വെള്ളമുണ്ട: ഓണ്‍ലൈന്‍ പഠനത്തിലൂടെ പുതിയ അധ്യയനവര്‍ഷത്തിന് തുടക്കമായെങ്കിലും ക്ലാസ് തുടങ്ങിയതറിയാതെ നിരവധി ആദിവാസി വിദ്യാർഥികൾ. ഓൺലൈൻ പഠനസൗകര്യമില്ലാത്തതാണ് ഇവരെ വലക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഓൺലൈൻ ക്ലാസുകളാണ് ഇവർക്ക് നഷ്ടമാകുന്നത്. ഓൺലൈൻ ക്ലാസിന് യോജ്യമായ ഫോണും ഇൻറർനെറ്റ് സൗകര്യവും ഇല്ലാത്തതാണ് ഇവരെ പരിധിക്ക് പുറത്തുനിർത്തുന്നത്.
വിക്ടേഴ്സ് ചാനലിലെ ക്ലാസ് കേൾക്കാനും പലപ്പോഴും കഴിയുന്നില്ല. പല സ്ഥലങ്ങളിലും വൈദ്യുതി പണിമുടക്കം പതിവാണ്. ക്ലാസ് കേൾക്കാൻ ടി.വിക്ക് മുന്നിലെത്തിയ വിദ്യാർഥികൾ നിരാശരായി എഴുന്നേറ്റ് പോകേണ്ടിവരുന്നു. വൈദ്യുതി ഇടക്കിടെ മുടങ്ങുന്നതിനാൽ പകുതി ക്ലാസ് മാത്രമാണ് പലരും കേട്ടത്. സംസ്ഥാനത്ത് രണ്ടാം വർഷമാണ് കുട്ടികൾ സ്കൂളിലേക്കെത്താതെ ക്ലാസ് തുടങ്ങുന്നത്. വീടാണ് ക്ലാസ് മുറി. വിക്ടേഴ്സ് ചാനലിലൂടെയാണ് ക്ലാസുകള്‍. ടി.വിയോ ഓണ്‍ലൈന്‍ സംവിധാനമോ ഇല്ലാത്തിടങ്ങളിൽ പി.ടി.എയുടെയും കുടുംബശ്രീയുടെയും സഹായത്തോടെ മറ്റ് സംവിധാനമൊരുക്കും എന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല.
വെള്ളമുണ്ട പഞ്ചായത്തിലെ വാളാരംകുന്ന്, പുളിഞ്ഞാൽ, തൊണ്ടർനാട് പഞ്ചായത്തിലെ കുത്തോം, ചുരുളി തുടങ്ങി വനത്തോട് ചേർന്ന കോളനികളിൽ ഇൻറർനെറ്റും വൈദ്യുതിയും ഒളിച്ചുകളിക്കുന്നതായി ആദിവാസികൾ പറയുന്നു. ജില്ലയിലെ മറ്റു വനാശ്രിത ഗ്രാമങ്ങളിലെ അവസ്ഥയും സമാനമാണ്. ആദിവാസികളടക്കം ഇങ്ങനൊരു ക്ലാസ് നടക്കുന്നത് അറിഞ്ഞിട്ടില്ല. മലയോരമേഖലകളിൽ മഴ കനക്കുന്നതോടെ നാട് ഇരുട്ടിലാവുന്നത് പതിവാണ്. ഇതോടെ ടി.വി ഉള്ളവർക്കും ക്ലാസ് ഉപകാരപ്രദമല്ലാതാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.