വൈത്തിരി: സംസ്ഥാനത്തെവിടെയും ഓടിക്കാൻ പെർമിറ്റുള്ള ഇലക്ട്രിക് ഓട്ടോകളുടെ വർധന മറ്റ് ഓട്ടോ തൊഴിലാളിയുടെ വയറ്റത്തടിക്കുന്നു. ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെവിടെയും ട്രിപ്പ് നടത്താനുള്ള പെർമിറ്റ് നൽകുന്നത്.
ആവശ്യത്തിന് ഓട്ടം കിട്ടാതായപ്പോൾ ഓട്ടോതൊഴിലാളികളുടെ അഭ്യർഥന പ്രകാരം വൈത്തിരി പഞ്ചായത്ത് മോട്ടോർ വാഹന വകുപ്പുമായി ചർച്ച ചെയ്ത ശേഷം പുതിയ പെർമിറ്റ് നൽകുന്നത് വർഷങ്ങൾക്കു മുമ്പെ നിർത്തിവെച്ചതാണ്. വൈത്തിരിയിൽ ആവശ്യത്തിന് പാർക്കിങ് സ്ഥലം ഇല്ലാത്തതും ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനമെടുത്തത്.
പ്രളയവും കോവിഡ് ദുരന്തവും കഴിഞ്ഞ് ഓട്ടോക്കാർക്ക് വേണ്ടത്ര സർവിസ് കിട്ടാതെ വിഷമിക്കുന്നതിനിടയിലാണ് ഇലക്ട്രിക് ഓട്ടോകളുടെ വരവ്. കൂനിന്മേൽ കുരുവെന്ന പോലെ വൈത്തിരിയിൽ ഓട്ടോറിക്ഷ തൊഴിലാളികൾ ഇപ്പോൾ ഏറെ പ്രയാസപ്പെടുകയാണ്. ഈ പ്രതിസന്ധിയിൽനിന്ന് കരകയറാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ-ടാക്സി കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും നിവേദനം നൽകിയിരിക്കുകയാണ്. ഇലക്ട്രിക് ഓട്ടോകളുടെ വർധന ഇപ്പോൾ അനുവദിക്കപ്പെട്ട സ്റ്റാൻഡുകളിൽ പാർക്കിങ്ങിനെയും ബാധിച്ചിട്ടുണ്ട്. കോഓഡിനേഷൻ കമ്മിറ്റിക്കുവേണ്ടി കെ. അസീസ്, വിജേഷ് മുള്ളൻപാറ, ഹംസ, ടി.കെ. ഷാനിദ്, കൃഷ്ണൻ, ഷംസുദ്ദീൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.