വൈത്തിരി: മഴയൊന്നു തുള്ളിയിട്ടാൽ വൈത്തിരി താലൂക്ക് സപ്ലൈ ഓഫിസിലെ ജീവനക്കാർക്ക് ആധിയാണ്. മഴ തകർത്തുപെയ്താലോ, ജീവനക്കാർക്ക് പിടിപ്പത് 'പുറംപണി' കാണും. ചുവരുകളിൽ വൈദ്യുതി പ്രവഹിക്കും. രേഖകൾ സൂക്ഷിക്കുന്ന മുറിയിലടക്കം വെള്ളം ചോർന്നൊലിക്കും. പിന്നെ ഫയലുകളും കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ജലമുക്തമാക്കണം.
വരാന്തയുടെ അറ്റത്തുള്ള ശൗചാലയത്തിൽ പോകണമെങ്കിൽ കുടചൂടണം. നിലവിൽ ശൗചാലയത്തിനു മുകളിൽ പഴയ ഫ്ലെക്സ് ഷീറ്റ് വലിച്ചുകെട്ടിയതിനാൽ അതിനകത്ത് തൽക്കാലത്തേക്ക് ആശ്വാസമുണ്ട്. ജലവിതരണവും പലപ്പോഴും തടസ്സപ്പെടും. വൃത്തിഹീനമാണ് ശൗചാലയം.
സപ്ലൈ ഓഫിസർ ഇരിക്കുന്ന മുറിയിൽ മേൽഭാഗം പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി അതിെൻറ ഒരറ്റത്ത് ദ്വാരമുണ്ടാക്കി താഴെ ബക്കറ്റുവെച്ചിരിക്കുകയാണ്. മൂന്നു വനിത ജീവനക്കാരടക്കം 12 പേർ ഞെരുങ്ങിയാണ് ഇതിനുള്ളിൽ ജോലി ചെയ്യുന്നത്. റവന്യൂ ഇൻസ്പെക്ടർമാർക്ക് ഓഫിസ് സ്വകാര്യത സൂക്ഷിക്കാൻ കഴിയില്ല. ഓഫിസിലെത്തുന്ന പൊതുജനങ്ങളും അസൗകര്യംകൊണ്ട് ഏറെ പ്രയാസപ്പെടുന്നു.
ഇടുങ്ങിയ കോവണിയും വരാന്തയും കടന്നുവേണം ഓഫിസിലെത്താൻ. നാട്ടുകാരും റേഷൻ വ്യാപാരികളും ഓഫിസിലെത്തിയാൽ വരിയുടെ ഒരറ്റം റോഡിലായിരിക്കും.
അസൗകര്യങ്ങൾ കാരണം കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിക്കാൻ ജീവക്കാർക്കും വിവിധ ആവശ്യങ്ങൾക്കായി ഓഫിസിലെത്തുന്നവർക്കും കഴിയുന്നില്ല. ദശാബ്ദങ്ങൾ പഴക്കമുള്ള ഈ കെട്ടിടത്തിലായിരുന്നു മുമ്പ് പഞ്ചായത്ത് ഓഫിസ്. ഏകദേശം 30 കൊല്ലം മുമ്പാണ് സപ്ലൈ ഓഫിസ് ഇവിടേക്ക് മാറ്റുന്നത്.
ഇതിനുശേഷം ഈ കെട്ടിടത്തിൽ ഒരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. ചുവരിലൂടെ തൂങ്ങിക്കിടന്നിരുന്ന വൈദ്യുതി വയറുകൾ ജീവനക്കാർ സ്വന്തം ചെലവിൽ നന്നാക്കിയെങ്കിലും ഇപ്പോഴും മഴവെള്ളം ഒലിച്ചിറങ്ങിയാൽ ചുവരുകളിൽ ഷോക്കടിക്കും. കെട്ടിടത്തിെൻറ മുകൾ ഭാഗത്തായി ബി.എസ്.എൻ.എല്ലിെൻറ ഒരു കൂറ്റൻ ടവർ സ്ഥാപിച്ചിട്ടുണ്ട്. ഇത് കെട്ടിടത്തിെൻറ ഉറപ്പിന് ഭീഷണിയാണ്.
2018ലെ പ്രളയത്തിൽ കെട്ടിടത്തിെൻറ താഴെയുള്ള കടയുടെ ഒരു തൂൺ അൽപം താഴേക്ക് നീങ്ങിയതായി പറയുന്നു. ഇതുമൂലം കടയുടെ ഷട്ടർ അടക്കാൻ കഴിയില്ല.
വൈത്തിരി പഞ്ചായത്തിെൻറ ഉടമസ്ഥതയിലാണ് സപ്ലൈ ഓഫിസ് നിൽക്കുന്ന കെട്ടിടം. അടിയന്തരമായി കെട്ടിടത്തിെൻറ അറ്റകുറ്റപ്പണികൾ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. വൈത്തിരിയിൽ വരുമെന്ന് ഏറെ കൊട്ടിഘോഷിച്ച മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലേക്ക് സപ്ലൈ ഓഫിസ് മാറ്റാനായിരുന്നു പദ്ധതി. ഇന്നത്തെ അവസ്ഥയിൽ അടുത്ത മൂന്നു വർഷത്തേക്കുപോലും മിനി സിവിൽ സ്റ്റേഷൻ വരുമോ എന്ന് കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.