വെള്ളമുണ്ട: ലക്ഷങ്ങൾ ചെലവഴിച്ച് ആദിവാസികൾക്കായി നിർമിച്ച വീടുകൾ ഉപയോഗശൂന്യമായി നശിക്കുന്നു. ജില്ലയിലെ വിവിധ കോളനികളിലായി നൂറുകണക്കിന് കോൺക്രീറ്റ് വീടുകളാണ് ആൾത്താമസമില്ലാതെ നശിക്കുന്നത്. ബന്ധുക്കൾ മരണപ്പെടുമ്പോൾ മരണം സംഭവിച്ച വീട് ആദിവാസികൾ ഉപേക്ഷിക്കുന്നതാണ് വീടുകൾ ഉപയോഗശൂന്യമാകാൻ കാരണം.
ആത്മഹത്യകൾ നടക്കുന്ന വീടുകളാണ് കൂടുതലായും ഉപേക്ഷിക്കപ്പെടുന്നത്. സംഭവം നടന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞാലും ഇത്തരം വീടുകളിൽ താമസിക്കാൻ അവർ തയാറാവുന്നില്ലെന്ന് ട്രൈബൽ വകുപ്പധികൃതർ പറയുന്നു.
മരണം സംഭവിച്ച വീടുകളിൽ താമസിക്കാൻ ആദിവാസികൾ തയാറല്ലാതാവുന്നതോടെ പുതുതായി നിർമിച്ച വീടുകൾ പോലും ഉപയോഗശൂന്യമാവുകയാണ്. വെള്ളമുണ്ട, തൊണ്ടർനാട്, പടിഞ്ഞാറത്തറ പഞ്ചായത്തുകളിൽ മാത്രം 40ലധികം വീടുകൾ ഇത്തരത്തിൽ ഉപയോഗശൂന്യമായെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
മരണം സംഭവിക്കുന്ന വീടുകളിൽ താമസിക്കുന്നവർ ബന്ധുവീടുകളിലേക്ക് മാറുകയോ മറ്റു പ്രദേശങ്ങളിലേക്ക് കുടിയൊഴിഞ്ഞുപോവുകയോ ആണ് പതിവ്. തുടർന്ന് അവിടെ ഭൂമിയിൽ ഷെഡ് കെട്ടി പുതിയ വീടിന് അപേക്ഷ നൽകുകയും ത്രിതല പഞ്ചായത്ത് ഫണ്ട് സ്വീകരിച്ച് പുതിയ വീട് നിർമിക്കുകയുമാണ്.
ഇതോടെ അവർക്ക് ആദ്യം അനുവദിച്ച വീടുകൾ താമസമില്ലാതെ കാടുകയറി നശിക്കുന്നു. സമീപകാലത്ത് നിർമിച്ച വീടുകളടക്കം ഉപേക്ഷിക്കുന്നത് പതിവാണെങ്കിലും ഇതിനെതിരെ ഒരു നടപടിയും അധികൃതരിൽ നിന്നുണ്ടായിട്ടില്ല. ആദിവാസികളുടെ ഭയമൊഴിവാക്കുന്നതിനുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ നടപ്പക്കുന്നില്ലെന്ന് ആക്ഷേപണ്ട്. അനാഥമായി കിടക്കുന്ന ഇത്തരം വീടുകൾ കണ്ടെത്തി ഉപയോഗപ്രദമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.