വൈത്തിരി: വയനാട് ചുരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി നിർദേശിക്കപ്പെട്ട തളിപ്പുഴ-മരുതിലാവ്-ചിപ്പിലിത്തോട് ബൈപാസ് റോഡ് പ്രാവർത്തികമാക്കുക, ജില്ലയിലേക്കുള്ള ബദൽ റോഡുകളുടെ പ്രവൃത്തി ഉടൻ തുടങ്ങുക, ചുരം വളവുകൾ അടിയന്തരമായി വീതി കൂട്ടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൽപറ്റ നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചുരം പ്രക്ഷോഭ യാത്രക്ക് അഡ്വ. ടി സിദ്ദീഖ് എം.എൽ.എ നേതൃത്വം നൽകി.
ജില്ല കവാടമായ ലക്കിടി മുതൽ അടിവാരം വരെ12 കി.മീറ്റർ പദയാത്രക്ക് നൂറുകണക്കിനാളുകൾ പങ്കാളികളായി. കൽപറ്റ നിയോജകമണ്ഡലത്തിലുള്ള വിവിധ പഞ്ചായത്തുകളിൽനിന്നും പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിൽ നിന്നും പ്രവർത്തകർ കൂട്ടമായെത്തി. 9.45നു ലക്കിടിയിൽ നിന്നും ആരംഭിച്ച പദയാത്ര രണ്ടു മണിയോടെ അടിവാരത്തെത്തി. ചുരത്തിലൂടെ കടന്നു പോകുന്ന വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കാതെയാണ് പദയാത്ര ചുരമിറങ്ങിയത്.
ഇരു ജില്ലകളിലെയും യു.ഡി.എഫ് ഘടകകക്ഷി നേതാക്കന്മാർ ജാഥയിൽ പങ്കെടുത്തു. ബൈപാസ് റോഡ് തുടങ്ങുന്ന ചിപ്പിലിത്തോട് വെച്ച് യു.ഡി.എഫ് കോഴിക്കോട് ജില്ല കമ്മിറ്റി ജാഥക്ക് സ്വീകരണം നൽകി.
രാവിലെ ലക്കിടിയിൽ ചേർന്ന പരിപാടിയിൽ കെ. മുരളീധരൻ എം.പി ജാഥ ഉദ്ഘാടനം ചെയ്തു. വ്യോമ, റെയിൽ, ജല ഗതാഗതങ്ങളില്ലാത്ത വയനാട് ജില്ലയുടെ പുരോഗതിക്കു തടസ്സം നിൽക്കുകയാണ് പിണറായി വിജയനെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ജില്ലയെ അമ്പത് കൊല്ലം പിറകോട്ടടിപ്പിക്കുന്ന സമീപനമാണ് ഇന്നത്തെ സർക്കാറിൽ നിന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജനകീയ സമരം കണ്ടില്ലെന്നു നടിച്ചാൽ വരും ദിവസങ്ങളിൽ ബദൽ റോഡുകൾ യാഥാർഥ്യമാകുന്നതുവരെ സെക്രട്ടേറിയറ്റിലടക്കം പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രകടനത്തിന് മുന്നോടിയായി ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.