വെള്ളമുണ്ട: നിർമാണം തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തിയാവാതെ കിടക്കുന്ന പുളിഞ്ഞാൽ റോഡ് രാഷ്ട്രീയ വിവാദങ്ങളിൽ പുകയുന്നു. വെള്ളമുണ്ട പുളിഞ്ഞാൽ തോട്ടോളിപ്പടി റോഡ് റീടെൻഡറായെന്ന പ്രചാരണം ഒരു ഭാഗം ഉയർത്തുമ്പോൾ അങ്ങനെയൊരു സംവിധാനംതന്നെ പ്രായോഗികമല്ലെന്നാണ് പ്രതിപക്ഷത്തിന് ലഭിച്ച മറുപടി. വിവാദം പൊടിപൊടിക്കുമ്പോൾ കനത്ത പൊടിയിൽ രോഗികളായി ജനം ദുരിതം പേറുകയാണ്.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുളിഞ്ഞാല്‍- മൊതക്കര തോട്ടോളിപ്പടി റോഡുപണിയാണ് മൂന്നു വർഷമായി ഇഴഞ്ഞുനീങ്ങുന്നത്. പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒമ്പതു കോടി രൂപ ചെലവില്‍ 2021ല്‍ പ്രവൃത്തി തുടങ്ങിയ റോഡാണിത്. 10 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡിൽ പലഭാഗത്തും പൊടിയും ചളിയും കാരണം ജനം ദുരിതമനുഭവിക്കുകയാണ്. ചെറുമഴ പെയ്താൽ പോലും റോഡിലൂടെ കാല്‍നടയടക്കം കഴിയാത്ത അവസ്ഥയിലാണ്. ജലനിധി പദ്ധതിക്ക് റോഡ് കുഴിച്ചതോടെ ഇരട്ടി ദുരിതം പേറുകയാണ് ഗ്രാമം.
പൈപ്പിടാനായി റോഡിന്റെ പലഭാഗത്തായി വ്യാപകമായി കുഴിച്ചതോടെ യാത്ര ദുഷ്കരമാണ്. ഒച്ചിഴയുന്ന വേഗത്തിൽ തികച്ചും അശാസ്ത്രീയമായി നടക്കുന്ന പ്രവൃത്തിക്കെതിരെ മുമ്പ് വ്യാപക പരാതികൾ ഉയർന്നിരുന്നു. പ്രവൃത്തി തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഒരു ഭാഗത്തുപോലും നിർമാണം പൂർത്തിയായിട്ടില്ല. ഒരു ഭാഗത്ത് സോളിങ് നടത്തിയ റോഡുകൾ മണ്ണുമാന്തി ഉപയോഗിച്ച് കിടങ്ങുകൾ നിർമിച്ച് പൈപ്പിടുന്നു. ഒരു മാനദണ്ഡവും പാലിക്കാതെയാണ് ജൽജീവൻ മിഷന്റെ പണി നടക്കുന്നത്. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സമയത്ത് പൊടിപടലങ്ങൾ കാരണം നടന്നുപോലും ഈ റോഡിലൂടെ പോകാൻ കഴിയില്ല. പ്രദേശത്തുള്ള വീടുകളൊക്കെ പൊടിപടലങ്ങൾകൊണ്ട് നിറഞ്ഞു. ഒരു വാഹനം ഉപയോഗിച്ച് റോഡ് നനച്ചാൽ തീരുന്ന പ്രശ്നമേയുള്ളു. പക്ഷേ, ജൽജീവൻ മിഷന്റെ ഭാഗത്തുനിന്ന് അതിനൊന്നും ഫണ്ടില്ലെന്ന മറുപടിയാണ് വരുന്നത്. എം.പിമാരുടെയും സംസ്ഥാന ലെവൽ കമ്മിറ്റിയുടെയും ശിപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്രം അനുവദിക്കുന്ന റോഡിന്റെ നിർമാണ ചുമതല സംസ്ഥാന സർക്കാറിനാണ്.
റോഡിന്റെ വിഷയം എം.പി കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗത്തിൽ ഉന്നയിച്ചപ്പോൾ ജൽ ജീവൻ മിഷന്റെ പൈപ്പിടൽ കഴിഞ്ഞാൽ റോഡുപണി തുടങ്ങുമെന്നാണ് നിർവഹണ ഉദ്യോഗസ്ഥൻ അറിയിച്ചതെന്ന് സമരസമിതി പറയുന്നു. പുതിയ സാഹചര്യത്തിൽ എം.എൽ.എ, കലക്ടർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികൾ, കരാറുകാരൻ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവരുടെ അടിയന്തര യോഗം വിളിച്ചു പ്രശ്നപരിഹാരം കാണാൻ ശ്രമിക്കുന്നതിന്നു പകരം പ്രശ്നം രാഷ്ട്രീയവത്കരിക്കാനാണ് മുന്നണികൾ ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.