വെള്ളമുണ്ട: പൊടി പറക്കുന്ന ക്ലാസ് റൂമുകളും കാലപ്പഴക്കത്തിൽ തകർച്ചയിലെത്തിയ കെട്ടിടങ്ങളും ഒട്ടും വൃത്തിയില്ലാത്ത അടുക്കളയുമാണെങ്കിലും ഫിറ്റ്നസ് ലഭ്യം. ഇഴജന്തുക്കളക്കടക്കം കയറാൻ പാകത്തിൽ ജനൽ പാളിപോലുമില്ലാത്ത ക്ലാസ് മുറികൾക്ക് ഫിറ്റ്നസ് നൽകുന്ന ഉദ്യോഗസ്ഥരും ഭരണകൂടവുമുള്ള നാട്ടിൽ കുട്ടികളുടെ ദുരിതങ്ങൾക്ക് പുല്ലുവില.
സുരക്ഷിതമല്ലാത്ത ക്ലാസ് മുറികൾ വിദ്യാർഥികളുടെ ജീവന് ഭീഷണി ഉയർത്തുമ്പോഴും നടപടികൾ ഉണ്ടാകുന്നില്ല. തകർന്നു വീഴാറായ സ്കൂൾ കെട്ടിടങ്ങൾക്ക് കൈക്കൂലി വാങ്ങി ഫിറ്റ്നസ് നൽകുന്ന നടപടി ഇത്തവണയും തുടരാനാണ് സാധ്യത. പല വിദ്യാലയങ്ങളും അപകടകരമായ അവസ്ഥയിലാണ് തുടരുന്നത്.
കഴിഞ്ഞ അധ്യയന വർഷം മാനന്തവാടി താലൂക്കിലെ ഒരു പ്രമുഖ വിദ്യാലയത്തിന്റെ മേൽക്കൂര തകർന്നു വീണു. അധികൃതരുടെ കണ്ണിൽ ഇത് ഫിറ്റായ കെട്ടിടമായിരുന്നു.
അപകട ഭീഷണിയിലുള്ള കെട്ടിടങ്ങൾ നന്നാക്കുന്നതിനും വിദ്യാർഥികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ ബാലാവകാശ കമീഷനിലടക്കം പരാതി നൽകിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഈ വിഷയത്തിൽ കാര്യമായ ഒരു ഇടപെടലും ഉണ്ടായില്ല. ബന്ധപ്പെട്ടവരിൽ നിന്നു കൈമടക്കും വാങ്ങി പരാതി ചവറ്റു കുട്ടയിലെറിഞ്ഞതായി നാട്ടുകാർ അന്ന് പരാതിപ്പെട്ടിരുന്നു.
സർക്കാർ വിദ്യാലയങ്ങളിലധികവും ഹൈടെക്കായി മാറുമ്പോൾ ചുരുക്കം ചില സർക്കാർ പ്രൈമറി വിദ്യാലയങ്ങളും എയ്ഡഡ് വിദ്യാലയങ്ങളിൽ ചിലതുമാണ് ഒട്ടും സുരക്ഷിതമല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം ക്ലാസ് മുറിക്കകത്ത് വിദ്യാർഥിയുടെ ബാഗിൽ നിന്നു പാമ്പിനെ കണ്ടെത്തിയ സംഭവം വെള്ളമുണ്ടയിൽ ഉണ്ടായി.
ഒട്ടും സുരക്ഷിതമല്ലാത്ത മുറികൾക്ക് ഇത്തവണയും ഫിറ്റ്നസ് നൽകാനാണ് ഉദ്യോഗസ്ഥരുടെ നിലപാട്. സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന സ്കൂളിലെ ക്ലാസ് മുറിയില്‍ നിന്നു വിദ്യാര്‍ഥിനി പാമ്പു കടിയേറ്റ് മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ക്ലാസ് മുറികളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന അടിയന്തര ഉത്തരവിറക്കിയിരുന്നു.
ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും അംഗൻവാടികളിലെയും ക്ലാസ് മുറികളില്‍ ബന്ധപ്പെട്ടവര്‍ മതിയായ പരിശോധന നടത്തണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ കലക്ടറുടെ ഉത്തരവില്‍ പറഞ്ഞിരുന്നു.
എന്നാൽ, പരിശോധനകളും നടപടികളും കാലങ്ങളായി പ്രഹസനമായ അനുഭവങ്ങളാണ് ഇതുവരെ ജില്ലയിലുള്ളത്. തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ അതത് പരിധിയിലെ വിദ്യാലയങ്ങളിലെ ക്ലാസ് മുറികള്‍ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണം.
തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ എൻജിനീയര്‍മാര്‍ വിദ്യാലയം സന്ദര്‍ശിച്ച് കെട്ടിടങ്ങളുടെയും ക്ലാസ്സ് മുറികളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചതായി ഉറപ്പു വരുത്തണം. സുരക്ഷ പരിശോധന നടത്തി വിദ്യാഭ്യാസ സ്ഥാപനത്തില്‍ സൂക്ഷിച്ചിട്ടുള്ള പരിശോധന രജിസ്റ്ററില്‍ ഫിറ്റ്നസ് സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തണം.
അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കുകയും പരിശോധനക്ക് ഹാജരാക്കേണ്ടതുമാണെന്ന് ഉത്തരവിൽ പറയുന്നു. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾക്ക് മുറപോലെ ഫിറ്റ്നസ് നൽകുന്ന അധികൃതർ തന്നെ അന്വേഷണം നടത്തുമ്പോൾ അതിൽ എത്രതോളം ആത്മാർഥത ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ ചോദ്യം.
ഏത് നിമിഷവും തകർന്നുവീഴാൻ പാകത്തിലുള്ള കെട്ടിടങ്ങൾക്കടക്കം ഫിറ്റ്നസ് നൽകി വരുന്നുണ്ട്. ജീവന് ഭീഷണിയാവുന്ന വിധത്തിലുള്ള നടപടികൾ ആരും ശ്രദ്ധിക്കാതെ പോയത് അധികൃതരുടെ വീഴ്ച തന്നെയാണ്. കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കൾ ആശങ്കയിലാണ്.
രക്ഷിതാക്കൾ ഇടപെട്ട് ഗ്രാമപഞ്ചായത്തുകൾക്ക് പരാതി നൽകിയിട്ടു പോലും ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്. .സ്കൂളുകളുടെ ഫിറ്റ്നസും മറ്റ് പശ്ചാത്തല സൗകര്യങ്ങളും യഥാസമയം പരിശോധിക്കപ്പെടണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.