നി​ർ​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്‍റെ രൂ​പ​രേ​ഖ

വെള്ളമുണ്ട പഞ്ചായത്ത് ഓഫിസ് പുതിയ കെട്ടിടത്തിന് രൂപരേഖയായി

വെള്ളമുണ്ട: ഏറെ കാലത്തെ വിവാദങ്ങൾക്കൊടുവിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്‍റെ സ്വപ്ന പദ്ധതിയായ ഓഫിസ് നിർമാണത്തിന്‍റെ രൂപരേഖ പൂർത്തിയാക്കി പ്രാഥമിക നിർമാണ പ്രവൃത്തികൾ തുടങ്ങി. പുതിയ ഓഫിസ് കെട്ടിടം നിർമിക്കുന്ന സ്ഥലത്തേക്കുള്ള റോഡ് നിർമാണമാണ് ആരംഭിച്ചത്.

22,000 ചതുരശ്ര അടിയിൽ മൂന്നുനില കെട്ടിടത്തിന്‍റെ രൂപരേഖയാണ് തയാറാക്കിയിരിക്കുന്നത്. 20 മാസംകൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വൈസ് പ്രസിഡന്‍റ് ജംഷീർ കുനിങ്ങാരത്ത് പറഞ്ഞു. പദ്ധതിക്കായി പഴയ ഷെഡ് കെട്ടിടം പൊളിച്ചാണ് റോഡ് നിർമാണം നടത്തിയത്. കഴിഞ്ഞ ഭരണസമിതി തുടക്കംകുറിച്ച പദ്ധതി പുതിയ സ്ഥലത്തേക്ക് റോഡ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നാണ് അന്ന് നിലച്ചത്.

പഞ്ചായത്തിന് സൗജന്യമായി ലഭിച്ച 35 സെന്‍റ് സ്ഥലത്താണ് പുതിയ ഓഫിസ് കെട്ടിടം ഉയരുക. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പദ്ധതി രൂപവത്കരിച്ചതെങ്കിലും നിർമാണ പ്രവൃത്തി തുടങ്ങാൻ കഴിഞ്ഞിരുന്നില്ല.

തോലൻ ആയിഷയും മക്കളും കുടുംബസ്വത്തിൽനിന്നും15 സെന്‍റ് സ്ഥലമാണ് ആദ്യം യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് രജിസ്റ്റർ ചെയ്തു നൽകിയത്. തുടർന്നുവന്ന ഇടതുഭരണ സമിതി 10 സെന്‍റിൽ പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ചതോടെ 20 സെന്‍റ് സ്ഥലംകൂടി സൗജന്യമായി വിട്ടുനൽകുകയായിരുന്നു. ഏകദേശം ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്ഥലമാണ് സൗജന്യമായി ഇവർ പഞ്ചായത്തിന് വിട്ടുനൽകിയത്.

ഈ സ്ഥലത്ത് പുതിയ ഓഫിസ് കെട്ടിടവും റോഡും നിർമിക്കാനുള്ള പ്രാരംഭ നടപടികളെല്ലാം പൂർത്തിയായിട്ടുണ്ട്. ഒന്നരക്കോടിയുടെ പദ്ധതിക്കും പഞ്ചായത്ത് ഭരണസമിതി രൂപം നൽകി. സ്ഥലം രജിസ്റ്റർ ചെയ്യുമ്പോൾ പഞ്ചായത്ത് സെക്രട്ടറിയും സ്ഥലം ഉടമയുമായി ഉണ്ടാക്കിയ എഗ്രിമെന്‍റ് പ്രകാരം സ്ഥലമുടമക്കുകൂടി ഉപയോഗിക്കാനാവുന്ന വിധം വഴി നിർമിക്കുമെന്ന് വ്യവസ്ഥ വെച്ചിരുന്നു.

മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാത്തതിനെതിരെ ഉടമ അന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് വക്കീൽ നോട്ടീസയക്കുകയും സ്ഥലം തിരിച്ചുനൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പു വരുകയും ഇടതുപക്ഷം അധികാരത്തിൽ വരുകയും ചെയ്തു. പുതിയ ഭരണസമിതി ഇടപെട്ട് വഴി നിർമിക്കുന്നതിന് തടസ്സമായിനിന്ന പഞ്ചായത്ത് ഓഫിസിനോട് ചേർന്നുള്ള വിവാദ ഷെഡ് പൊളിക്കുകയും തുടർ നടപടിയുമായി മുന്നോട്ടുപോവുകയുമായിരുന്നു. എന്നാൽ, റോഡിന്‍റെ തുടക്ക ഭാഗത്ത് സർവിസ് സഹകരണ ബാങ്കിന്‍റെ സ്ഥലമായതിനാൽ ബാങ്ക് ഭരണസമിതിയുടെ അനുവാദംകൂടി ലഭിച്ചാലേ റോഡ് വീതിയാക്കാൻ കഴിയുകയുള്ളൂ.

Tags:    
News Summary - Vellamunda Panchayat Office new building designed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.