വെള്ളമുണ്ട: ആദിവാസി വിദ്യാർഥികളെ സ്കൂളിലെത്തിക്കാൻ നടപ്പാക്കിയ വിദ്യാവാഹിനി പദ്ധതി തുടങ്ങാതായതോടെ കുട്ടികൾ വിദ്യാലയങ്ങളിലെത്തുന്നില്ല. വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ വിളിച്ച് ട്രൈബൽ വകുപ്പ് ഏറ്റെടുത്തെങ്കിലും പദ്ധതിയിലെ ആശങ്കകൾ കാരണം പല വിദ്യാലയങ്ങളിലും പദ്ധതി തുടങ്ങിയില്ല.
സർക്കാർ മാനദണ്ഡപ്രകാരം കിലോ മീറ്ററിന് 20 രൂപയാണ് വാഹനങ്ങൾക്ക് ലഭിക്കുക. ഈ തുകയേക്കാൾ ഉയർന്ന ക്വട്ടേഷനാണ് വാഹന ഉടമകളെല്ലാം നൽകിയത്.
ഇതോടെ സർക്കാർ മാനദണ്ഡ പ്രകാരം പദ്ധതി നടക്കില്ലെന്ന അവസ്ഥയാണ്. അധ്യയന വർഷം തുടങ്ങിയ ജൂൺ ഒന്നു മുതൽ തന്നെ വിദ്യാവാഹിനി ഓട്ടം തുടങ്ങാൻ വിദ്യാലയങ്ങൾക്ക് നിർദേശം നൽകിയിരുന്നെങ്കിലും പദ്ധതിയിലെ തുക പരിഷ്കരിക്കാതെ ഓടാൻ കഴിയില്ലെന്നാണ് വാഹന ഉടമകൾ പറയുന്നത്. ഇതാണ് പദ്ധതി തുടങ്ങാതിരിക്കാൻ ഇടയാക്കിയത്.
പൊതു വിഭാഗത്തിലെ കുട്ടികൾ കൃത്യമായി സ്കൂളിൽ എത്തുന്നുണ്ടെങ്കിലും വാഹന സൗകര്യം ലഭിക്കാതായതോടെ ആദിവാസി വിദ്യാർഥികൾ കൂട്ടത്തോടെ പഠനം നിർത്തിയ അവസ്ഥയിലാണ്. കഴിഞ്ഞവർഷം കൃത്യമായി നടന്ന ‘ഗോത്ര സാരഥി’ പദ്ധതി ഈ വർഷം മുതൽ ‘വിദ്യാവാഹിനി’ എന്ന പേര് നൽകി പരിഷ്കരിച്ച് ട്രൈബൽ വകുപ്പിനെ ഏൽപ്പിക്കുകയായിരുന്നു.
കഴിഞ്ഞവർഷം വരെ വിദ്യാലയങ്ങളിൽ നിന്ന് ക്വട്ടേഷൻ വിളിക്കുകയും ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ ലഭിക്കുന്ന വാഹനങ്ങൾക്ക് പദ്ധതി നൽകുകയുമായിരുന്നു ചെയ്തിരുന്നത്.
എന്നാൽ, പുതിയ പദ്ധതി പ്രകാരം സർക്കാർ നിശ്ചയിച്ച തുകയിൽ കൂടുതലുള്ള ക്വട്ടേഷനുകൾ എന്താവും എന്ന ആശങ്കയാണ് നിലനിൽക്കുന്നത്. സ്കൂളിലെത്താത്ത കുട്ടികളെ തേടി അധ്യാപകർ രക്ഷിതാക്കളെ ബന്ധപ്പെട്ടപ്പോൾ വാഹന സൗകര്യമില്ലാത്തതിനാൽ കുട്ടികൾ വരാൻ തയാറാകുന്നില്ല. കുട്ടികൾ സ്കൂളിലെത്തായതോടെ രക്ഷിതാക്കളും അധ്യാപകരും ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.