വെള്ളമുണ്ട: തടസ്സം നീക്കേണ്ടവർ തന്നെ തടസ്സമുണ്ടാക്കുന്നതായി പരാതി. വെള്ളമുണ്ട കെ.എസ്.ഇ.ബി ഓഫിസിന് കീഴിൽ കട്ടയാട് ജുമുഅത്ത് പള്ളിക്ക് സമീപം പുതുതായി സ്ഥാപിച്ച ട്രാൻസ്ഫോർമറിന്റെ നിർമാണത്തിന് വേണ്ടിയാണ് പള്ളിമുറ്റത്ത് ഉണ്ടായിരുന്ന കരിങ്കല്ല് റോഡിലേക്ക് തള്ളിയത്.
ട്രാൻസ്ഫോമറിന്റെ പണി തീരുന്ന പ്രകാരം കല്ല് പുറകിലേക്ക് എടുത്തുമാറ്റും എന്ന് കരാറുകാർ പറഞ്ഞിരുന്നെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. ട്രാൻസ്ഫോമർ സ്ഥാപിച്ച ശേഷം കരിങ്കല്ല് കൂട്ടം റോഡിൽ ഉപേക്ഷിച്ച് പോകുകയായിരുന്നു. കുത്തനെയുള്ള ഇറക്കം ആയതിനാൽ റോഡരികിലെ കല്ലിൽ തട്ടി വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായി. ഇരുചക്ര വാഹനങ്ങൾ ആണ് ഏറെയും അപകടത്തിലാവുന്നത്.
കാൽ നട യാത്രക്കാർക്കും ബുദ്ധിമുട്ടാവുന്നുണ്ട്. മഴ തുടങ്ങിയതോടെ കല്ലിനു മുകളിൽ കാടുവളർന്നത് കാരണം പതിയിരിക്കുന്ന അപകടം മനസ്സിലാക്കാൻ ഡ്രൈവർമാർക്ക് കഴിയുന്നില്ല. കഴിഞ്ഞദിവസം കല്ലിൽ തട്ടിമറിഞ്ഞ് ബൈക്ക് യാത്രക്കാർ ഭാഗ്യം കൊണ്ട് മാത്രമാണ് എതിരെ വന്ന വാഹനത്തിനടിയിൽപെടാതിരുന്നത്. അപകടകരമായ രീതിയിൽ ഉപേക്ഷിച്ചു പോയ കല്ലുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികൾ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.