വെള്ളമുണ്ട (വയനാട്): ക്വാറൻറീനിൽ കഴിയുന്ന ആദിവാസികളുടെ വിവരം തിരക്കാനെത്തിയപ്പോഴാണ് കോളനിയിൽ കുടിവെള്ളം തീർന്നത് ട്രൈബൽ പ്രമോട്ടർമാരറിയുന്നത്. വസ്ത്രം മുഷിയുമെന്നോ വെള്ളം എത്തിക്കേണ്ടത് തങ്ങളല്ലെന്നോ ഒന്നും അവർ ചിന്തിച്ചില്ല. അടുത്ത വീട്ടിൽചെന്ന് നാല് പാത്രവും വാങ്ങി സമീപത്തെ കിണറ്റിൽനിന്ന് തലച്ചുമടായി വെള്ളമെത്തിച്ച് കോളനിയിലെ ടാങ്ക് നിറച്ചു. വയനാട് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ട്രൈബൽ പ്രമോട്ടർമാരായ ലീല ബാലൻ, സിന്ധു വിജയൻ, കല്യാണി, സന്ധ്യ മനോജ് എന്നിവരാണ് വെള്ളമെത്തിച്ചത്.
പഞ്ചായത്തിലെ ചെറുകര കൊടക്കാട്ട് പണിയ കോളനിയിലെ മുഴുവൻപേരും ക്വാറൻറീനിലാണ്. അഞ്ച് കുടുംബങ്ങളിലായി 23 പേരുള്ള കോളനിയിൽ മൂന്ന് പേർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കോളനി മുഴുവൻ അടച്ചുപൂട്ടി ക്ലസ്റ്ററാക്കുകയായിരുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ കോളനിയിൽ വാർഡ് മെംബറുടെ നേതൃത്വത്തിൽ പുറത്തുനിന്ന് വെള്ളം എത്തിച്ചിരുന്നു. ചില പ്രത്യേക കാരണങ്ങളാൽ ജലവിതരണം മുടങ്ങിയതോടെ ഇവർ പ്രതിസന്ധിയിലായി. തുടർന്നാണ് പ്രമോട്ടർമാർ തലച്ചുമടായി വെള്ളം എത്തിച്ചുനൽകിയത്. കോവിഡ് രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുക, ആദിവാസികളെ ബോധവത്കരിക്കുക, വാക്സിനേഷന് ആദിവാസികളെ നിശ്ചിതകേന്ദ്രങ്ങളിൽ എത്തിക്കുക തുടങ്ങിയ നിരവധി ജോലികൾ ചെയ്യുന്നതിനിടെയാണ് സേവന പ്രവർത്തനങ്ങൾക്കുകൂടി ഇവർ സമയം കണ്ടെത്തുന്നത്. കോവിഡ് കാലത്ത് വലിയ സേവനമാണ് ട്രൈബൽ പ്രമോട്ടർമാർ നിർവഹിക്കുന്നത്. വാർഡ്തല സമിതി, കോവിഡ് കൺട്രോൾ റൂം, സി.എഫ്.എൽ.ടി.സി തുടങ്ങി എല്ലാ രംഗത്തും ഇവരുടെ സേവനം ഉണ്ട്. തനത് ഭാഷയിൽ ആദിവാസികളെ ബോധവത്കരിക്കാനും ഇവർക്ക് കഴിയുന്നു.
വയനാട് ജില്ലയിൽ 345ലധികം പ്രമോട്ടർമാരുണ്ട്. മാനന്തവാടി താലൂക്കിൽ മാത്രം 140 പ്രമോട്ടർമാർ ജോലി ചെയ്യുന്നു. കോവിഡ് ഒന്നാം തരംഗം ആദിവാസി കോളനികളെ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാൽ, രണ്ടാം തരംഗത്തിൽ ഭീതിപ്പെടുത്തുംവിധം കോളനികളിൽ രോഗം പടരുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിരവധി കോളനികൾ ക്ലസ്റ്ററുകളാണ്. അടിസ്ഥാനസൗകര്യങ്ങൾ കുറഞ്ഞ കോളനികളിൽ പോസിറ്റിവ് രോഗികളെയും ക്വാറൻറീനിൽ കഴിയുന്നവരെയും ശ്രദ്ധിക്കുക എന്ന വലിയ ഉത്തരവാദിത്തം പ്രമോട്ടർമാരെ വലക്കുന്നുണ്ട്. കൃത്യമായി സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ രോഗികളടക്കം പുറത്തിറങ്ങാനും സാധ്യതയുണ്ട്. ട്രൈബൽ പ്രമോട്ടർമാർക്ക് കോവിഡ് പ്രതിരോധപ്രവർത്തനം കേവല ജോലിയല്ല; സേവനവഴി കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.