വെള്ളമുണ്ട: പുതിയ സ്ഥലങ്ങളിൽ പുലിയുടെ സാന്നിധ്യം ജനത്തെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം കുണ്ടാല കമ്മന ഭാഗത്ത് പുലിയെ കണ്ടതിന്റെ പുറകെ ഇന്നലെ പീച്ചങ്കോട് നെല്ലേരിക്കുന്ന് പരിസരത്തും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ചിറക്കൽപടി നെല്ലിക്ക എസ്.സി കോളനി റോഡിലാണ് പുലി സാന്നിധ്യം കണ്ടെത്തിയത്. പരിസരത്തു കണ്ട കാൽപാടുകൾ പുലിയുടേതാണെന്ന് വനപാലകർ സ്ഥിരീകരിച്ചു.
തിങ്കളാഴ്ച രാവിലെയാണ് നാട്ടുകാർ കാൽപാടുകൾ കണ്ടത്. തുടർന്ന് വെള്ളമുണ്ട സെക്ഷനിലെ വനപാലകർ സ്ഥലത്ത് പരിശോധന നടത്തി. പുലി എവിടെ എന്ന ഭീതി ഗ്രാമത്തിന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കുണ്ടാല- കമ്മന ഭാഗത്ത് കണ്ട പുലി തന്നെയാണോ ഇവിടെയും വന്നതെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. വന്യമൃഗശല്യം ഇല്ലാത്ത ഭാഗങ്ങളിലും പുലിയടക്കമുള്ളവ ഇറങ്ങുന്നതിന്റെ ഭീതിയിലാണ് ജനങ്ങൾ.
കഴിഞ്ഞ ദിവസം കല്ലുവയല്‍ കോളനിയിലെ ഗോപാലന്റെ പറമ്പില്‍ കടുവയുടെ കാല്‍പാടും കുണ്ടാലയിലെ തൂപ്പുംങ്കര ജോമറ്റിന്റെയും സമീപത്തെയും തോട്ടങ്ങളില്‍ പുലിയുടെ കാല്‍പാടുകളും കണ്ടെത്തിയിരുന്നു. കല്ലുവയലിൽ ആന, കാട്ടുപന്നി, മയില്‍ തുടങ്ങിയ വന്യമൃഗശല്യം പ്രദേശത്ത് രൂക്ഷമാണ്. ഇതിന് പുറമെയാണ് കടുവ സാന്നിധ്യവും.
വന്യമൃഗ സാന്നിധ്യം തുടർക്കഥയായതോടെ ജനം ഭീതിയിലാണ്. പുലിയടക്കമുള്ള വന്യമൃഗങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉറക്കംകെടുത്താൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ല. വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നതിനെക്കുറിച്ച് കൃത്യമായ പഠനം പോലും പലപ്പോഴും നടക്കുന്നില്ല എന്ന് പരാതിയുണ്ട്.
പുലി സാന്നിധ്യം കാണുന്ന പ്രദേശങ്ങളിൽ ഓടിയെത്തുന്ന വനപാലകർ തുടർന്ന് അതേ പ്രദേശത്ത് വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയുന്നതിന് പദ്ധതികൾ ആവിഷ്കരിക്കുന്നതിന് താൽപര്യം കാണിക്കാറില്ലെന്നും ആരോപണമുണ്ട്.
നാടും കാടും വേർതിരിക്കുന്നതിനുള്ള ഒരു സംവിധാനവും നാളിതുവരെയായി ജില്ലയിൽ നടന്നിട്ടില്ല. സുൽത്താൻ ബത്തേരി മേഖലയിൽ കടുവ സാന്നിധ്യം ഒരു നാടിന്റെ ഉറക്കം കെടുത്തിയിട്ടു പോലും കൃത്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്.
മുമ്പ് പുലി സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുമ്പോഴും പൂച്ച പുലിയാണെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു പതിവ്. വെള്ളമുണ്ടയുടെ വിവിധ ഭാഗങ്ങളിൽ ഇതിനുമുമ്പും പുലിയെ കണ്ടതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
അന്ന് അത് പൂച്ച പുലിയാണെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. എന്നാൽ പീച്ചങ്ങോട് പ്രദേശത്ത് കണ്ട കാൽപാടുകൾ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചതോടെ സമീപപ്രദേശങ്ങളിൽ ഉള്ളവരും ഭീതിയിലാണ്. കാടുവിട്ട് നാട്ടിൽ ഇറങ്ങുന്ന പുലി എങ്ങോട്ട് സഞ്ചരിക്കുന്നു എന്നറിയാതെ ജനം വലയുകയാണ്.
പലപ്പോഴും അതിരാവിലെയും രാത്രിയിലും വഴിയിലൂടെ സഞ്ചരിക്കുന്നവർ പുലിയെ പേടിക്കേണ്ട അവസ്ഥയിലാണ്. ശാശ്വതമായ പരിഹാരം ഉണ്ടാവണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.