വെള്ളമുണ്ട (വയനാട്): ഐക്യശ്രമങ്ങൾ നിരന്തരമായി പാളിയതോടെ വെള്ളമുണ്ട മുസ് ലിം ലീഗിലെ വിഭാഗീയത ജില്ലയിലെ പാർട്ടി പ്രവർത്തനത്തെയും ബാധിക്കുന്നു. സംഘടന തെരഞ്ഞെടുപ്പിനുശേഷം മാനന്തവാടി മണ്ഡലം കമ്മിറ്റിയിലുണ്ടായ രൂക്ഷമായ ഭിന്നത വളർന്ന് ജില്ലതലത്തിൽ തന്നെ രണ്ടു ചേരിയാക്കി മാറ്റിയതായി അണികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്.
സംഘടന തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷത്തിനായിരുന്നു വിജയം. കെ.എം. ഷാജി പക്ഷമായിരുന്നു എതിരാളികൾ. പിന്നാലെ ഷാജിയെ ഒഴിവാക്കി ഔദ്യോഗികപക്ഷം സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നൽകാൻ തീരുമാനിച്ചതോടെ ഇരുവിഭാഗവും തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നു.
ഔദ്യോഗിക പോസ്റ്ററിൽ ഷാജിയുടെ ഫോട്ടോ ചേർത്ത് ചിലർ പ്രചരിപ്പിച്ചത് യൂത്ത് ലീഗ് നേതാവിനെതിരെ പൊലീസിൽ പരാതി നൽകുന്നതിലേക്ക് നയിച്ചു. പാണക്കാട് തങ്ങളുടെ അസൗകര്യത്തെ തുടർന്ന് പിന്നീട് സ്വീകരണ പരിപാടി മാറ്റിവെച്ചെങ്കിലും സംസ്ഥാന നേതാക്കൾക്കെതിരെ പോലും രൂക്ഷമായ വിമർശനവുമായി ചിലർ സജീവമാണ്.
വെള്ളമുണ്ട പാർട്ടിക്കകത്തെ ഇരുവിഭാഗങ്ങൾ തമ്മിൽ വർഷങ്ങളായി തുടരുന്ന ഗ്രൂപ് വഴക്കാണ് ജില്ലതലത്തിൽ തന്നെ ഇരു ചേരിയാവുന്നതിലേക്ക് എത്തിച്ചത്. വടക്കെ വയനാട്ടിൽ യു.ഡി.എഫിന്റെ ഉരുക്കുകോട്ടയാണ് വെള്ളമുണ്ട. നിലവിലെ നിഷ്ക്രിയത്വം മുമ്പത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു.
ജില്ല-സംസ്ഥാന നേതാക്കൾ ഇടപെട്ട് മുമ്പുനടത്തിയ ഐക്യശ്രമങ്ങൾ പാളിയതാണ് വിഭാഗീയത തുടരാനിടയാക്കിയത്. കടുത്ത പരാജയം പ്രദേശത്തുണ്ടാക്കാനും ഗ്രൂപ് വഴക്ക് ഇടയാക്കിയിരുന്നു. മണ്ഡലം-ജില്ല-സംസ്ഥാന നേതാക്കന്മാർ നിരന്തരമായി ഇടപെട്ടിട്ടും പ്രശ്നം പരിഹരിക്കാനായില്ല.
എന്നാൽ, കഴിഞ്ഞ പാർട്ടി അംഗത്വ കാമ്പയിൻ തുടങ്ങിയ സമയം സംസ്ഥാന കമ്മിറ്റിയും പാണക്കാട് തങ്ങളുമെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിട്ടുപോയവർക്കും പുറത്താക്കിയവർക്കും മെമ്പർഷിപ് നൽകി തിരിച്ചെടുക്കാനും ഒന്നിച്ചുപോകാനും ധാരണയായിരുന്നു.
കാലങ്ങളായി നിലനിന്ന പ്രശ്നങ്ങൾക്ക് മഞ്ഞുരുക്കമുണ്ടായതോടെ പ്രദേശത്തെ ലീഗ് അണികളും ആവേശത്തിലായിരുന്നു. ഇടക്കാലത്ത് വന്ന മുസ് ലിം ലീഗ് പഞ്ചായത്ത് കമ്മറ്റി രൂപവത്കരണത്തെ ചൊല്ലി ഇരുവിഭാഗങ്ങൾ തർക്കത്തിലായി. പരാതിയിൽ നടപടികളില്ലാതായതോടെയാണ് പരസ്യമായ ഗ്രൂപ് പ്രവർത്തനങ്ങൾ വീണ്ടും സജീവമായത്. പാർട്ടിക്കകത്തെ പോര് പരസ്യമാവുമ്പോൾ ഒരു ജില്ല ഭാരവാഹി ഒരു കൂട്ടർക്ക് പിന്തുണ നൽകുന്നതായും ആക്ഷേപമുണ്ട്.
ആരാണീ ഗ്രൂപ് കളിയെ നിയന്ത്രിക്കേണ്ടതെന്ന ചോദ്യമാണ് അണികൾ ഉയർത്തുന്നത്. അതേസമയം, പാർട്ടിയെ സ്നേഹിക്കുന്ന വടക്കെ വയനാട്ടിലെ പ്രവർത്തകർ ഒരു ചെറിയ വിഭാഗത്തിന്റെ ഗ്രൂപ്പുകളിയിൽ അസ്വസ്ഥരാണ്. അതേസമയം, ഇരുവിഭാഗവും കഴിഞ്ഞ ദിവസം പാണക്കാട്ടെത്തി സംസ്ഥാന നേതൃത്വത്തെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയതായി സൂചനയുണ്ട്. നേതൃത്വത്തിന്റെ തീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണ് ഇരുവിഭാഗവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.