വെള്ളമുണ്ട: പ്രദേശത്ത് ആദിവാസികൾക്കിടയിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് ആശങ്കക്കിടയാക്കുന്നു. ഒരാഴ്ചക്കുള്ളിൽ 100ലധികം ആദിവാസികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിനം പത്തോളം പുതിയ രോഗികളുണ്ടാവുന്നു.
നാല് ആദിവാസി കോളനികൾ ഇതിനകം ക്ലസ്റ്ററുകളായി. ഏഴേനാൽ കൂവണ കോളനിയിൽ 61 പേർക്കും കട്ടയാട് വെള്ളരിക്കുന്നിൽ 29 പേർക്കും കരിങ്ങാരി ചാലമൊട്ടൽ കോളനിയിൽ 25 പേർക്കും കാപ്പുംകുന്ന് കോളനിയിൽ 18 പേർക്കും രോഗം കണ്ടെത്തി. പണിയ വിഭാഗങ്ങൾക്കിടയിലാണ് രോഗികൾ കൂടുതൽ എന്നതും കോവിഡ് നിയന്ത്രണങ്ങൾക്ക് തിരിച്ചടിയായി.
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കോളനികളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് ബുദ്ധിമുട്ടാണ്. പണിയ വിഭാഗങ്ങൾക്കിടയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരെ കരിങ്ങാരിയിലെ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികൾ തുടരുന്നുണ്ട്.
ജില്ലയിലെതന്നെ ഏറ്റവും ഉയർന്ന രോഗസ്ഥിരീകരണം വെള്ളമുണ്ടയിലാണ്. 39.4 ആണ് കഴിഞ്ഞ ദിവസത്തെ രോഗസ്ഥിരീകരണ നിരക്ക്. വ്യാഴാഴ്ച വരെയുള്ള കണക്ക് പ്രകാരം 400 ആക്ടീവ് കേസുകളുണ്ട്.
രോഗികളുടെ എണ്ണം കൂടിയതോടെ ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യസാധനങ്ങളുടെ കടകളുടെ പ്രവർത്തനം രാവിലെ ഏഴു മുതൽ ഉച്ചക്ക് ഒന്നുവരെയാക്കി ചുരുക്കി. പൊലീസ് പരിശോധനയും പട്രോളിങ്ങും ശക്തമാക്കി. പ്രധാന ടൗണുകളിലെല്ലാം റോഡ് അടച്ച് പരിശോധന നടത്തുന്നുണ്ട്. അതേസമയം, പരിശോധന പ്രധാനമായും ടൗണുകൾ കേന്ദ്രീകരിച്ചായതിനാൽ ഗ്രാമീണമേഖലകളിൽ ആളുകൾ കൂട്ടം കൂടുന്നതും ഇറങ്ങിനടക്കുന്നതും പതിവായിട്ടുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.