വെള്ളമുണ്ട: അശാസ്ത്രീയമായ ഉപദേശ നിർദേശങ്ങളും ചൂഷണങ്ങളുമായി വ്യാജസിദ്ധന്മാർ വിലസുന്നു. ജില്ലയിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും ഏജൻറുമാരെയും ഗുണ്ടകളെയും ഇറക്കിയാണ് പലരും വീണ്ടും പ്രവർത്തനം തുടങ്ങിയിരിക്കുന്നത്.
കോവിഡ് പ്രതിസന്ധിയിൽ സാമ്പത്തികമായി തകർന്ന കുടുംബങ്ങളെ വ്യാജ വാഗ്ദാനങ്ങളും ദുർമന്ത്രവാദവും നിരത്തി ചൂഷണംചെയ്യുന്ന സംഭവങ്ങൾ വർധിച്ചിട്ടുണ്ട്.
ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നിരവധി രഹസ്യകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി നാട്ടുകാർ പറയുന്നു. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറ ചെറുവേരിയിലെ കേന്ദ്രത്തിനെതിരെ വ്യാപക പരാതി കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നിരുന്നു. മതപരമായ ചടങ്ങാണെന്ന് വരുത്തിത്തീർത്ത് ലഹരിമരുന്ന് നൽകി ആളുകളെ സ്വാധീനിക്കുന്ന കേന്ദ്രങ്ങളും ഉണ്ട്. കൽപറ്റയിലെ ഒരു രഹസ്യകേന്ദ്രത്തിനെതിരെയും ആരോപണം ഉയർന്നിട്ടുണ്ട്.
വ്യാജന്മാരുടെ വലയിൽ കുടുങ്ങി പണവും സ്വത്തും കിടപ്പാടവുംവരെ നഷ്ടപ്പെട്ട് വഴിയാധാരമാകുന്ന കുടുംബങ്ങൾ നിരവധിയാണ്.
മുമ്പ് തമിഴ്നാട്ടിലെ നാഗർകോവിലിനടുത്ത ചികിത്സ കേന്ദ്രത്തിൽ ദുരൂഹ സാഹചര്യത്തിൽ വെള്ളമുണ്ട സ്വദേശി മരണപ്പെട്ടത് വിവാദമായിരുന്നു. ഒരു കുടുംബത്തെയാകെ സ്വാധീനിച്ച് കബളിപ്പിച്ച സിദ്ധനെതിരെ നാട് ഒന്നടങ്കം രംഗത്തെത്തിയിരുന്നുവെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ല. ചൂഷണവലയത്തിൽ കുടുങ്ങി സർവം നഷ്ടപ്പെടുന്നവരിൽ നല്ലൊരു പങ്കും നാണക്കേടു കാരണം പരാതിയുമായി എത്താറില്ല എന്നത് ഇവർക്ക് വളമാകുന്നു.
പരാതികൾ ഉയർന്നാലും കൃത്യമായ നടപടി ഇല്ലാത്തതും ചൂഷണകേന്ദ്രങ്ങൾ വർധിക്കാൻ കാരണമാകുന്നുണ്ട്.
ചികിത്സയുടെ ഭാഗമായി കേന്ദ്രങ്ങളിലെത്തുന്നവർക്ക് യുക്തിക്ക് നിരക്കാത്ത നിർദേശങ്ങളും അലോപ്പതി, ആയുർവേദ മരുന്നുകളടക്കം എഴുതി നൽകുന്നതും പതിവായിട്ടുണ്ട്. നവജാത ശിശുവിെൻറ കരച്ചിലിന് പ്രതിവിധി തേടി തരുവണക്ക് സമീപത്തെ സിദ്ധനെ സമീപിച്ചവരോട് കുട്ടിയെ ഒന്നര മാസം കുളിപ്പിക്കരുത് എന്ന നിർദേശം നൽകി തിരിച്ചയച്ചത് മുമ്പ് വിവാദമായിരുന്നു. വീട്ടുമുറ്റത്ത് ആരാധന കേന്ദ്രമുണ്ടാക്കി അതിനെ വലംവെക്കുന്ന മന്ത്രവാദ ചികിത്സ നടത്തിയിരുന്ന പടിഞ്ഞാറത്തറ പഞ്ചായത്തിലെ വ്യാജ സിദ്ധനെതിരെ മഹല്ല് കമ്മിറ്റിയും മതസംഘടനകളും സി.പി.എമ്മും ദീർഘകാലം സമരം നടത്തുകയും ഒടുക്കം കേന്ദ്രം അടച്ചുപൂട്ടുകയും ചെയ്തിരുന്നു. തുടർന്ന് വ്യാജ സിദ്ധന്മാർക്ക് കുറവുവന്നെങ്കിലും വീണ്ടും സജീവമാവുകയാണ്.
വെള്ളമുണ്ട, പടിഞ്ഞാറത്തറ പഞ്ചായത്തുകളിൽ മാത്രം നിരവധി വ്യാജ സിദ്ധന്മാരുണ്ട്. പല കേന്ദ്രങ്ങളിലും സ്ത്രീകളെ നോട്ടമിട്ടാണ് സിദ്ധന്മാരുടെ ചികിത്സയെന്നും പരാതിയുണ്ട്. കഞ്ചാവടക്കമുള്ള ലഹരി ഉൽപന്നങ്ങൾ ചേർത്ത പൊടികളാണ് മരുന്നായി പലരും നൽകുന്നതെന്നും ആക്ഷേപമുണ്ട്. ലഹരിയുടെ വലയത്തിൽ ആശ്വാസം കണ്ടെത്തുന്ന പലരും പിന്നീട് സിദ്ധൻമാരുടെ അടിമകളായി പ്രവർത്തിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നും പ്രത്യേക ദിവസങ്ങളിൽ ചികിത്സക്ക് എത്തുന്ന വ്യാജരും നിരവധിയാണ്. നിരവിൽപുഴ, കോറോം, വെള്ളമുണ്ട തുടങ്ങിയ സ്ഥലങ്ങളിൽ മാത്രം അഞ്ചിലധികം സിദ്ധന്മാർ പുറത്തുനിന്നെത്തി ചികിത്സ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.