വൈത്തിരി: പ്രളയദുരന്തത്തിനും കോവിഡിനും ശേഷമുണ്ടായ മാന്ദ്യത്തെ അതിജീവിച്ച് ഉണർന്ന ടൂറിസം മേഖലയായ ജില്ലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് മുൻവർഷങ്ങളെ അപേക്ഷിച്ചു 2023ൽ വളരെ ഉയർന്ന നിലയിൽ. വാരാന്ത്യങ്ങളിലും അവധിക്കാലത്തും ജില്ലയിലേക്ക് ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തിക്കൊണ്ടിരുന്നത്. ഇതോടൊപ്പം തന്നെ വാഹനബാഹുല്യം മൂലമുള്ള തിരക്കും ചുരം റോഡുകളിലെ അപകടങ്ങളും വാഹനം വഴിയിൽ നിലച്ചുപോകുന്നതും മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കും നിത്യസംഭവമായി.
തെക്കു ഭാഗത്തുനിന്നും ജില്ലയിലേക്കുള്ള ഏകഗതാഗത മാർഗമായി ഉപയോഗപ്പെടുത്തുന്ന വയനാട് ചുരം റോഡിലൂടെയുള്ള സഞ്ചാരം ഏറെ ദുഷ്കരം. വർഷത്തിന്റെ എറിയഭാഗവും ഒന്നല്ലെങ്കിൽ മറ്റൊരു കാരണം കൊണ്ട് ചുരത്തിൽ ബ്ലോക്കിന്റെ കാലമായിരുന്നു.
വയനാട് ചുരം എന്നാൽ ‘ബ്ലോക്ക്’ എന്ന അർഥതലത്തിലേക്ക് സംഗതികൾ എത്തിയപ്പോൾ ഗതാഗതകുരുക്കിൽപെട്ട് വലയാൻ തയാറാകാതെ മറ്റിടങ്ങളിലേക്ക് യാത്ര മാറ്റിയവരും ഏറെ. നാലും അഞ്ചും എട്ടും മണിക്കൂറുകൾ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോലുമാകാതെ ചുരത്തിൽ കുടുങ്ങിയ സ്ത്രീകളും കുട്ടികളുമടങ്ങിയവരുടെ ദൈന്യ വാർത്തകൾ സ്ഥിരമായിരുന്നു.
എന്നാൽ, ഇതിലൊന്നും അധികൃതർ തങ്ങൾക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന നിലപാടിലായിരുന്നു. ചുരത്തിനു ബൈപാസ് ആയി നിർദേശിക്കപ്പെട്ട ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡിനു വേണ്ടി ആക്ഷൻ കമ്മിറ്റിയും അതോടൊപ്പം മറ്റു സംഘടനകളും പോയ വർഷത്തിൽ നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയെങ്കിലും എല്ലാം വനരോദനമായി മാറി.
പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ റോഡിന്റെ കാര്യത്തിലും ഏകദേശം ഇതേ അവസ്ഥയാണ്. സമരങ്ങളും പ്രക്ഷോഭങ്ങളും ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും പരിഹാരം ഏറെ അകലെയാണ്. ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതക്കു ചില ചലനങ്ങളൊക്കെ നടക്കുന്നുണ്ടെങ്കിലും ഇത് ചുരത്തിനു ബദലാകുകയുമില്ല എന്നതിനപ്പുറം എപ്പോൾ യാഥാർഥ്യമാകുമെന്നും ഒരൂഹവുമില്ല.
ബദൽ റോഡുകൾ പോയിട്ട് കുടുങ്ങിപ്പോകുന്നതും അപകടത്തില്പെടുന്നതുമായ വാഹനങ്ങൾ മാറ്റിയിടുവാൻ ഉതകുന്ന ഒരു മുഴുവൻ സമയ ക്രെയിൻ ചുരത്തിൽ നിർത്തിയിടുമെന്നു പ്രസ്താവനകൾ വന്നതല്ലാതെ ഒന്നും നടന്നില്ല. പോയ വർഷത്തിൽ നിരവധി അപകടങ്ങളാണ് ചുരം റോഡുകളിലുണ്ടായിട്ടുണ്ട്. നിരവധി ജീവനുകളും നഷ്ടപ്പെട്ടു. പലതും അധികൃതരുടെ ഉത്തരവാദിത്തമില്ലായ്മയും അശ്രദ്ധയും മൂലമുണ്ടായതായിരുന്നു.
കേരളത്തിൽ ഇപ്പോൾ ടൂറിസ്റ്റുകൾ കൂടുതലെത്തുന്നത് വയനാട്ടിലേക്കാണ്. ഇനിയും അത് വർധിക്കും. വരുമാനവും വർധിക്കും. ജില്ലയിലേക്കുള്ള ഗതാഗത സൗകര്യങ്ങൾ പക്ഷെ, മെച്ചപ്പെടുത്താൻ ആർക്കും താല്പര്യമില്ലെന്നാണ് വാസ്തവം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.