വെള്ളമുണ്ട: ആദിവാസി ക്ഷേമത്തിനായി കോടികൾ പൊടിച്ച നാട്ടിൽ ചോരുന്ന വീട്ടിൽനിന്ന് മോചനമില്ലാതെ ആദിവാസി കുടുംബം. വെള്ളമുണ്ട പഞ്ചായത്തിലെ ഓണിവയൽ പണിയ കോളനിയിലെ ഗീതയുടെ കുടുംബമാണ് ദുരിത ജീവിതം നയിക്കുന്നത്.
പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് നിർമിച്ച ചോരുന്ന ഒറ്റമുറി ഷെഡിൽ ഒരു വയസ്സും മൂന്നുവയസ്സുമുള്ള രണ്ടു മക്കളും ഭർത്താവും ഒന്നിച്ചാണ് കഴിയുന്നത്. മഴക്കാലത്ത് കോളനിയിൽ വെള്ളം കയറുന്നത് പതിവാണ്.
സമീപത്തെ തോട് കരകവിഞ്ഞൊഴുകി ഒറ്റപ്പെടുന്ന ഇവർ, മഴക്കാലത്ത് ആഴ്ചകളോളം ദുരിതാശ്വാസ ക്യാമ്പിലും ബാക്കി ദിവസങ്ങളിൽ വെള്ളം കയറി കുതിർന്ന നിലത്ത് പായ വിരിച്ചുമാണ് ഉറങ്ങുന്നത്. വീടിന് വേണ്ടി വർഷങ്ങളായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്നു. പക്ഷേ, അപേക്ഷകളൊന്നും ആരും പരിഗണിച്ചില്ലെന്ന് ഗീത പറയുന്നു.
കോളനിയിലെ മറ്റു വീടുകളിലും വെള്ളം കയറാറുണ്ട്. വർഷങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ വീട് ലഭിച്ചവർക്കടക്കം മഴക്കാലത്ത് സ്വസ്ഥമായി ഉറങ്ങാൻ കഴിയുന്നില്ല.
വയലിനോട് ചേർന്ന കോളനിയിലേക്ക് എത്താൻ റോഡും ഇല്ല. ഇവരുടെ ദുരിത ജീവിതം അധികൃതരും കണ്ടില്ലെന്ന് നടിക്കുകയാണ്. കോളനിയോട് ചേർന്ന ഭൂമിയിലാണ് കാപ്പുമ്മൽ കോളനി പുനരധിവാസത്തിനായി സ്ഥലം എടുത്ത് നല്ല വീടുകൾ നിർമിച്ചു നൽകിയിരിക്കുന്നത്.
പുനരധിവാസ പദ്ധതിക്കരികെ, മറ്റൊരു കോളനിയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിയുകയാണ് ഈ കുടുംബങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.