നെ​ൽ​പാ​ട​ത്ത് വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന ക​ള

കൃഷി ഭവൻ മുഖേന ലഭിച്ച നെൽവിത്ത് ചതിച്ചു: വയൽ നിറഞ്ഞ് കളകൾ

വെള്ളമുണ്ട: കൃഷി ഭവൻ മുഖേന ലഭിച്ച നെൽവിത്ത് ചതിച്ചതോടെ വയൽ നിറഞ്ഞ് കളകൾ. പടിഞ്ഞാറത്തറയിലും വെള്ളമുണ്ടയിലും കൃഷിയിറക്കിയ ഹെക്ടര്‍ കണക്കിന് നെല്‍വയലുകളില്‍ കളകള്‍ വളര്‍ന്ന് നെല്‍കര്‍ഷകര്‍ പ്രതിസന്ധിയിലായി.

കൃഷിഭവനില്‍ നിന്ന് ലഭിച്ച ഉമ നെല്‍വിത്തുപയോഗിച്ച് കൃഷിയിറക്കിയ പാടങ്ങളിലാണ് നെല്ലിനേക്കാളുയരത്തില്‍ കളകള്‍ വളര്‍ന്ന് നെല്ലിന് ഭീഷണിയായിരിക്കുന്നത്. അമിതലാഭം ലഭിക്കുന്ന വാഴ കൃഷിയുടെ പ്രലോഭനത്തില്‍പെടാതെ നെല്‍കൃഷി ചെയ്യുന്ന പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറ വില്ലേജ് പരിധിയിലെ നെല്‍കര്‍ഷകരും വെള്ളമുണ്ട പഞ്ചായത്തിലെ പാലയാണ, കക്കടവ് ഭാഗങ്ങളിലെ കര്‍ഷകരുമാണ് പ്രതിസന്ധിയിലകപ്പെട്ടത്.

ഈ വര്‍ഷം പടിഞ്ഞാറത്തറ കൃഷിഭവനില്‍ നിന്ന് ലഭിച്ച ഉമ ഉള്‍പ്പെടെയുള്ള വിത്തെറിഞ്ഞ് ഞാറ്റടിയും വിതയും കൃഷി ചെയ്തവര്‍ക്ക് കതിര് വന്നത് നെല്ലിന് പകരം നിറയെ കളകളായിരുന്നുവെന്ന് പരാതിയുണ്ട്. ഒരുതരം പക്ഷിത്തീറ്റയുടെ പോലുള്ള വിത്തുകളാണ് പാടത്ത് വിളഞ്ഞുനില്‍ക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

പുതുശ്ശേരിക്കട്, കുറുമ്പാല ദേശങ്ങളില്‍ കണ്ണോത്ത്ഭാഗം, പൂർണിമ തുടങ്ങിയ പാടശേഖരങ്ങളിലാണ് വിവിധയിനം കളകള്‍ നിറഞ്ഞിരിക്കുന്നത്. പ്രദേശത്തെ നൂറിലധികം ഹെക്ടറിലാണ് നെല്‍കൃഷി നശിച്ചിരിക്കുന്നത്. കൃഷിക്കാര്‍ കളനാശിനികള്‍ തുടക്കം മുതല്‍ ഉപയോഗിച്ചെങ്കിലും തുടര്‍ച്ചയായി മഴ ലഭിച്ചപ്പോള്‍ കളകള്‍ തഴച്ചുവളരുകയായിരുന്നു.

ഇതോടെ നെല്ലിന്റെ വളര്‍ച്ചയും കതിരിടലും മേനിയും തീരെ കുറയുകയും ചെയ്തു. കുപ്പാടിത്തറയില്‍ കോമ്പി അബ്ദുല്ല, പുറത്തൂട്ട് പ്രേമന്‍, ആറങ്ങാടന്‍ അമ്മദ്, കെ. മുഹമ്മദലി, കൊച്ച യൂസുഫ്, കരിപ്പാടില്‍ ഷിബു തുടങ്ങിയവരുടെ കൃഷയിടങ്ങളിലാണ് കളകൾ നിറഞ്ഞിരിക്കുന്നത്.

ഇവരെല്ലാം നെല്‍കൃഷി ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെങ്കിലും കൃഷിഭവന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാടല്ല ഇവര്‍ക്ക് ലഭിക്കുന്നെതെന്ന് ആരോപണമുണ്ട്. വിവിധയിടങ്ങളില്‍ നിന്നും വായ്പയെടുത്ത് വയല്‍ പാട്ടത്തിനെടുത്ത് നെല്‍ കൃഷിയിറക്കിയ കര്‍ഷകരാണ് കടക്കെണിയിലകപ്പെട്ടിരിക്കുന്നത്.

മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. വയലുകളിൽ നെല്ലിനേക്കാൾ കൂടുതൽ കളവളരുന്നതിനെക്കുറിച്ച് പരാതികൾ വ്യാപകമാണെങ്കിലും ഒരു പഠനവും നടന്നിട്ടില്ലെന്നും ആക്ഷേപമുണ്ട്.

Tags:    
News Summary - seeds received through Krishi Bhavan cheated-field full of weeds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.