വെള്ളമുണ്ട: എന്റെ വീടിന്റെ പണം ആരാണ് വാങ്ങിയത്? ശാന്ത എന്ന ആദിവാസി സ്ത്രീയുടെ ചോദ്യം അധികൃതരോടാണ്. തൊണ്ടനാട് പഞ്ചായത്തിലെ കുഞ്ഞോം പണിയ കോളനിയിലെ ശാന്തയും കുടുംബവും കാറ്റടിച്ചാൽ പറന്നുപോകുന്ന കൂരയിലാണ് താമസം. ഒരുപതിറ്റാണ്ടിലധികമായി ഓഫിസുകൾ കയറിയിറങ്ങിയിട്ടും വീട് ലഭിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു.
‘നിങ്ങളുടെ വീടിന്റെ പണം നിങ്ങൾ വാങ്ങിയിട്ടുണ്ട്’ എന്നാണത്രെ അധികൃതരുടെ നിലവിലെ മറുപടി. എന്നാൽ, വീടിനുവേണ്ടി ഒരു പൈസയും എവിടെ നിന്നും വാങ്ങിയിട്ടില്ലെന്നാണ് ഈ വീട്ടമ്മ പറയുന്നത്. താൻ അറിയാതെ തന്റെ വീടിന്റെ പണം മറ്റൊരാൾ വാങ്ങുന്നതെങ്ങനെ എന്ന ചോദ്യത്തിനും മറുപടി ഇല്ല.
ശാന്തയും ഭർത്താവ് ബാലനും കിടന്നുറങ്ങുന്നത് പ്ലാസ്റ്റിക് കൂരയിലാണ്. ഉള്ള കൂര വൃത്തിയും വെടിപ്പുമായി സൂക്ഷിച്ചത് കാണാനും കഴിയും. ശാന്തയുടെ മൂത്ത മകന് വീട് അനുവദിച്ചിട്ടുണ്ടെങ്കിലും അവനും കുടുംബവും മറ്റൊരിടത്താണ് താമസം. ആദ്യ ഭർത്താവ് രോഗിയായി കിടന്നാണ് മരിച്ചത്.
ആ കാലം മുതൽ അടച്ചുറപ്പുള്ള ഒരു വീടിനുവേണ്ടി ശാന്ത കയറിയിറങ്ങാത്ത ഓഫിസുകളില്ല. കഴിഞ്ഞവർഷം വരെ വീട് പാസായി എന്ന് മറുപടി നൽകിയ അധികൃതർ ഇത്തവണ വിചിത്രമായ മറുപടിയാണ് നൽകുന്നതെന്നും ശാന്ത പറയുന്നു.
വീടിന് അനുവദിച്ച പണം ബാങ്കിൽ നിന്ന് വാങ്ങിയിട്ടുണ്ടെന്നാണ് പറയുന്നതെന്നും എന്നാൽ, പശു ഉണ്ടായിരുന്ന സമയത്തെ പാലിന്റെ പണം മാത്രമാണ് വാങ്ങിയതെന്നും ഇവർ പറയുന്നു. എവിടെയാണ് കുരുക്കെന്ന് അറിയാൻ പലതവണ ശ്രമിച്ചെങ്കിലും അനുകൂലമായ ഒരു നടപടിയും എവിടെ നിന്നും ഉണ്ടാവാത്തതിന്റെ നിരാശയിലാണ് ഈ വീട്ടമ്മയും കുടുംബവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.