ഏറ്റവും കൂടുതൽ ആദിവാസികൾ വസിക്കുന്ന ജില്ല. അവരുടെ ക്ഷേമവും പുരോഗതിയും തങ്ങളുടെ മുഖ്യ അജണ്ടയാണെന്ന് മാറിവരുന്ന ഭരണകൂടങ്ങൾ നിരന്തരം ഓർമപ്പെടുത്താറുണ്ട്. പക്ഷേ, പലപ്പോഴും വോട്ടുബാങ്ക് മാത്രമാണ് ഇതിന് പിന്നിലെന്ന സത്യം തിരിച്ചറിയപ്പെടാതെ പോവുന്നു.ആദിവാസി ക്ഷേമത്തിനും മക്കളുടെ വിദ്യാഭ്യാസത്തിനും കോടികൾ പൊടിക്കുന്ന നാട്ടിൽ അക്ഷരങ്ങൾ പോലും അറിയാത്തവരായി ഇപ്പോഴും ആദിവാസി കൂരകൾക്കുള്ളിൽ കഴിയുന്ന നിരവധി കുട്ടികളെ എല്ലാ കോളനികളിലും കാണാനാവും. ഫണ്ടിന്റെയോ സംവിധാനങ്ങളുടെയോ അപര്യാപ്തതയ്ക്കപ്പുറം എന്തുകൊണ്ട് കുട്ടികൾ ഇങ്ങനെ ആയിത്തീരുന്നു എന്നത് ഉത്തരം തേടേണ്ട ചോദ്യമാണ്.
വെള്ളമുണ്ട: പണക്കാരന്റെ മക്കൾക്ക് മാത്രം നല്ല സ്കൂളിൽ പഠിച്ചാൽ മതിയോ, ആദിവാസിയുടെ മക്കൾക്കും പഠിക്കണ്ടേ...? വെള്ളമുണ്ട പഞ്ചായത്തിലെ വാളാരംകുന്ന് പണിയ കോളനിയിലെ വാസുവിന്റെതാണ് ചോദ്യം. വാരാമ്പറ്റ സ്കൂളിൽ ടി.സിക്ക് അപേക്ഷിച്ച സംഭവം വിവാദമായതോടെ അധികൃതർ ഇടപെട്ടപ്പോഴായിരുന്നു ആദിവാസികളുടെ പ്രതിഷേധം.
ആദിവാസി വിദ്യാർഥികളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും കോടികൾ പൊടിക്കുമ്പോഴും അക്ഷരങ്ങൾ പോലും അറിയാത്ത ആദിവാസി കുട്ടികൾ നിരവധിയാണ്. പത്താംതരം പരീക്ഷയിൽ വിജയിച്ച ആദിവാസി കുട്ടിക്ക് അക്ഷരങ്ങൾ കൂട്ടിവായിക്കാൻ അറിയില്ല എന്നത് മേൽപറഞ്ഞ കോളനിയിലെ ഞെട്ടിക്കുന്ന യാഥാർഥ്യമാണ്.
രണ്ടാംതരം പൗരന്മാരായാണ് ബഹുഭൂരിപക്ഷം ആദിവാസി കുട്ടികളും സ്കൂൾ വിദ്യാഭ്യസം കഴിഞ്ഞ് പടിയിറങ്ങുന്നത് എന്ന ആക്ഷേപത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 10 വർഷം അധ്യാപകന്റെ മുന്നിലിരുന്നിട്ടും മലയാള അക്ഷരം പോലും പഠിക്കുന്നില്ലെങ്കിൽ ആ സംവിധാനത്തിന് ചില പോരായ്മകൾ ഉണ്ടെന്ന് സാമൂഹ്യ പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.
പൊതുസമൂഹത്തിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി മറയത്ത് നിൽക്കാൻ ഇഷ്ടപ്പെടുന്ന ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിന് എത്രത്തോളം പുരോഗതിയുണ്ട് എന്നത് സംബന്ധിച്ച് ഒരുപഠനവും നടക്കുന്നില്ല.
ട്രൈബൽ വകുപ്പും ഗോത്ര സാരഥിയും ത്രിതല പഞ്ചായത്തും മെൻറർ ടീച്ചർമാരും പ്രമോട്ടർമാരും എല്ലാം പലവഴി ഇവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമ്പോഴും വിദ്യാലയത്തിൽ എത്തുന്നവരുടെ എണ്ണം പല സ്കൂളുകളിലും വിരലിലെണ്ണാവുന്നത് മാത്രമാണ്.
കോളനിയിലെത്തി സ്കൂളിലേക്ക് വിളിക്കുമ്പോൾ മരക്കൊമ്പിലൊളിക്കുന്ന വിദ്യാർഥികളെ എന്തു ചെയ്യണം എന്നതാണ് അധ്യാപകരുടെ ചോദ്യം. എന്നാൽ, സന്നദ്ധ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് ചുരമിറങ്ങിയ പണിയ സമൂഹത്തിലെ വിദ്യാർഥികളടക്കം ഉന്നതിയിലെത്തിയ നിരവധി ഉദാഹരണങ്ങളും കാണാനാവും.
തങ്ങളെ പോലെ എല്ലാകാലവും കൂലിപ്പണിക്കാരായി കുട്ടികൾ മാറരുതെന്ന് തിരിച്ചറിഞ്ഞവർ ചുരത്തിന് താഴെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള തിരിച്ചറിവിലാണ്. കാര്യങ്ങൾ ഗ്രഹിച്ച ആദിവാസി വിദ്യാർഥികളുടെ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ കൂട്ടത്തോടെ സ്വകാര്യ വിദ്യാലയത്തിലേക്ക് മാറ്റാൻ തീരുമാനിച്ച സംഭവം അടുത്തിടെ വിവാദമായിരുന്നു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാരാമ്പറ്റ ഗവ. ഹൈസ്കൂളിലെ 35 പട്ടികവർഗ വിഭാഗത്തിലെ വിദ്യാർഥികളാണ് ജില്ലയ്ക്ക് പുറത്തുള്ള സ്വകാര്യ വിദ്യാലയത്തിലേക്ക് മാറ്റിച്ചേർക്കാൻ ടി.സി ആവശ്യപ്പെട്ടത്. വാളാരംകുന്ന്, കൊച്ചാറ കോളനികളിലെ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ ഉള്ള വിവിധ വിദ്യാർഥികളെയാണ് കൊല്ലം പാരിപ്പള്ളിയിലെ ഹയർ സെക്കൻഡറി സ്കൂളിേലക്ക് മാറ്റിചേർക്കാൻ ടി.സിക്കായി അപേക്ഷ നൽകിയത്.
കൂട്ടത്തോടെ ആദിവാസി രക്ഷിതാക്കൾ ടി.സിക്ക് എത്തിയതോടെ പരാതിയുമായി സ്കൂൾ അധികൃതരും നാട്ടുകാരും രംഗത്തെത്തി. വിശദമായ അന്വേഷണത്തിന് വകുപ്പു മന്ത്രി ജില്ല കലക്ടർക്ക് നിർദേശവും നൽകി. ജില്ലക്ക് പുറത്തുള്ള വിദ്യാലയത്തിലേക്ക് ആദിവാസി കുട്ടികളെ മാറ്റുന്നതിന് ജില്ല കലക്ടറുടെ അനുമതി വേണം.
മുൻപും ജില്ലയിൽ സമാന നീക്കം നടന്നപ്പോൾ അന്നത്തെ കലക്ടർ പ്രത്യേക ഉത്തരവിറക്കി അത് തടയുകയായിരുന്നു. എന്നാൽ, ടി.സി വേണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ ഉറച്ചുനിന്നതോടെ സംഭവം പുതിയ വഴിത്തിരിവിലേക്ക് നീങ്ങിയിട്ടുണ്ട്.
ജില്ലയിലെ പ്രധാന ഗോത്ര സൗഹൃദ വിദ്യാലയത്തിൽ നിന്നുമാണ് വിദ്യാർഥികൾ കൂട്ടത്തോടെ ചുരം ഇറങ്ങുന്നത്. സ്കൂളിൽ തുടരണമെന്ന് പി.ടി.എയും വിദ്യാഭ്യാസ വകുപ്പും ജില്ല ഭരണകൂടവും അഭ്യർഥിച്ചെങ്കിലും അവ നിരസിച്ചാണ് രക്ഷിതാക്കൾ കുട്ടികളെ ഇവിടെ നിന്ന് മാറ്റുന്നത്.
35 കുട്ടികളുടെ രക്ഷിതാക്കൾ ഒന്നിച്ചു വിടുതൽ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത് വലിയ ചർച്ചക്ക് വഴിവെച്ചിട്ടുമുണ്ട്. രക്ഷിതാക്കളെ നേരിൽ കണ്ട് കുട്ടികളെ മാറ്റരുതെന്നും ജില്ലയിൽ തന്നെയുള്ള ഹോസ്റ്റലുകളിൽ താമസിക്കാനുള്ള സൗകര്യം ഒരുക്കാം എന്ന് അറിയിച്ചിട്ടും രക്ഷിതാക്കൾ വഴങ്ങിയില്ല.
ഇതോടെ സ്കൂൾ അധികൃതർ ടി.സി നൽകാൻ നിർബന്ധിതരാവുകയാണ്. ബാഹ്യ പ്രേരണയാണ് ഇത്തരത്തിൽ വിദ്യാർഥികളെ കൊണ്ടുപോകുന്നതിന് ഇടയാക്കിയതെന്ന് ആരോപണമുയരുന്നുണ്ടെങ്കിലും അതല്ല അവഗണനയാണ് തങ്ങളെ മാറി ചിന്തിക്കാൻ ഇടയാക്കിയതെന്ന് രക്ഷിതാക്കളും പറയുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.