വെള്ളമുണ്ട: വേനൽ അവധി തുടങ്ങിയതു മുതൽ കുട്ടികളെ പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് അധ്യാപകർ. അൺ എയ്ഡഡ് വിദ്യാലയങ്ങൾ വിദ്യാർഥികളെ ആകർഷിക്കും മുമ്പ് പൊതുവിദ്യാലയങ്ങളിലേക്ക് എത്തിക്കുന്നതിെൻറ ഭാഗമായുള്ള ഊർജിത പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുവീടാന്തരം കയറിയാണ് വിദ്യാർഥികളെ ചേർക്കുന്നത്. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർ ഏപ്രിൽ ആദ്യവാരം മുതൽ വീട് സന്ദർശനം തുടങ്ങിയിരുന്നു.
അടുത്തടുത്ത വിദ്യാലയങ്ങളിലേക്ക് പുതിയ വിദ്യാർഥികൾ ചേരുന്നതിനു മുമ്പേ കുട്ടികളെ തങ്ങളുടെ വിദ്യാലയത്തിൽ ചേർക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം. ആകർഷകമായ ഓഫറുകളും പല വിദ്യാലയങ്ങളും െവച്ചിട്ടുണ്ട്. വിദ്യാലയത്തിലേക്ക് എത്താനുള്ള വാഹന സൗകര്യമടക്കം സൗജന്യമാക്കിയാണ് പല വിദ്യാലയങ്ങളും കുട്ടികളെ ആകർഷിക്കാൻ ശ്രമിക്കുന്നത്.
ജനുവരി മാസം മുതൽ തന്നെ ഒന്നാം തരത്തിലേക്കുള്ള പ്രവേശനം ആരംഭിച്ച വിദ്യാലയങ്ങൾ കുട്ടികളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമവും നടത്തുന്നുണ്ട്. ഭൗതിക സൗകര്യങ്ങൾ കൂടുതലുള്ള വിദ്യാലയത്തിലേക്ക് കുട്ടികളെ ചേർക്കാനാണ് രക്ഷിതാക്കൾ താൽപര്യം കാണിക്കുന്നത്.
ഒന്നാം കോവിഡ് കാലം മുതൽ പൊതുവിദ്യാലയങ്ങളിലേക്ക് അൺ എയ്ഡഡിൽ നിന്നും ധാരാളമായി വിദ്യാർഥികൾ എത്തിയിരുന്നു. കഴിഞ്ഞ അധ്യയന വർഷവും കുട്ടികളുടെ എണ്ണം വർധിച്ചിരുന്നു. കോവിഡ് പ്രതിസന്ധിയിൽ കൊഴിഞ്ഞുപോയ വിദ്യാർഥികളെ തിരിച്ചെത്തിക്കാൻ സ്വകാര്യ സ്ഥാപനങ്ങളും അരയും തലയും മുറുക്കി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.