വെളളമുണ്ട: റോഡ് നിർമാണത്തിന്റെ പേരിൽ മുടങ്ങിയ കുടിവെള്ള പദ്ധതി പുനഃസ്ഥാപിച്ചിട്ടും ഉപകാരമില്ല. വെള്ളമുണ്ട പഞ്ചായത്തിലെ പ്രധാന പദ്ധതിയായ പുളിഞ്ഞാൽ കുടിവെള്ള പദ്ധതിയാണ് രണ്ടു വർഷത്തിലധികമായി പ്രവർത്തനം ഇഴയുന്നത്. വെള്ളമുണ്ട, പുളിഞ്ഞാൽ റോഡ് നിർമാണത്തിനായി രണ്ടു വർഷം മുമ്പ് മാസങ്ങളോളം പദ്ധതിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിയിരുന്നു.
വലിയ പ്രതിഷേധം ഉയർന്നതോടെ പ്രവർത്തനം പുനഃസ്ഥാപിച്ചു. എന്നാൽ, ജലജീവൻ കുടിവെള്ള പദ്ധതിക്ക് പൈപ്പിടൽ തുടങ്ങിയതോടെ നിലവിലെ പദ്ധതിയുടെ പൈപ്പ് നിരന്തരമായി പൊട്ടി കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം താളംതെറ്റുകയാണ്. ഇതോടെ കടുത്തവേനലിൽ കുടിവെള്ളത്തിന് ആശ്രയമായി പദ്ധതി പ്രതീക്ഷിച്ചിരിക്കുന്ന കുടുംബങ്ങൾ ദുരിതത്തിലായി. റോഡ് നിർമാണത്തിലെ അലംഭാവമാണ് കുടിവെള്ള പദ്ധതി മുടങ്ങാനിടയാക്കിയത്.
വെള്ളമുണ്ട പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി 2000 ത്തോളം ഉപഭോക്താക്കളുള്ള ബൃഹത് പദ്ധതിയാണിത്. എന്നാൽ, പുളിഞ്ഞാൽ റോഡ് നിർമാണം തുടങ്ങിയ ശേഷം പകുതിയോളം കുടുംബങ്ങൾക്ക് വെള്ളം ലഭിക്കുന്നില്ല. കഴിഞ്ഞ 15 ദിവസത്തിനിടയിൽ അഞ്ചു തവണ പൈപ്പ് പൊട്ടി വെള്ളം നിലച്ചതായി നാട്ടുകാർ പറയുന്നു. നിലവിലെ കുടിവെള്ള പദ്ധതി തകർത്ത് പുതിയ പദ്ധതി തയാറാക്കുന്ന നിലപാടാണുണ്ടാകുന്നതെന്ന് നാട്ടുകാർ പറയുന്നു.
ബാണാസുര മലയിലെ പ്രകൃതിദത്ത നീർച്ചാൽ ഉപയോഗിച്ച് രണ്ട് പതിറ്റാണ്ടു മുമ്പ് ആരംഭിച്ച പദ്ധതി നേരത്തേ കടുത്ത വേനലിലടക്കം നന്നായി പ്രവർത്തിച്ചിരുന്നു. പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളടക്കം വെള്ളത്തിന് ആശ്രയിച്ചിരുന്ന പദ്ധതിയാണ് ഇപ്പോൾ ആർക്കും ഉപകാരമില്ലാതെ നശിക്കുന്നത്.
പുൽപള്ളി: വേനൽ രൂക്ഷമായതോടെ ജില്ലയിലെ ജലസ്രോതസ്സുകൾ മിക്കതും വറ്റിത്തുടങ്ങി. ജില്ലയിലെ പ്രധാന നദിയായ കബനി ഉൾപ്പെടെ നദികളിലെല്ലാം വെള്ളം വറ്റി. തോടുകളിലും കുളങ്ങളിലുമെല്ലാം ഇതു തന്നെയാണ് അവസ്ഥ. രൂക്ഷമായ വരൾച്ചയിൽ പുൽപള്ളി മേഖലയിലെ കുളങ്ങളും ചെക്കുഡാമുകളും വറ്റി.
മുള്ളൻകൊല്ലി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ജലസേചന ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന കുളങ്ങൾ വറ്റിയത് കൃഷിയെ ദോഷകരമായി ബാധിച്ചു. കടമാൻതോടിനോട് ചേർന്നുള്ള കൃഷിയിടങ്ങളിലെ കുളങ്ങളാണ് വറ്റിയവയിൽ ഏറെയും. ചേലൂർ, മരക്കടവ്, പട്ടാണിക്കൂപ്പ്, പെരിക്കല്ലൂർ ഭാഗങ്ങളെല്ലാം കിണറുകളിൽ നല്ലൊരു പങ്കും വറ്റിക്കഴിഞ്ഞു. സമീപകാലത്ത് കടമാൻതോട്ടിലെ നീരൊഴുക്കും നിലച്ചു. ഇതോടെയാണ് കുളങ്ങളിലും കിണറുകളിലുമെല്ലാം വെള്ളം താഴ്ന്നത്. കവുങ്ങും തെങ്ങും അടക്കമുള്ള കൃഷികൾ പലരും സംരക്ഷിച്ചിരുന്നത് ജലസേചന സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു.
വേനൽ തീരാൻ ഇനിയും രണ്ടു മാസം ബാക്കിനിൽക്കേ ശക്തമായ വേനൽമഴ ലഭിച്ചില്ലെങ്കിൽ കൃഷിയാകെ നശിക്കുമെന്ന സ്ഥിതിയാണ്. കാർഷികവിളകൾ പലതും കരിഞ്ഞു തുടങ്ങി. കൃഷി സംരക്ഷണത്തിന് പുൽപള്ളി മേഖലയിൽ പദ്ധതികളൊന്നുമില്ല. മുള്ളൻകൊല്ലിയിൽ ജലക്ഷാമം രൂക്ഷമായതോടെ പലയിടങ്ങളിലും വാഹനങ്ങളിൽ വെള്ളം വിതരണം ആരംഭിച്ചു.
ഇരുളം: മിച്ചഭൂമിക്കുന്നിൽ കുടിവെള്ളക്ഷാമം രൂക്ഷം. ഇരുളം ടൗണിനോട് ചേർന്നുള്ള ജനവാസ കേന്ദ്രത്തിൽ വെള്ളമില്ലാത്തത് ജനത്തെ ദുരിതത്തിലാക്കുന്നു. ഉയർന്ന പ്രദേശമാണ് ഇരുളം മിച്ചഭൂമിക്കുന്ന്.
പ്രദേശത്ത് സാധാരണ കിണറുകൾ കുഴിച്ചാൽ വെള്ളം ലഭിക്കാറില്ല. കുഴൽ കിണറുകളിൽ പോലും വെള്ളം ഇല്ലാതായി. ജലനിധി പദ്ധതിയിൽനിന്നുള്ള വെള്ളവും ഇവിടെ ലഭിക്കാറില്ല.
പ്രദേശത്ത് ജലനിധി പദ്ധതിയുടെ കണക്ഷനുകളിലും വെള്ളമില്ല. ഒരു വർഷം മുമ്പ് ജലവിതരണം നിലച്ചതാണ്. ഇത് പുനഃ സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ പഞ്ചായത്ത് കൈക്കൊണ്ടിട്ടില്ല. പ്രദേശത്ത് ഇരുപതോളം കുടുംബങ്ങളാണ് വെള്ളം കിട്ടാതെ ദുരിതത്തിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.