വെള്ളമുണ്ട: ബാണാസുര ജലസേചന പദ്ധതിയുടെ ഭാഗമായി നടക്കുന്ന കനാൽ പ്രവൃത്തിക്ക് ഫില്ലർ നിർമിക്കുന്നതിന് പൈലിങ് നടത്തിയ മണ്ണ് നിറഞ്ഞ് ഡാം റോഡ് ചളിക്കുളമായി. അഞ്ചു മീറ്ററോളമാണ് കുഴിച്ചു താഴ്ത്തിയത്. ചളി നിറഞ്ഞ റോഡിലുടെ കടന്നു പോകുന്ന വാഹനങ്ങൾക്കും നാട്ടുകാർക്കും ദുരിതമായി. റോഡ് കുഴിച്ചു മാസങ്ങളായിട്ടും ഇവിടെ ഫില്ലർ വർക്ക് നടത്തി റോഡ് പഴയ സ്ഥിതിയിലാക്കാൻ അധികൃതർ തയാറായിട്ടില്ല.
മഴ തുടങ്ങിയതോടെയാണ് റോഡ് ചളിക്കുളമായത്. ഇരുചക്ര വാഹനങ്ങൾ ചളിയിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവായി. ബാണാസുരസാഗർ ഡാമിലേക്ക് ദിനേന കടന്നുപോകുന്ന നൂറുകണക്കിന് വാഹനങ്ങൾ ഇതോടെ പ്രയാസപ്പെടുകയാണ്. പ്രവൃത്തിക്കായി പരിസരത്ത് താമസിക്കുന്ന വീട്ടുകാരുടെ വഴി ഇടിച്ചു നിരത്തിയത് മൂലം വീട്ടിൽ നിന്ന് പുറത്തുപോകാനും കഴിയാത്ത അവസ്ഥയുണ്ട്.
റോഡ് കുഴിച്ചപ്പോൾ ഉടനടി പരിഹരിക്കുമെന്ന് കരാറുകാരൻ ഉറപ്പു നൽകിയിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും ഇത് പരിഹരിക്കുന്നതിന് ആവശ്യമായ ഒരു നടപടിയും അധികൃതർ കൈക്കൊണ്ടില്ലെന്ന് മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ. ഹാരിസ് പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് എക്സിക്യൂട്ടിവ് എൻജിനീയർ സ്ഥലത്തെത്തുകയും രണ്ടു ദിവസത്തിനുള്ളിൽ തന്നെ പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.