വെള്ളമുണ്ട: വയനാട്ടിൽ അനധികൃത മണ്ണെടുപ്പും നിലംനികത്തലും വ്യാപകമായി തുടരുമ്പോഴും നടപടി എടുക്കാതെ അധികൃതർ. മണ്ണുമാന്തിയന്ത്രവും ടിപ്പറും ഉപയോഗിച്ച് രാപ്പകൽ ഭേദമില്ലാതെയാണ് മണ്ണെടുപ്പും വ്യാപാരവും നടക്കുന്നത്. മണ്ണെടുക്കാൻ അനുമതിയില്ലാത്ത സ്ഥലങ്ങളിലടക്കം മണ്ണ് നീക്കം ചെയ്യാൻ ചില മണ്ണുമാന്തി യന്ത്രമുടമകൾ കരാറെടുത്താണ് നിർമാണ-അനധികൃത പ്രവൃത്തി നടത്തുന്നത്.
വലിയ തുകക്ക് കരാറെടുക്കുന്ന മണ്ണ് നീക്കൽ രാത്രിയുടെ മറവിലും അവധി ദിനങ്ങളിലുമാണ് നടക്കുന്നത്. തികച്ചും നിയമവിരുദ്ധമായി നടക്കുന്ന പ്രവർത്തനങ്ങൾ അധികൃതരുടെ മൗനാനുവാദത്തോടെയാണെന്ന് പരാതിയുണ്ട്. തൊണ്ടർനാട്,വെ ള്ളമുണ്ട, പടിഞ്ഞാറത്തറ പഞ്ചായത്തിലെ വിവിധ ഇടങ്ങളിലാണ് വ്യാപകമായ മണ്ണെടുപ്പും കുന്നിടിക്കലും നടക്കുന്നത്.
തറയിലിടാനും വയൽ നികത്താനും റോഡ് നിർമാണത്തിനുമായി വൻതോതിൽ കുന്നും തോട്ടവും ഇടിച്ച് നിരത്തുകയാണ്. കെട്ടിട നിർമാണത്തിന് അനുമതി എടുത്ത് അതിന്റെ മറവിൽ വൻതോതിൽ മണ്ണെടുത്ത് വിൽപന നടത്തുന്ന സംഘവും സജീവമാണ്.
ഒരു ടിപ്പർ മണ്ണിന് 700 രൂപ മുതൽ ആയിരം രൂപ വരെയാണ് ഈടാക്കുന്നത്. വെള്ളമുണ്ട തൊണ്ടർനാട് വില്ലേജിന്റെ പരിധിയിൽ പല ഭാഗങ്ങളിലും വൻതോതിൽ മണ്ണെടുപ്പ് നടക്കുന്നുണ്ട്. അധികൃതരുടെ മുന്നിലൂടെ രാപ്പകൽ വ്യത്യാസമില്ലാതെയാണ് മണ്ണ് കടത്തുന്നതെങ്കിലും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടുന്ന സ്ഥലങ്ങളിൽ ഉൾപ്പെടെ തോന്നിയപോലെയുള്ള മണ്ണെടുപ്പ് വ്യാപകമാകുന്നത് ജനങ്ങളുടെ ജീവനും ഭീഷണിയായി മാറുകയാണ്. അനധികൃത മണ്ണെടുപ്പ് തടയാൻ അധികൃതർ പരിശോധന കർശനമാക്കിയില്ലെങ്കിൽ വലിയരീതിയിലുള്ള പ്രത്യാഘാതമുണ്ടായേക്കും.
കഴിഞ്ഞ ആഴ്ച മാനന്തവാടി ചൂട്ടക്കടവിൽ അനുമതിയില്ലാതെ അനധികൃതമായി കുന്നിടിച്ചു നിരത്തുന്നതിനിടെ മണ്ണുമാന്തി യന്ത്രങ്ങൾ റവന്യു വകുപ്പ് പിടികൂടിയിരുന്നു. മൂന്ന് മണ്ണുമാന്തി യന്ത്രങ്ങളാണ് അന്ന് പിടികൂടിയത്. ഇത്തരത്തിൽ പരിശോധന വ്യാപകമാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.