വെള്ളമുണ്ട: സുഹൃത്തിനെ രക്ഷിക്കാനാവാത്ത സങ്കടത്തിൽ ബിജു. കടുവയാക്രമണത്തിൽ കൊല്ലപ്പെട്ട പുതുശ്ശേരി ആലക്കൽ പള്ളിപ്പുറത്ത് തോമസിന്റെ സഹപാഠിയും സുഹൃത്തുമായ ബിജുവിന് കൂട്ടുകാരന്റെ വേർപാട് വിശ്വസിക്കാനാവുന്നില്ല.
വ്യാഴാഴ്ച രാവിലെ എട്ടോടെ സമീപത്തെ വയലിൽ നിന്ന് കടുവയുടെ പോലുള്ള അലർച്ചകേട്ട് പുറത്തിറങ്ങിയതായിരുന്നു ബിജു. സമീപത്തെ വയലിൽ പുല്ല് ചെത്തുകയായിരുന്ന സെലിൻ കുര്യൻ കടുവയെ കണ്ടതായി പറഞ്ഞതോടെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
വനംവകുപ്പ് ജീവനക്കാരെത്തി പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉള്ളതായി സ്ഥിരീകരിച്ചശേഷം പ്രദേശവാസികളോട് പുറത്തിറങ്ങരുതെന്ന വനംവകുപ്പിന്റെ കർശന നിർദ്ദേശം അനുസരിച്ചാണ് ബിജു വയലിൽ നിന്നും ഭീതിയോടെ തിരിച്ചു പോയത്.
സമീപവാസികൾക്കൊപ്പം കൂട്ടുകാരനെയും കൊണ്ട് മറ്റൊരു വണ്ടിയിൽ പോകുന്നതിനിടയിലും ഇത് തോമസിന്റെ അവസാന യാത്രയാണെന്ന് ഒരിക്കലും ബിജു കരുതിയിരുന്നില്ല.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ വനം വകുപ്പ് അധികൃതർ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചെങ്കിലും ആവശ്യമായ ആയുധങ്ങൾ ഇല്ലാത്തതിനാൽ അവയെടുക്കാൻ തിരിച്ചുപോയ സമയത്തായിരുന്നു ആക്രമണം. ആ സമയത്ത് കൂട്ടുകാരൻ തോമസ് തോട്ടത്തിൽ ഉണ്ടായിരുന്നതായി ബിജുവിന് വിശ്വസിക്കാനാവുന്നില്ല.
അറിഞ്ഞിരുന്നുവെങ്കിൽ തോമസിനെയും കൂട്ടി വീട്ടിലേക്ക് പോകുമായിരുന്നുവെന്ന് ബിജു പറഞ്ഞു. ചെറുപ്പം മുതലേ സുഹൃത്തുക്കളായിരുന്നു തോമസും ബിജുവും.
വെള്ളമുണ്ട: കടുവയുടെ മുന്നിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്നറിയാതെയുള്ള ഞെട്ടലിലാണ് സെലിൻ കുര്യൻ. വെള്ളാരംകുന്ന് പ്രദേശത്ത് കടുവയെ കൺമുന്നിൽ ആദ്യം കാണുന്നത് വയലിൽ പുല്ല് ചെത്തുകയായിരുന്നു സെലിനാണ്.
സമീപത്തെ വയലിൽ നിന്ന് എന്തോ ഒരു അനക്കം കേട്ട് തല ഉയർത്തിനോക്കിയപ്പോഴാണ് 50 മീറ്റർ അകലത്തിൽ കടുവ നിൽക്കുന്നത് കണ്ടത്. എങ്ങനെ തിരിഞ്ഞോടി എന്നും എങ്ങനെ രക്ഷപ്പെട്ടെന്നും സെലിൻ കുര്യന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.
ഓടുന്നതിനിടയിൽ സമീപത്തെ തോട്ടിൽ മറിഞ്ഞുവീണെന്നും അവിടെ നിന്ന് എഴുന്നേറ്റ് ഓടാൻ കഴിഞ്ഞത് എങ്ങനെയെന്നും തനിക്കറിയില്ലെന്ന് സെലിൻ പറഞ്ഞു. വന്യജീവിയെപോലുള്ള ജീവിയെ കണ്ടതായി രാവിലെ തൊഴിലുറപ്പ് പണിക്ക് എത്തിയവർ പറഞ്ഞിരുന്നു. വന്യമൃഗങ്ങളെ ഇതുവരെ കാണാത്ത സ്ഥലമാണെന്ന ധൈര്യത്തിലാണ് വെള്ളാരംകുന്ന് വെള്ളായിക്കൽ പടിക്കൽ പുല്ലരിയാൻ സെലിൻ ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.