ആദിവാസി കോളനികളിൽ പകർച്ചവ്യാധി ഭീഷണി

വെള്ളമുണ്ട: മഴക്കാല മുന്നൊരുക്ക ശുചീകരണം മുറപോലെ നടക്കുമ്പോഴും ആദിവാസി കോളനികളിൽ പലതും പകർച്ചവ്യാധി ഭീഷണിയിൽ. കുടിവെള്ളക്ഷാമം നേരിടുന്ന ആദിവാസി കോളനികളിലാണ് പകർച്ചവ്യാധി ഭീഷണി രൂക്ഷം. വെള്ളമുണ്ട തൊണ്ടർനാട് പഞ്ചായത്തുകളിലെ നിരവധി കോളനികളിൽ കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്. പലരും മലയിൽനിന്നുള്ള നീർച്ചോലകളിലെയും പുഴയിലെയും തോട്ടിലെയും വെള്ളവുമാണ് ഉപയോഗിക്കുന്നത്.

വൻതോതിൽ രാസ, കീടനാശിനികൾ തളിക്കുന്ന വയലുകളിലുള്ള തോടുകളിലെ വെള്ളം മലിനമാണ്. ഇറച്ചി, മാംസ മാലിന്യങ്ങളടക്കം വ്യാപകമായി പുഴയുടെ തീരങ്ങളിൽ തള്ളുന്നത് പതിവായതും വെള്ളം മലിനമാക്കുന്നു. മലമുകളിലെ നീർച്ചാലിനെ ആശ്രയിച്ചാണ് പല ആദിവാസി കോളനിയിലും കുടുംബങ്ങൾ ജീവിക്കുന്നത്. എന്നാൽ, നീർച്ചാലിലെ വെള്ളം വിവിധ കൈയേറ്റങ്ങളിൽ സ്വാഭാവികത നഷ്ടപ്പെട്ടതോടെ ഈ കുടുംബങ്ങൾ ദുരിതത്തിലാണ്. നീർച്ചാലിൽനിന്ന് ഒഴുകിയെത്തുന്ന ജലം മലിനമായ നിലയിലാണ് പലപ്പോഴും ലഭിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

വെള്ളത്തിന് മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ ഈ മലിനജലമാണ് കോളനിക്കാർ ഉപയോഗിക്കുന്നത്. ഇത് കടുത്ത തോതിൽ ആരോഗ്യഭീഷണി ഉയർത്തുന്നുണ്ട്. ഇതോടെ പകർച്ചവ്യാധികളടക്കമുള്ള രോഗങ്ങളും കോളനികളിൽ തിരിച്ചെത്തുകയാണ്. കഴിഞ്ഞ ദിവസം മക്കിയാട് പാലേരിയിൽ‌ എലിപ്പനി ബാധിച്ച്‌ യുവാവ് മരിച്ചിരുന്നു. വെള്ളമുണ്ടയിലെ പല ഭാഗത്തും ഡെങ്കിപ്പനിയും കാണപ്പെടുന്നുണ്ട്.

Tags:    
News Summary - Infectious disease threat in tribal colonies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.