വെള്ളമുണ്ട: ജലനിധി പദ്ധതിയിലുൾപ്പെടുത്തി ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കുടിവെള്ള പദ്ധതി ഉപയോഗപ്രദമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിർമാണം കഴിഞ്ഞതു മുതൽ ആവശ്യത്തിന് വെള്ളം ലഭിക്കാതെ നശിച്ചുകൊണ്ടിരിക്കുന്ന പദ്ധതിയാണിത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ മംഗലശ്ശേരി കുടിവെള്ള പദ്ധതിയാണ് നോക്കുകുത്തിയാവുന്നത്. കാട്ടരുവിയിലെ ജലം ഉപയോഗിച്ച് നിർമിച്ച പദ്ധതിയാണിത്. സമീപത്തെ ആദിവാസി കോളനിയിൽ പോലും ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ല.
മലമുകളിലെ നീർച്ചാലിനു കുറുകെ നിർമിച്ച ചെക്ക്ഡാമിലേക്ക് വേനൽക്കാലത്ത് വെള്ളമെത്താത്തതാണ് പദ്ധതി പാഴാകാൻ കാരണം. വേനൽ കനക്കുന്നതു മുതൽ നീർച്ചാൽ മുഴുവൻ വറ്റിയ അവസ്ഥയിലാവും. വേനൽമഴ ലഭിച്ചാൽ പോലും താൽക്കാലികമായി വെള്ളം ലഭിക്കുമെന്നല്ലാതെ വേനൽക്കാലത്ത് ഈ പദ്ധതി ഉപകാരപ്പെടില്ലെന്ന് നാട്ടുകാർ നിർമാണ സമയത്തുതന്നെ ചൂണ്ടിക്കാണിച്ചിരുന്നു.
സർക്കാർ ഫണ്ടും പൊതുജന വിഹിതവും പൊടിച്ച പദ്ധതിയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. മലമുകളിലെ ആദിവാസികളടക്കമുള്ള കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടിയാണ് പദ്ധതി ആവിഷ്കരിച്ചത്. എന്നാൽ, ആദിവാസിക്ഷേമം മുൻനിർത്തി ലക്ഷങ്ങളുടെ അഴിമതിയാണ് ഇത്തരം പദ്ധതികളിൽ നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.