ഹരജി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നിയമനങ്ങൾക്ക് താൽക്കാലിക അംഗീകാരം നൽകാൻ നിർദേശമുണ്ടായത്. ഇതിന്റെ മറവിലാണ് നിലവിൽ മറ്റൊരു വിദ്യാലയത്തിൽ ജോലി ചെയ്യുന്നവരുടെ സർട്ടിഫിക്കറ്റുകൾ വെച്ച് നിയമനം നടന്നതായി കാണിക്കാനുള്ള നീക്കം നടക്കുന്നത്. ഭിന്നശേഷി ഉദ്യോഗാർഥികളെ ആവശ്യപ്പെട്ട് സ്കൂൾ മാനേജർ എംപ്ലോയ്മെന്റ് ഓഫിസർക്ക് നൽകിയ അപേക്ഷ ഫോമിന്റെ പകർപ്പും ഒഴിവുകളുടെ വിവരങ്ങളും ഹാജരാക്കി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ നിലവിലുള്ളവർക്ക് താൽക്കാലിക അംഗീകാരം നൽകുക.
എന്നാൽ, ഈ ഒഴിവു നികത്തുന്നതിന് പകരം നിയമനം നടത്തിയതായി കാണിച്ച് തടിതപ്പാനുള്ള നീക്കമാണ് നടക്കുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ മാനന്തവാടി എ.ഇ.ഒ ഓഫിസിൽനിന്ന് ഈ ഫയലുകൾ തൽക്കാലം മാറ്റി അസ്സൽ രേഖകൾ ഹാജരാക്കാൻ മാനേജർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് വിവരം. ഭിന്നശേഷി വിഭാഗത്തിൽ പുതിയ നിയമനങ്ങൾ നടത്തി ഒഴിവ് നികത്താതെ ജനറൽ അധ്യാപകരെ നിയമിക്കുന്നതിനാണ് വഴിവിട്ട നീക്കം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.