വെള്ളമുണ്ട: കെട്ടിട നിർമാണങ്ങൾക്ക് കെ.എൽ.ആർ സർട്ടിഫിക്കറ്റ് വേണ്ടെന്ന സർക്കുലർ നിലനിൽക്കെ കീഴുദ്യോഗസ്ഥർ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി പരാതി. പടിഞ്ഞാറത്തറ പഞ്ചായത്തിലെയും അനുബന്ധ ഓഫിസുകളിലെയും ഉദ്യോഗസ്ഥരാണ് ആളുകളെ പഴയ ചട്ടം പറഞ്ഞ് വട്ടം കറക്കുന്നത്.
നിലവിൽ 15 ഏക്കർ വരെ ഭൂമിയുള്ള ഏതൊരു വ്യക്തിക്കും കെട്ടിടം നിർമിക്കുന്നതിന് തടസ്സങ്ങൾ ഇല്ലെന്ന് ലാൻഡ് ബോർഡ് ഇറക്കിയ പുതിയ സർക്കുലറിൽ പറയുന്നുണ്ട്. 1963ലെ കേരള ഭൂപരിഷ്കരണ നിയമത്തിൽ പറയാത്ത വ്യവസ്ഥ വയനാട്ടിൽ മാത്രം നടപ്പാക്കിയതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
ഒരു വ്യക്തിയുടെ ഭൂമി തോട്ട ഭൂമിയാണെങ്കിൽ പോലും 15 ഏക്കറിൽ കുറവാണെങ്കിൽ അത്തരം ഭൂമി വിനിയോഗിക്കുന്നതിന് ഒരു നിയന്ത്രണവും കെ.എൽ.ആർ ആക്ടിൽ ഇല്ലെന്ന് പറഞ്ഞിട്ടുണ്ട്.
ഭൂമി തരം മാറ്റി എന്ന കാരണത്താലും തരം മാറ്റാൻ സാധ്യതയുണ്ട് എന്നതിനാലും വിൽപന, നിർമാണങ്ങൾ മുതലായ കൈവശക്കാരന്റെ അവകാശങ്ങൾ വിലക്കാൻ പാടില്ല എന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടില്ലാത്തതിനാൽ ഭൂമി വിനിയോഗത്തിന് കെ.എൽ.ആർ സർട്ടിഫിക്കറ്റ് വേണമെന്ന് നിർബന്ധിക്കരുതെന്നും സർക്കുലറിൽ പറയുന്നു.
കുടിയാൻ കുടികിടപ്പ് അവകാശങ്ങളിൽ ഭൂമി ലഭിച്ചവർക്ക് ആ ഭൂമി ഉപയോഗിക്കാനും വീട് നിർമിക്കാനും പെർമിറ്റ് ലഭിക്കാനും കഴിയാത്ത സാഹചര്യം ഉണ്ടാകരുത് എന്നും പറയുന്നു. ഈ സാഹചര്യത്തിൽ കെ.എൽ.ആർ സർട്ടിഫിക്കറ്റിന്റെ പേരിലുള്ള തടസ്സങ്ങൾ ഒഴിവാക്കണമെന്നും സർക്കുലറിലുണ്ട്.
കെട്ടിട പെർമിറ്റിന് അപേക്ഷ നൽകുമ്പോൾ വില്ലേജിൽ നിന്ന് കെ.എൽ.ആർ സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. തോട്ട ഭൂമിയിൽ നിർമാണങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. ഇത്തരം ഭൂമി വാങ്ങിയവരും അതോടെ വെട്ടിലായി. വീട് നിർമാണത്തിനായി ചെറിയഭൂമി വാങ്ങിയവരും ഇതിൽ ഉൾപ്പെടുന്നു.
ബാങ്ക് ലോൺ അടക്കമുള്ളവ നിഷേധിക്കപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ദുരിതമനുഭവിക്കുന്ന ഒട്ടേറെ പേർ പരാതികളുമായി ബന്ധപ്പെട്ട വകുപ്പിനെ സമീപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു നീക്കത്തിനും സർക്കുലർ ഇറക്കാനും അധികൃതരെ പ്രേരിപ്പിച്ചത്. ഭൂമി തരം മാറ്റുന്നതിലൂടെ നിലവിലെ കൈവശക്കാരുടെ ഭൂപരിധി അധികരിക്കാൻ പാടില്ല എന്ന് മാത്രമാണ് വ്യവസ്ഥ. അതിനാൽ ഇത്തരം ഭൂമികൾ വിനിയോഗിക്കാൻ നിയന്ത്രണങ്ങളില്ല.
സിവിൽ കോടതിയുടെ നിയമാനുസൃത നടപടികൾ അനുവർത്തിച്ച് താലൂക്ക് ലാൻഡ് ബോർഡ് ഒരു ഭൂമിയെ മിച്ചഭൂമിയായി പ്രഖ്യാപിച്ച് സർക്കാർ ഭൂമിയാക്കി മാറ്റി ഏറ്റെടുത്താൽ മാത്രമേ ആ ഭൂമിയിൽ സർക്കാറിന് നിയമപരമായ അവകാശം ലഭിക്കുകയുള്ളൂ.
അപ്പോൾ മാത്രമേ ആ ഭൂമിയുടെ പേരിൽ സ്വകാര്യ വ്യക്തിയുടെ നികുതി, പോക്കു വരവ്, റവന്യൂ സർട്ടിഫിക്കറ്റുകൾ, പെർമിറ്റ് നിഷേധിക്കാവൂ എന്നും അതുവരെ സ്വകാര്യ വ്യക്തിയുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടണം എന്നത് ഭരണഘടനയുടെ ചുമതലയാണെന്നും സർക്കുലറിൽ പറയുന്നു.
കെ.എൽ.ആർ സർട്ടിഫിക്കറ്റ് വയനാട് ജില്ലയിൽ മാത്രം നിലനിൽക്കുന്ന ഒന്നായതിനാൽ ഭൂപരിഷ്കരണത്തിന്റെ പിൻബലം ലഭിക്കില്ലെന്നതിനാൽ കെട്ടിട നിർമാണങ്ങൾക്ക് കെ.എൽ.ആർ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കാൻ കാരണമായി.
എന്നാൽ, സർക്കുലർ ഇറങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ചില ഉദ്യോഗസ്ഥർ പൊതുജനത്തെ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് വട്ടം കറക്കുകയാണ്. കലക്ടറുടെ ഉത്തരവ് ലഭിക്കാത്തതാണ് കാലതാമസത്തിന് ഇടയാക്കുന്നത് എന്നാണ് വിവരം. രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.