വെള്ളമുണ്ട: ഒന്നാം ഹരിത വിപ്ലവം നടപ്പാക്കാൻ സർക്കാർ ഉണ്ടായിരുന്നെങ്കിൽ രണ്ടാം ഹരിത വിപ്ലവം കർഷകർ സ്വയം ഏറ്റെടുത്ത് ചെയ്യേണ്ടതാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക്. കോഫി ഫാർമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സി.എഫ്.എഫ്.ഐ) അഖിലേന്ത്യ സമ്മേളനം വെള്ളമുണ്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോർപറേറ്റുകളാണ് രണ്ടാം ഹരിത വിപ്ലവത്തിന് നേതൃത്വം നൽകുന്നത്. കാർഷിക ഉൽപന്നങ്ങളുടെ വിപണനത്തിൽ കർഷകർക്ക് ഒരു പങ്കും ലഭിക്കുന്നില്ല. വ്യാപാരത്തിനുള്ള എല്ലാ നിയന്ത്രണവും കോർപറേറ്റുകൾക്കാണ്. കോർപറേറ്റുകളാണ് ഇന്ന് കാർഷിക മേഖലയെ നിയന്ത്രിക്കുന്നത്.
വിത്ത് മുതൽ വിളവെടുപ്പ് വരെ കോർപറേറ്റുകളാണ് തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ ഉൽപന്നങ്ങൾക്ക് വിലസ്ഥിരതയില്ലാതാവുകയും കർഷകർ ചൂഷണത്തിന് വിധേയരാവുകയും ചെയ്യുന്നു. കാപ്പി വിലനിർണയ സംവിധാനം തകർന്നുപോയതോടെ ഏറ്റവും കുറഞ്ഞ വിലയാണ് കർഷകന് ലഭിക്കുന്നത്.
വിലസ്ഥിരത ഉറപ്പുവരുത്തുകയും വിളശേഖരണത്തിനുള്ള മാർഗമുണ്ടാക്കുകയും വേണം. കർഷകൻ തന്നെ കാപ്പി നേരിട്ട് പൊടിച്ച് ബ്രാൻഡ് ചെയ്ത് വിപണിയിൽ ഇറക്കിയാൽ മാത്രമേ ഇടനിലക്കാരുടെ ചൂഷണം അവസാനിക്കുകയുള്ളൂ. മാന്യമായ സാമ്പത്തിക ഭദ്രത കർഷകന് ഉറപ്പാക്കാൻ ഇത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അഖിലേന്ത്യ കിസാൻ സഭ കേന്ദ്ര കമ്മിറ്റി അംഗം ഡി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പി. കൃഷ്ണപ്രസാദ്, നവീൻകുമാർ, ഡോ. പ്രസാദ്, എ.എൻ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. കെ. റഫീഖ്, പ്രത്യൂഷ് എന്നിവർ നേതൃത്വം നൽകി. കാർഷിക മേഖലയിലെ കോർപറേറ്റ് വത്കരണം, വിലയിടിവ്, സഹകരണ സംരംഭക ബദൽ തുടങ്ങി വിവിധ വിഷയങ്ങൾ ആദ്യദിനം ചർച്ചചെയ്‌തു.
കാപ്പി കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലെ കർഷകരുടെ കൂട്ടായ്മയിൽ രൂപവത്കരിച്ച സംഘടനയുടെ പ്രഥമ അഖിലേന്ത്യ സമ്മേളനമാണിത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 134 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സമാപന ദിവസമായ വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് വെള്ളമുണ്ട എട്ടേനാലിൽ നടക്കുന്ന പൊതുസമ്മേളനം മുൻമന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.