വെള്ളമുണ്ട: നിർമാണം തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തിയാവാതെ പുളിഞ്ഞാൽ റോഡ്. കനത്ത പൊടിയിൽ രോഗികളായി ജനം. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുളിഞ്ഞാല്‍ - മൊതക്കര തോട്ടോളിപ്പടി റോഡ് പണിയാണ് ഇഴഞ്ഞുനീങ്ങുന്നത്. നാലു വര്‍ഷമാകുമ്പോഴും റോഡ് പണി പൂര്‍ത്തിയാക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒമ്പത് കോടി രൂപ ചെലവില്‍ 2021ല്‍ പ്രവൃത്തി തുടങ്ങിയ റോഡാണിത്. 10 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡിൽ പല ഭാഗങ്ങളിലും പൊടിയും ചളിയും കാരണം നാട് ദുരിതത്തിലാണ്. ചെറുമഴ പെയ്താൽ പോലും കാല്‍നടയാത്രയടക്കം കഴിയാത്ത അവസ്ഥയാണ്.
റോഡിനിരുവശങ്ങളിലുള്ള ഭൂമി വിട്ടുനല്‍കിയ വീട്ടുകാരാണ് പൊടിശല്യത്താൽ ഏറെ ദുരിതമനുഭവിക്കുകയാണ്. അധികൃതരുടെ ഒത്താശയുള്ളതിനാലാണ് കരാറുകാരന് പണി പൂര്‍ത്തിയാക്കാതെ ജനങ്ങളെ ദുരിതത്തിലാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
ജലനിധി പദ്ധതിയുടെ പൈപ്പിടലിന് കുഴിച്ചതോടെ ഇരട്ടി ദുരിതം പേറുകയാണ് ഗ്രാമം. വെള്ളമുണ്ട ടൗണിൽ നിന്നും തുടങ്ങുന്ന റോഡിന്റെ പല ഭാഗവും വേനൽ മഴ തുടങ്ങിയതോടെ പൊടിയിൽ മുങ്ങി. കിലോമീറ്ററുകൾ ചുറ്റിയാണ് നാട്ടുകാർ പ്രധാന ടൗണുകളിലെത്തുന്നത്. പൈപ്പിടാനായി റോഡിന്റെ പല ഭാഗത്തായി വ്യാപകമായി കുഴിച്ചതോടെ യാത്ര ദുഷ്കരമാണ്. ഒച്ചിഴയുന്ന വേഗത്തിൽ അശാസ്ത്രീയമായി നടക്കുന്ന പ്രവൃത്തിക്കെതിരെ വ്യാപകമായ പരാതികൾ മുമ്പും ഉയർന്നിരുന്നു.
പ്രവൃത്തി തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഒരു ഭാഗത്ത് പോലും കൃത്യമായി നിർമാണം പൂർത്തിയായിട്ടില്ല. നിരന്തര പ്രക്ഷോഭങ്ങൾക്കിടയിലാണ് പണി പുനരാരംഭിച്ചത്. അപ്പോഴാണ് ജലജീവൻ മിഷന്റെ കുടിവെള്ള പൈപ്പിടൽ ആരംഭിച്ചത്. ഒരു ഭാഗത്ത് സോളിങ് നടത്തിയ റോഡുകൾ മണ്ണുമാന്തി ഉപയോഗിച്ച് കിടങ്ങുകൾ നിർമിച്ച് പൈപ്പിടുന്നു. ഒരു മാനദണ്ഡവും പാലിക്കാതെയാണ് ജലജീവൻ മിഷന്റെ പണി നടക്കുന്നത്. പൊടിപടലങ്ങൾ കാരണം കാൽനട പോലും ദുസ്സഹം. പ്രദേശത്തുള്ള വീടുകളൊക്കെ പൊടിപടലം നിറഞ്ഞു. വാഹനം ഉപയോഗിച്ച് റോഡ് നനച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ. പക്ഷേ അതിനൊന്നും ഫണ്ടില്ലെന്ന മറുപടിയാണ് ജലജീവൻ മിഷൻ നൽകുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം മന്ത്രി വന്നപ്പോൾ റോഡ് നനച്ചുപൊടിയടക്കാൻ ശ്രമിക്കുകയും ചെയ്തു. ബന്ധപ്പെട്ടവർ പരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നാണ് പ്രദേശത്തുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.