വൈത്തിരി: കെ.എസ്.ആർ.ടി.സി ബസ് വയനാട് ചുരത്തിൽ നിയന്ത്രണംവിട്ടു. സുരക്ഷാഭിത്തിയിലുരസി നിന്ന ബസ് മറിഞ്ഞേക്കുമെന്ന പേടിയിൽ ധിറുതിയിൽ ഇറങ്ങിയ യാത്രക്കാരിൽ ഒരാൾ കൊക്കയിൽ വീണു പരിക്കേറ്റു. ആലുവ സ്വദേശിയും പൂക്കോട് വെറ്ററിനറി സർവകലാശാല ജീവനക്കാരനുമായ ഷാജിക്കാണ് (50) പരിക്കേറ്റത്.
ബുധനാഴ്ച രാവിലെ ആറരക്ക് എട്ടാം വളവിനു സമീപം കോഴിക്കോട്ടുനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതുകൊണ്ടോ മറ്റോ നിയന്ത്രണംവിട്ട ബസ് റോഡിൽനിന്നും മാറി സുരക്ഷാഭിത്തിയോട് ചേർന്ന് നിന്നു. ഇരുട്ടിൽ ബഹളം കേട്ടുണർന്ന യാത്രക്കാർ പുറത്തേക്കുകടക്കാൻ തുടങ്ങി. പിൻവാതിൽ ഭിത്തിയോട് ചേർന്നായിരുന്നതിനാൽ യാത്രക്കാർ പെട്ടെന്നിറങ്ങി.
ഷാജിയും ഏതാനും യാത്രക്കാരും മുൻവാതിലിലൂടെയായിരുന്നു ഇറങ്ങിയത്. ഇവിടെ ഭിത്തി പൊളിഞ്ഞ ഭാഗത്തേക്ക് കാല് വെച്ചതും ഷാജി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. മുപ്പതടിയോളം താഴെയെത്തിയ ഇദ്ദേഹം വളരെ ക്ലേശിച്ചാണ് തിരികെ റോഡിലെത്തിയത്. ഇതിനിടെ ഒന്നു രണ്ടുപേർ താഴെയിറങ്ങി കയറാൻ സഹായിച്ചു. കൈക്കും കാലിനും പരിക്കേറ്റ ഷാജി വൈത്തിരി ടൗണിലിറങ്ങിയ ശേഷം സുഹൃത്തിന്റെ കൂടെ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. കോഴിക്കോട് ഡിപ്പോയിൽനിന്നുള്ള ബസാണ് അപകടത്തിൽപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.