വൈത്തിരി: വൈത്തിരി തളിപ്പുഴയിൽ ദേശീയപാതയിൽ രണ്ടിടത്തുണ്ടായ വാഹനാപകടങ്ങളിൽ വിദ്യാർഥികളടക്കം ആറുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരു സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്.
വെള്ളിയാഴ്ച ഉച്ചക്ക് 12ന് ഗാന്ധിഗ്രാമത്തിനു സമീപം കെ.എസ്.ആർ.ടി.സി ബസ്സ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. ലക്കിടി ഓറിയെന്റൽ കോളജ് വിദ്യാർഥികളായ തൊടുപുഴ സ്വദേശി ആൽബർട്ട് (21), കോട്ടയം സ്വദേശി ജിബിൻ സെബാസ്റ്റ്യൻ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വൈത്തിരി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട്ടു നിന്നു മൈസൂരിവിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ്സാണ് ബൈക്കിലിടിച്ചത്. ഇതിനു തൊട്ടടുത്ത വളവിൽ വൈകീട്ട് അഞ്ചിന് മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ കേണിച്ചിറ സ്വദേശികളായ സന്ദീപ് (34), മാതാവ് സുജാത (61), സഹോദരി സൗമ്യ (37) എന്നിവർക്ക് പരിക്കേറ്റു. മൂന്നു പേരെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ സൗമ്യയുടെ പരിക്ക് ഗുരുതരമാണ്.
സുജാതയെ കോഴിക്കോട് ആശുപത്രിയിൽ കാണിച്ചു വരുന്നതിനിടെ ഇവരുടെ കാർ റോഡിൽനിന്നു തെന്നി എ.ടി.എമ്മിലേക്കുള്ള പണവുമായി പോകുന്ന വാനിലിടിക്കുകയായിരുന്നു. വാനിന്റെ പുറകിലായി കെ.എസ്.ആർ.ടി.സി ബസ്സും ഇടിച്ചു. കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. വാനിലുണ്ടായിരുന്ന കോഴിക്കോട് പെരുമണ്ണ സ്വദേശി അഫാഫിനും (23) പരിക്കേറ്റു. ഇദ്ദേഹത്തെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.