വെള്ളമുണ്ട: ആറാം പ്രവൃത്തി ദിനത്തിന് ശേഷം കുട്ടികളെ കാണാതായ വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന ആവശ്യം ഉയരുന്നു. കഴിഞ്ഞ വർഷം സംഭവം വിവാദമായതിനെ തുടർന്ന് ആറാം പ്രവൃത്തി ദിനം കഴിഞ്ഞ് വിദ്യാർഥികളുടെ എണ്ണം എടുക്കാൻ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ആ ഉത്തരവ് നിലവിൽ പ്രാബല്യത്തിലില്ലെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. കേരള വിദ്യാഭ്യാസ നിയമ പ്രകാരം അധ്യാപകരുടെ ഫിക്സേഷന് വിദ്യാർഥികൾ അവധിയായാലും അഞ്ച് ശതമാനം എണ്ണം കൂട്ടി രേഖ തയാറാക്കാം.
ഈ ചട്ടം മറയാക്കിയാണ് ഇല്ലാത്ത എണ്ണം ഒപ്പിക്കുന്നതെന്നും ആക്ഷേപമുണ്ട്.
മാനന്തവാടി താലൂക്കിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും വ്യാപകമായി വിദ്യാർഥികൾ സ്വകാര്യ വിദ്യാലയങ്ങളിലേക്ക് മാറിയതിൽ ദുരൂഹതയുണ്ട്. വിദ്യാലയങ്ങളിൽ അധ്യയന വർഷം തുടങ്ങിയതു മുതൽ കുറഞ്ഞ ദിവസം മാത്രം പൊതു വിദ്യാലയത്തിൽ ഇരിക്കുകയും തുടർന്ന് സ്വകാര്യ വിദ്യാലയത്തിലേക്ക് മാറുകയും ചെയ്തവരുടെ എണ്ണം നിരവധിയാണ്. സ്വകാര്യ വിദ്യാലയങ്ങളിലേക്ക് മാറിയ വിദ്യാർഥികളിൽ പലരും ടി.സി വാങ്ങാതെയാണ് മാറിയത് എന്നും സാമൂഹ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
വെള്ളമുണ്ട: ആറാം പ്രവൃത്തി ദിനത്തിന് ശേഷം സ്വകാര്യ വിദ്യാലയങ്ങളിലേക്ക് പോയ വിദ്യാർഥികളുടെ കണക്കെടുക്കണമെന്നും ഈ രംഗത്ത് നടക്കുന്ന ഒത്തുകളി അന്വേഷിക്കണമെന്നും വെൽഫെയർ പാർട്ടി മാനന്തവാടി മണ്ഡലം പ്രസിഡന്റ് സൈദ് കുടുവ ആവശ്യപ്പട്ടു. മാനന്തവാടി താലൂക്കിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും വ്യാപകമായി വിദ്യാർഥികൾ സ്വകാര്യ വിദ്യാലയങ്ങളിലേക്ക് മാറിയതിൽ ദുരൂഹതയുണ്ട്. പുതിയ ഡിവിഷനുണ്ടാക്കുന്നതിനും നിയമനം ഉറപ്പാക്കുന്നതിനും ഈയൊരൊറ്റ ദിവസത്തെ കണക്ക് മാത്രം മതി എന്ന തലതിരിഞ്ഞ ചട്ടം പുന:പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
വെള്ളമുണ്ട: ആറാംപ്രവൃത്തി ദിനത്തിന് ശേഷം വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് മാനന്തവാടി എ.ഇ.ഒ ഗണേശ് മാധ്യമത്തോട് പറഞ്ഞു. നിലവിൽ ആറാംപ്രവൃത്തി ദിവസത്തെ കണക്കാണ് അധ്യാപക ഫിക്സേഷന് പരിഗണിക്കുക. കഴിഞ്ഞവർഷം ആറാംപ്രവൃത്തി ദിവസത്തിനു ശേഷം പ്രത്യേകമായ പരിശോധനകൾ വിദ്യാലയങ്ങളിൽ നടക്കുകയും ആ എണ്ണം പരിഗണിക്കുകയും ചെയ്തിരുന്നു. ഇത്തവണ അതുമായി ബന്ധപ്പെട്ട ഉത്തരവുകൾ ഒന്നും വിദ്യാഭ്യാസ വകുപ്പിൽ വന്നിട്ടില്ല. ഒക്ടോബറോടുകൂടി എത്തുന്ന ഉത്തരവ് പ്രകാരം നടപടികൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.