വെള്ളമുണ്ട: സർക്കാർ വിദ്യാലയത്തിൽനിന്ന് കൂട്ടത്തോടെ സ്വകാര്യ വിദ്യാലയത്തിലേക്ക് പഠനത്തിനുപോയ ആദിവാസി വിദ്യാർഥികൾ ജില്ലയിൽ തിരിച്ചെത്തി. വെള്ളമുണ്ട പഞ്ചായത്തിലെ വാളാരംകുന്ന്, കൊയ്റ്റപാറ, നരിപ്പാറ കോളനികളിൽ നിന്നും കൊല്ലത്തെ അമൃത വിദ്യാലയത്തിലേക്ക് പോയ 22 കുട്ടികളാണ് പഠനം നിർത്തി തിരിച്ചെത്തിയത്.
ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ ഉള്ള വിദ്യാർഥികളെയാണ് കൊല്ലം അമൃത സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിലേക്ക് കഴിഞ്ഞ മേയിൽ രക്ഷിതാക്കൾ സ്വയം ഇഷ്ടപ്രകാരം മാറ്റിച്ചേർത്തത്.
അധ്യയനം തുടങ്ങി ദിവസങ്ങൾ കഴിഞ്ഞതോടെ അവിടെ നിൽക്കാൻ പറ്റില്ലെന്ന് പറഞ്ഞ് കുട്ടികൾ തിരിച്ചുപോരുകയായിരുന്നുവെന്നാണ് പറയുന്നത്. തിരിച്ചെത്തിയ മുഴുവൻ കുട്ടികളെയും കാവുംമന്ദം, തലപ്പുഴ, മട്ടിലയം തുടങ്ങിയ ഹോസ്റ്റലുകളിലേക്ക് ബന്ധപ്പെട്ടവർ തന്നെ മാറ്റുകയും പഠനത്തിനുള്ള സൗകര്യം ചെയ്തതായും കുട്ടികളെ കൊണ്ടുപോയ ആളുകൾ അറിയിച്ചു. കൂട്ടത്തോടെ കുട്ടികളെ മാറ്റുന്നതിനെതിരെ സ്കൂൾ അധികൃതരും നാട്ടുകാരും അന്നു തന്നെ രംഗത്തെത്തിയിരുന്നു.
സംഭവം വിവാദമായതോടെ ജില്ല കലക്ടറും മന്ത്രിയും ഇടപെട്ടിരുന്നെങ്കിലും രക്ഷിതാക്കൾ നിർബന്ധപൂർവ്വം സ്കൂളിൽനിന്നും ടി.സി വാങ്ങുകയായിരുന്നു. ആദ്യം സ്വകാര്യ സ്കൂളിന്റെ പ്രതിനിധി സർക്കാർ സ്കൂളിൽ എത്തി ടി.സി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
അങ്ങനെ ടി.സി നൽകാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ രക്ഷിതാക്കൾ എത്തി അപേക്ഷ നൽകി. ജില്ലക്ക് പുറത്തുള്ള വിദ്യാലയത്തിലേക്ക് ആദിവാസി കുട്ടികളെ മാറ്റുന്നതിന് ജില്ല കലക്ടറുടെ അനുമതി വേണം.
മുമ്പും ജില്ലയിൽ സമാന നീക്കം നടന്നപ്പോൾ അന്നത്തെ ജില്ല കലക്ടർ പ്രത്യേക ഉത്തരവിറക്കി തടയുകയായിരുന്നു. പൊതുവിദ്യാഭ്യാസരംഗത്തെ തകർക്കുന്ന ഇത്തരം നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, ഈ കുട്ടികൾ കൃത്യമായി സ്കൂളിലെത്താറില്ലെന്നും പഠനം മുടങ്ങുന്നതിന് പരിഹാരമില്ലെന്നും ഇവരെ മാറ്റുന്നതിലൂടെ കൃത്യമായ വിദ്യാഭ്യാസം ലഭിക്കുമെന്നുമാണ് സ്വകാര്യ വിദ്യാലയത്തിന്റെ പ്രതിനിധി അന്നു പറഞ്ഞിരുന്നത്.
ഹോസ്റ്റൽ സൗകര്യവും കൃത്യമായ സൗജന്യ ഭക്ഷണ, വിദ്യാഭ്യാസ സൗകര്യവും ഇവർക്ക് ലഭിക്കും. ഗോത്ര സാരഥി പദ്ധതി പോലും പ്രഹസനമായതിനാൽ ഇവരുടെ വിദ്യാഭ്യാസം ദുരിതത്തിലുമാണ്. ഇത് മനസിലാക്കിയ രക്ഷിതാക്കളുടെ പൂർണ സഹകരണത്തോടെയാണ് കുട്ടികളെ മാറ്റാൻ ശ്രമിച്ചതെന്നും ബന്ധപ്പെട്ടവർ അന്നു പറഞ്ഞിരുന്നു.
രക്ഷിതാക്കൾ ടി.സി വാങ്ങാൻ താൽപര്യപ്പെടുന്ന പക്ഷം സ്കൂൾ അധികൃതർക്ക് നൽകാതിരിക്കാൻ കഴിയില്ല. സർക്കാർ വിദ്യാലയങ്ങളിൽനിന്നും വ്യാപകമായ രീതിയിൽ സ്വകാര്യ വിദ്യാലയങ്ങളിലേക്ക് മുമ്പും ആദിവാസി കുട്ടികളെ മാറ്റിയിരുന്നു. എന്നാൽ, കൂട്ടത്തോടെയുള്ള മാറ്റം ആദ്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.