വെള്ളമുണ്ട: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ സ്വയം പ്രതിരോധവുമായി ആദിവാസി കോളനികൾ. ലോക്ഡൗണിനെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ, വാഹനങ്ങളിൽ സാധനങ്ങളുമായി ധാരാളം ആളുകൾ എത്തിത്തുടങ്ങിയതോടെയാണ് കോളനിയിലേക്കുള്ള വഴി തുടങ്ങുന്നിടത്തുതന്നെ വലിയ മരത്തടികൾവെച്ച് ഇവർ നിയന്ത്രണം ഏർപ്പെടുത്തിയത്.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ എട്ടേനാൽ മുണ്ടകൽ കോളനിവാസികളാണ് ആദ്യമായി വഴിയടച്ച് നിയന്ത്രണം ഏർപ്പെടുത്തിയത്.
പൊലീസോ ആരോഗ്യവകുപ്പോ ആവശ്യപ്പെടാതെതന്നെ ആദിവാസി കുടുംബങ്ങൾ സ്വയം മാറിനിൽക്കാൻ തയാറാകുകയായിരുന്നു. സമീപത്തെ മറ്റ് ചില കോളനികളും ഇതേ മാതൃക പിന്തുടരാൻ തുടങ്ങിയിട്ടുണ്ട്.
മീൻ വണ്ടിയടക്കം ദൂരെ നിർത്തി ഒന്നോ രണ്ടോ ആളുകൾ ചെന്ന് സാധനങ്ങൾ വാങ്ങി തിരിച്ചുപോരുകയാണ് ചെയ്യുന്നത്. ആര് കോളനിയിലെത്തിയാലും അടുത്തുള്ള വീട്ടുകാരൻ വന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ്, കടത്തിവിടേണ്ട വരെ മാത്രം മരത്തടികൾ മാറ്റി പ്രവേശിപ്പിക്കും. കോളനിയിലേക്കുള്ള എല്ലാ ഭാഗത്തും ഈ രീതിയിൽ മാർഗതടസ്സങ്ങൾ കാണാം.
''ഞങ്ങൾ എന്തായാലും എങ്ങോട്ടും പോകുന്നില്ല, നേരം വെളുത്താൽ മീൻ, പച്ചക്കറി, വസ്ത്രം, എന്നിങ്ങനെ പല സാധനങ്ങളുമായി നിരവധി വണ്ടിക്കാർ കടന്നുവരുന്നു. അവർ എവിടൊക്കെ പോയി, ആരോടൊക്കെ ഇടപഴകുന്നുണ്ട് എന്നറിയില്ലല്ലോ. അതുകൊണ്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണിത്'' -കോളനിയിലെ അമ്മമാർ പറയുന്നു. ടൗണുകളിൽ ആളുകൾ സാമൂഹിക അകലം പലപ്പോഴും മറന്ന് സാധനങ്ങൾ വാങ്ങാൻ തിരക്കുകൂട്ടുകയും പൊലീസ് ആട്ടിയോടിക്കുകയും ചെയ്യേണ്ടിവരുന്നിടത്താണ് സ്വയം ഒതുങ്ങി ആദിവാസികൾ വീണ്ടും മാതൃക സൃഷ്ടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.