വെള്ളമുണ്ട: മാനന്തവാടി-നിരവിൽ പുഴ റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ സംഘർഷം പതിവാകുന്നു. വിദ്യാർഥികളെ കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ദിവസങ്ങളായി തുടരുന്ന സംഘർഷങ്ങൾക്ക് കാരണം. വെള്ളമുണ്ട എട്ടേനാൽ, പത്താം മൈൽ തുടങ്ങിയ പ്രധാന ടൗണുകളിലെല്ലാം നാട്ടുകാരും ബസ് ജീവനക്കാരും തമ്മിൽ വാക്കുതർക്കം പതിവാകുകയാണ്.
ചൊവ്വാഴ്ച നിരവിൽപുഴയിലേക്കുള്ള സ്വകാര്യ ബസിൽ കയറാൻ നിന്ന വിദ്യാർഥിനിയോട് മോശമായി പെരുമാറി എന്നാരോപിച്ച് ഏട്ടേനാലിൽ നാട്ടുകാരും ബസ് ജീവനക്കാരും തമ്മിൽ ഏറെനേരം സംഘർഷമുണ്ടായി. വെള്ളമുണ്ട സ്റ്റേഷനിൽനിന്ന് പൊലീസുകാർ എത്തിയാണ് താൽക്കാലിക പരിഹാരം ഉണ്ടാക്കിയത്.
മാനന്തവാടി ഭാഗത്തേക്ക് പോകുന്ന യാത്രക്കാരെ കയറ്റുന്നതിന് ഏർപ്പെടുത്തിയ സ്റ്റോപ്പിന് 100 മീറ്റർ മാറി പാൽ സൊസൈറ്റിക്ക് സമീപത്തുനിന്ന് മറ്റു യാത്രക്കാരെ കയറ്റുകയും ശേഷം കുട്ടികൾക്ക് അരികിലെത്തി ബസിൽ സ്ഥലമില്ലെന്ന് പറഞ്ഞ് കയറ്റാതെ പോവുകയുമാണെന്ന് നാട്ടുകാർ പറയുന്നു. ഇത് കഴിഞ്ഞ ദിവസവും നാട്ടുകാർ ചോദ്യം ചെയ്തിരുന്നു.
ജില്ലയിൽ തന്നെ സ്കൂൾ സമയങ്ങളിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന റൂട്ടാണിത്. നാമമാത്രമായ സർവിസുകൾ മാത്രമാണ് കെ.എസ്.ആർ.ടി.സി ഈ റൂട്ടിൽ നടത്തുന്നത്. സ്വകാര്യ ബസുകളെയാണ് യാത്രക്കാർ കൂടുതലും ആശ്രയിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസ് വരുന്നത് നോക്കാനും ഓട്ടോറിക്ഷകളിൽ യാത്രക്കാരെ കയറ്റുന്നുണ്ടോയെന്ന് പരിശോധിക്കാനും പ്രധാന സ്റ്റോപ്പുകളിൽ സ്വകാര്യ ബസ് മുതലാളിമാർ ഏജന്റുമാരെ നിയമിച്ചിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി ബസ് ഓരോ സ്റ്റോപ്പിൽ എത്തുമ്പോഴും അടുത്ത സ്റ്റോപ്പിൽ നിൽക്കുന്ന സ്വകാര്യ ബസുകൾക്ക് ഫോൺ വഴി വിവരം നൽകി കെ.എസ്.ആർ.ടി.സിയുടെ സർവിസ് നഷ്ടത്തിലാക്കാൻ നീക്കം നടക്കുന്നതായി നാട്ടുകാർ പറയുന്നു. റിട്ടേൺ വരുന്ന ഓട്ടോറിക്ഷകളിൽ കയറുന്നരോഗികളുടെപോലും ഫോട്ടോയെടുത്ത് അധികൃതരുമായി ചേർന്ന് ഓട്ടോറിക്ഷകൾക്കെതിരെ നടപടി എടുക്കുന്നതായും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.