വെള്ളമുണ്ട: നിർമാണം തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പണിപൂർത്തിയാവാതെ പുളിഞ്ഞാൽ റോഡ്. ദുരിതം ഒഴിയാതെ പുളിഞ്ഞാൽ നിവാസികൾ. വെള്ളമുണ്ട പഞ്ചായത്തിലെ വെള്ളമുണ്ട- പുളിഞ്ഞാല്‍ - മൊതക്കര-തോട്ടോളിപ്പടി റോഡു പണിയാണ് ഇഴഞ്ഞു നീങ്ങുന്നത്. മൂന്നു വര്‍ഷമായിട്ടും റോഡ് പണി പൂര്‍ത്തിയാക്കാത്തതില്‍ നാട്ടുകാര്‍ കനത്ത പ്രതിഷേധത്തിലാണ്.
പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒമ്പത് കോടി രൂപ ചെലവില്‍ 2021ല്‍ പ്രവൃത്തി തുടങ്ങിയ റോഡാണിത്. 10 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡിൽ പല ഭാഗങ്ങളിലും പൊടി ശല്യവും ചളിയും കാരണം കാൽനട പോലും ദുസ്സഹമാണ്.
ചെറുമഴ പെയ്താൽ പോലും റോഡിലൂടെ യാത്ര ചെയ്യാൻ കഴിയില്ല. റോഡിനിരുവശങ്ങളിലുമുള്ള ഭൂമി വിട്ടുനല്‍കിയ വീട്ടുകാര്‍ പൊടിശല്യം കാരണം കടുത്ത ദുരിതത്തിലാണ്. അധികൃതരുടെ ഒത്താശയോടെയാണ് കരാറുകാരന് പണി പൂര്‍ത്തിയാക്കാതെ ജനങ്ങളെ ദുരിതത്തിലാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. വെള്ളമുണ്ട ടൗണിൽ നിന്നും തുടങ്ങുന്ന റോഡിന്റെ പല ഭാഗവും മഴ പെയ്തതോടെ ചളി നിറഞ്ഞുകിടക്കുകയാണ്. കിലോമീറ്ററുകൾ ചുറ്റിയാണ് നാട്ടുകാർ പ്രധാനടൗണുകളിലെത്തുന്നത്.
മുമ്പ് റോഡ് നിർമാണത്തിനായി പല ഭാഗത്തായി വ്യാപകമായി മണ്ണ് തള്ളിയതും കുടിവെള്ള പദ്ധതിക്കായി റോഡരിക് കുഴിച്ചതും ദുരിതം വർധിപ്പിച്ചിട്ടുണ്ട്. ഒച്ചിഴയുന്ന വേഗത്തിൽ തികച്ചും അശാസ്ത്രീയമായി നടക്കുന്ന പ്രവൃത്തിക്കെതിരെ വ്യാപകമായ പരാതികൾ മുമ്പ് ഉയർന്നിരുന്നു.
വെള്ളമുണ്ട ടൗണിൽനിന്നും തുടങ്ങി എട്ട് കിലോമീറ്റർ റോഡാണ് 10 മീറ്റർ വീതിയിൽ നിർമിക്കുന്നത്. പരാതി വ്യാപകമായതോടെ പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് മുമ്പ് കരാറുകാരനെ വിളിച്ച് ചർച്ച നടത്തുകയും വേഗത്തിൽ നിർമാണം പൂർത്തിയാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.