വെള്ളമുണ്ട: നവീകരണത്തിന്റെ ഭാഗമായി പൊളിച്ചിട്ട എട്ടേനാൽ-മൊതക്കര റോഡിലെ രൂക്ഷമായ പൊടിശല്യത്തിൽ ദുരിതംപേറി ആയിരങ്ങൾ. നിർമാണം നടക്കുമ്പോൾ പൊടിശല്യം കുറക്കാനായി റോഡ് കൃത്യമായി നനക്കാത്തതിനാലാണ് ജനം ദുരിതമനുഭവിക്കുന്നത്. എട്ടേനാൽ ടൗണിലെ വ്യാപാര സ്ഥാപനങ്ങളും റോഡിന്റെ ഇരുഭാഗങ്ങളിലുള്ള വീടുകളുമെല്ലാം കടുത്ത പൊടിയിൽ മുങ്ങി.
നിരവധിപേർക്ക് ശ്വാസതടസ്സമടക്കമുണ്ടാകുന്നുണ്ട്. പാറപ്പൊടിയും കല്ലും കുഴിയിൽ നിറച്ചുപോയതാണ് വൻതോതിൽ പൊടി ഉയരാൻ ഇടയാക്കിയത്. വലിയ വാഹനങ്ങൾ പോയിക്കഴിഞ്ഞാൽ 10 മിനിറ്റ് സമയത്തേക്ക് കണ്ണ് തുറക്കാൻ പോലും പറ്റില്ല. വലിയ വാഹനങ്ങളുടെ പിന്നിൽ ‘പെടുന്ന’ ഇരുചക്രവാഹനങ്ങൾ കടുത്ത പൊടിപടലത്തിൽ മുങ്ങി അപകടത്തിൽപെടുന്നതും പതിവായി.
ചെറുവാഹനങ്ങൾ കടന്നുപോകുമ്പോൾ പോലും വൻതോതിൽ പാറപ്പൊടി പറക്കുകയാണ്. ഇത് വലിയ തോതിൽ ശ്വാസകോശ രോഗങ്ങൾക്ക് ഇടയാക്കും. ആരോഗ്യ ഭീഷണിയായി പൊടിശല്യം മാറിയിട്ടും നടപടിയെടുക്കാത്ത അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാണ്. പരാതി വ്യാപകമായതോടെ റോഡ് നനക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയതായി അധികൃതർ പറയുന്നുണ്ട്. എന്നാൽ, പല ദിവസങ്ങളിലും നനക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. യാത്രാദുരിതത്തിനൊപ്പം പൊടിദുരിതവും പേറുകയാണ് ജനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.