വെള്ളമുണ്ട: തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ അവസാന ദിവസങ്ങളിലേക്ക് കടന്നിട്ടും ആരവങ്ങളറിയാതെ വനാശ്രിത ഗ്രാമങ്ങൾ. ടൗണുകളിലും സമീപ ഗ്രാമങ്ങളിലും വലിയ തോതിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും വനത്തോട് ചേർന്ന കോളനികളിലും മലമുകൾ പ്രദേശങ്ങളിലും താമസിക്കുന്നവരിൽ പലരും തെരഞ്ഞെടുപ്പു ആരവങ്ങളൊന്നുമറിയാതെ പതിവുജീവിതം നയിക്കുകയാണ്. വെള്ളമുണ്ട പഞ്ചായത്തിലെ വാളാരംകുന്ന്, നെല്ലിക്കച്ചാൽ, പെരുംകുളം തുടങ്ങിയ കോളനി പ്രദേശങ്ങൾ ഇതിന് ഉദാഹരണമാണ്. തൊണ്ടർനാട് പഞ്ചായത്തിലും ഇത്തരത്തിൽ നിരവധി കോളനികളുണ്ട്. ചില പാർട്ടികളുടെ പോസ്റ്റർ പതിക്കുകയല്ലാതെ മറ്റൊരു തെരഞ്ഞെടുപ്പ് പ്രചാരണവും ഇവിടങ്ങളിലില്ല. വാളാരംകുന്ന് കോളനിയിൽ വോട്ടർ പട്ടികയിൽ പേരുചേർക്കൽ പോലും കാര്യക്ഷമമായി നടന്നില്ല. മറ്റ് കോളനികളിലും ഇതാണ് അവസ്ഥ.
വാഹനസൗകര്യമുള്ള റോഡില്ലാത്തതാണ് ഇത്തരം പ്രദേശങ്ങൾ അവഗണിക്കപ്പെടാൻ ഇടയാക്കുന്നത്. പ്രാദേശിക പാർട്ടി നേതൃത്വങ്ങൾ പോലും വോട്ട് ചോദിച്ച് എത്തിയിട്ടില്ലെന്ന് ബാണാസുര മലമുകളിലെ ആദിവാസികൾ പറയുന്നു. കടുത്ത ചൂടുകാരണം പ്രവർത്തനങ്ങൾ വിപുലീകരിക്കാനാവാതെ പ്രയാസത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. പ്രാദേശിക തെരഞ്ഞെടുപ്പല്ലാത്തതിനാൽ അവസാന ദിവസം വോട്ടിങ് സ്ലിപ്പ് നൽകാൻ ആരെങ്കിലും എത്താറാണ് പതിവ്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി ഇത്തരം പ്രദേശങ്ങളിൽ ബി.ജെ.പി പ്രവർത്തനങ്ങൾ സജീവമാക്കിയതായും നാട്ടുകാർ പറയുന്നു. അടിസ്ഥാന ജീവിത പ്രശ്നങ്ങൾ പോലും പരിഹരിക്കപ്പെടാതെ ഇത്തരം നൂറുകണക്കിന് കോളനികൾ ഒറ്റപ്പെട്ട് കഴിയുന്നുണ്ട്. നിരവധി പേരാണ് ഇവിടങ്ങളിൽ പരാധീനതകൾക്ക് നടുവിലുള്ളത്. മത്സരിക്കുന്നത് ദേശീയ നേതാക്കളാണെങ്കിലും ഇത്തരം കേന്ദ്രങ്ങളിൽ രാഷ്ട്രീയക്കാർ കാര്യമായി പ്രചാരണത്തിന് എത്താറില്ല. ഇതിനാൽ തന്നെ തെരഞ്ഞെടുപ്പു വേളകളിലും ഇത്തരം പ്രദേശങ്ങൾ ചർച്ചകളിൽ പോലും വരുന്നില്ല.
പ്രാദേശിക പാർട്ടി നേതൃത്വങ്ങൾ വോട്ട് ചോദിച്ച് എത്തിയിട്ടില്ലെന്ന്ബാ ണാസുര മലമുകളിലെ ആദിവാസികൾ പറയുന്നു. അടിസ്ഥാന ജീവിത പ്രശ്നങ്ങൾ പോലും പരിഹരിക്കപ്പെടാതെ നൂറുകണക്കിന് കോളനികൾ ഒറ്റപ്പെട്ട് കഴിയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.