വെള്ളമുണ്ട: പുനരധിവാസം പൂർത്തിയായപ്പോൾ കൂവണ കോളനിയിൽ ബാക്കിയായ രണ്ടു കുടുംബങ്ങൾക്ക് വഴിയുമില്ല, സ്ഥലവുമില്ല. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ നടക്കൽ കൂവണ കോളനിയിൽ ബാക്കിയായ ചടയൻ, സുരേഷ് എന്നീ രണ്ട് ആദിവാസി കുടുംബങ്ങളാണ് അധികൃതരുടെ അവഗണനയിൽ ദുരിതത്തിലായത്. 2018ലെ പ്രളയകാലത്ത് കൂവണ പണിയ കോളനിയിലെ കുടുംബങ്ങളെ മുഴുവൻ സ്ഥലവും വീടും നൽകി പുനരധിവസിപ്പിച്ചിരുന്നു.
എന്നാൽ, ചടയനും സുരേഷും ഈ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ടില്ലെന്ന് ആദിവാസികൾ പറയുന്നു. കോവിഡ് കാലത്ത് കോളനിക്കാരുടെ ദുരിതം കണ്ട് ജില്ല ഭരണകൂടമടക്കം നേരിട്ട് ഇടപെട്ട വിഷയമായിരുന്നു. എത്രയും പെട്ടെന്ന് മുഴുവൻ കുടുംബങ്ങളേയും മാറ്റി പാർപ്പിക്കാൻ അന്ന് തീരുമാനിച്ചിരുന്നു. എന്നാൽ, പുനരധിവാസം പൂർത്തിയായപ്പോൾ രണ്ട് കുടുംബങ്ങളെ മാത്രം കോളനിയിൽ നിർത്തി ബാക്കി മുഴുവൻ കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു.
മുഴുവൻ കുടുംബങ്ങളും ഉണ്ടായിരുന്ന സമയത്ത് കോളനിയിലേക്ക് മൂന്നടി വഴിയുണ്ടായിരുന്നെങ്കിലും നിലവിൽ അതുപോലും നഷ്ടപ്പെട്ട അവസ്ഥയാണ്. വയലിൽ കൂടെ നിർമിച്ച വഴി ഇരുവശത്തും ഉപയോഗശൂന്യമായ അവസ്ഥയിലാണ്.
ചടയന് നിലവിൽ വീട് ഉണ്ടെങ്കിലും ഒരു സെന്റ് സ്ഥലം പോലും സ്വന്തമായില്ല. നിലവിൽ താമസിക്കുന്ന സ്ഥലത്തിന് രേഖകൾ നിർമിച്ചു നൽകുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. സ്ഥലത്തിന് രേഖയില്ലാത്തതിനാൽ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുമില്ല.
2018ൽ ഉണ്ടായ പ്രളയത്തിൽ മാറ്റി പാർപ്പിക്കപ്പെട്ട ഇവരുടെ ദുരിതം ‘മാധ്യമം’ വാർത്തയാക്കുകയും തുടർന്ന് അധികൃതർ ഇടപെട്ട് പുനരധിവാസ പദ്ധതി പ്രഖ്യാപിക്കുകയുമായിരുന്നു.
കൂവണ കോളനിവാസികൾ ഉൾപ്പെടെ 44 കുടുംബങ്ങൾക്ക് 10 സെന്റ് സ്ഥലം വീതം നൽകി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കണ്ടെത്തിയ നാലേമുക്കാൽ ഏക്കർ സ്ഥലത്ത് പുനരധിവാസ പദ്ധതി നല്ല രീതിയിൽ നടപ്പാക്കിയിരുന്നു. ഫണ്ടും പദ്ധതികളും എല്ലാം എത്തിയിട്ടും രണ്ട് കുടുംബങ്ങളെ മാറ്റിനിർത്തിയത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ബാക്കിയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.